ഉറപ്പില്ലാത്ത പെട്ടിയില്‍ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് മൃതദേഹം എത്തിച്ചു; തിരിച്ചറിയാൻ പോലും പ്രയാസമെന്ന് ബന്ധുക്കള്‍, ദുര്‍ഗന്ധവും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2019 06:27 AM  |  

Last Updated: 09th July 2019 06:27 AM  |   A+A-   |  

dead

ആലപ്പുഴ: അരുണാചൽപ്രദേശിൽ മരിച്ച ഗ്രഫ് ജീവനക്കാരൻ അനിൽകുമാറിന്‍റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയുമായി ബന്ധുക്കൾ. കൃത്യമായി എംബാം ചെയ്യാതെ ഉറപ്പില്ലാത്ത പെട്ടിയിൽ പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം നാട്ടിലെത്തിച്ചതെന്നും മൃതദേഹം ജീർണ്ണിച്ച അവസ്ഥയിലായിരുന്നെന്നും ബന്ധുക്കൾ‌ ആരോപിച്ചു. ഇത് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് ഇവർ പരാതി നൽകി. 

ആലപ്പുഴ  ചിങ്ങോലി സ്വദേശിയായ അനിൽകുമാർ ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. സൈന്യത്തിന്‍റെ ഭാഗമായ ഗ്രഫ് ജീവനക്കാരനായിരുന്നു അദ്ദേഹം.  ഇന്നലെ രാവിലെ നെടുമ്പാശ്ശേരിയിൽ എത്തിച്ച മൃതദേഹം ഉച്ചയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നു. സംസ്കാര ചടങ്ങിന് മുന്നോടിയായി വസ്ത്രങ്ങൾ മാറ്റുമ്പോഴാണ് മൃതദേഹം ജീ‍ർണ്ണിച്ച അവസ്ഥയിലാണെന്ന് കണ്ടത്. 

കൃത്യമായി എംബാം ചെയ്യാതിരുന്നതാണ് ഇതിന് കാരണമെന്ന് അവർ ആരോപിച്ചു.  ദുർഗന്ധം വമിക്കുന്ന മൃതദേഹം തിരിച്ചറിയാൻ പോലും  പ്രയാസമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെതുടർന്ന് സംസ്കാര ചടങ്ങുകൾ ഏറെ വൈകിയാണ് നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 

ബന്ധുക്കൾ നൽകിയ പരാതി ഡൽഹിയിലെ ഗ്രഫ് ആസ്ഥാനത്തേക്ക് അയക്കുമെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു.