മെഷീന് പകരം ടിക്കറ്റ് റാക്ക് നല്‍കി; കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറുടെ കൈ ഒടിച്ച് കണ്ടക്ടര്‍ 

കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ഹരിപ്പാട് ഡിപ്പോയിലെ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറുടെ കൈ ഒടിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ഹരിപ്പാട് ഡിപ്പോയിലെ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറുടെ കൈ ഒടിച്ചതായി പരാതി. ഇടതുകൈ ഒടിഞ്ഞ തൃക്കുന്നപ്പുഴ വൃന്ദാവനം  വീട്ടില്‍ ഡി.റെജി(48) ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.  ടിക്കറ്റ് മെഷീന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കണ്ടക്ടര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഹരിപ്പാട്- മലയാലപ്പുഴ ബസിലെ കണ്ടക്ടര്‍ വിജയന്‍പിള്ളയ്ക്ക് എതിരെയാണ് പരാതി. ടിക്കറ്റ് മെഷീനു പകരം റാക്ക് നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ റെജിയുടെ കൈ പിടിച്ചു തിരിക്കുകയായിരുന്നു എന്നാണു പരാതിയില്‍ പറയുന്നത്. മെഷീന്‍ കുറവായതിനാല്‍ കലക്ഷന്‍ കുറവുള്ള റൂട്ടുകളില്‍ ടിക്കറ്റ് റാക്കാണു സാധാരണ നല്‍കുന്നത്. മെഷീന്‍ വേണമെന്നു കണ്ടക്ടര്‍ വാശിപിടിച്ചതാണു തര്‍ക്കത്തിന് കാരണം. 

ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായപ്പോള്‍ കണ്ടക്ടര്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു.  ഇതിനുശേഷം വിജയന്‍പിള്ള മലയാലപ്പുഴ ബസില്‍ ഡ്യൂട്ടിക്കു പോയി. സംഭവത്തില്‍ കെഎസ്ആര്‍ടിസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com