സാജന്റെ ആത്മഹത്യ ഭരണകൂട കൊലപാതകം; കേന്ദ്രം ഇടപെടണം; രാജ്യസഭയിൽ വിഷയമുന്നയിച്ച് കണ്ണന്താനം

ആന്തൂരിൽ പ്രവാസി സംരംഭകന്‍ സാജന്‍ പാറയിൽ ആത്മഹത്യ ചെയ്ത സംഭവം രാജ്യസഭയിൽ ഉന്നയിച്ച് ബിജെപി എംപി അൽഫോൺസ് കണ്ണന്താനം
സാജന്റെ ആത്മഹത്യ ഭരണകൂട കൊലപാതകം; കേന്ദ്രം ഇടപെടണം; രാജ്യസഭയിൽ വിഷയമുന്നയിച്ച് കണ്ണന്താനം

ന്യൂഡൽഹി: ആന്തൂരിൽ പ്രവാസി സംരംഭകന്‍ സാജന്‍ പാറയിൽ ആത്മഹത്യ ചെയ്ത സംഭവം രാജ്യസഭയിൽ ഉന്നയിച്ച് ബിജെപി എംപി അൽഫോൺസ് കണ്ണന്താനം. ആന്തൂരിലെ സാജന്റെ ആത്മഹത്യ  സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ നടന്ന കൊലപാതകമാണെന്ന് കണ്ണന്താനം പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് വിഷയം അവതരിപ്പിച്ചത്.

പ്രവാസികൾ നിക്ഷേപം നടത്തുന്ന സാഹചര്യം സംസ്ഥാന സർക്കാരുകൾ തടയുകയാണെങ്കിൽ അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വലിയ തോതിൽ പിറകോട്ടടിക്കും. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ നിക്ഷേപ സാഹചര്യങ്ങളെയും വ്യാപര സൗഹൃദാന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കുമെന്നും കണ്ണന്താനം പറഞ്ഞു. പ്രവാസി സംരംഭകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു.

അതിനിടെ വിഷയം നീണ്ടുപോയപ്പോൾ അധ്യക്ഷൻ വെങ്കയ്യ നായിഡു ഇടപെട്ടു. സംസ്ഥാന വിഷയം ഇത്തരത്തിൽ സമയമെടുത്ത് പറയേണ്ടതില്ലെന്നും അം​ഗത്തിന് പറയുന്നള്ള കാര്യം വ്യക്തമാക്കിയാൽ മതിയെന്നും പറഞ്ഞു. ഈ ഘട്ടത്തിലാണ് വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com