'എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും' ഊണിലും ഉറക്കത്തിലും ഭയപ്പെടുത്തുന്നു; ജീവനൊടുക്കിയാല്‍ ഉത്തരവാദിത്തം പാര്‍ട്ടിക്ക്; ആശ ലോറന്‍സ്

കാസര്‍കോട് മുതല്‍ പാറശാല വരെ മതിലു കെട്ടിയാല്‍ സ്ത്രീശാക്തീകരണമാകില്ല. വനിതകള്‍ക്കു സുരക്ഷിത ജീവിതവും അടിസ്ഥാന സൗകര്യങ്ങളും വേണം
'എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും' ഊണിലും ഉറക്കത്തിലും ഭയപ്പെടുത്തുന്നു; ജീവനൊടുക്കിയാല്‍ ഉത്തരവാദിത്തം പാര്‍ട്ടിക്ക്; ആശ ലോറന്‍സ്


തിരുവനന്തപുരം: മകന്‍ ബിജെപി വേദിയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ സിഡ്‌കോയിലെ കരാര്‍ ജോലിയില്‍ നിന്നു പിണറായി സര്‍ക്കാര്‍ തന്നെ പിരിച്ചുവിട്ടെന്ന് ആരോപണവുമായി മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ്. മറ്റു മാര്‍ഗമില്ലാതെ താനും മകനും ജീവനൊടുക്കിയാല്‍ ഉത്തരവാദിത്തം പാര്‍ട്ടിക്കാണെന്നും മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തില്‍ ആശ വ്യക്തമാക്കി. 

ജോലി നഷ്ടപ്പെട്ടപ്പോള്‍ വ്യവസായ മന്ത്രി ഇപി ജയരാജനെ കണ്ടതായി കത്തില്‍ പറയുന്നു. പരിഹാസവും പുച്ഛവുമായിരുന്നു പ്രതികരണം. പിരിച്ചുവിട്ടതു പാര്‍ട്ടി തീരുമാനമാണെന്നും പറഞ്ഞു. ജീവിക്കാന്‍ അനുവദിക്കില്ല എന്നതാണോ പാര്‍ട്ടി നയം. മകന്‍ ശബരിമല സമരത്തില്‍ പങ്കെടുത്തതിനു ശിക്ഷ കിട്ടിയതു തനിക്കാണ്. 18 വയസ്സായ അവന്‍ സ്വന്തം വിശ്വാസമാണ് അവിടെ പ്രഖ്യാപിച്ചത്, അല്ലാതെ രാഷ്ട്രീയമല്ല. അവന്‍ പോയതു കഞ്ചാവു വില്‍പനക്കാരുടെയോ സ്ത്രീപീഡകരുടെയോ കൂടെയല്ല. ആയിരുന്നെങ്കില്‍ അവനുവേണ്ടി മാത്രം ജീവിച്ച ഈ അമ്മ എന്നെന്നേക്കുമായി വാതില്‍ കൊട്ടി അടയ്ക്കുമായിരുന്നു.

കാസര്‍കോട് മുതല്‍ പാറശാല വരെ മതിലു കെട്ടിയാല്‍ സ്ത്രീശാക്തീകരണമാകില്ല. വനിതകള്‍ക്കു സുരക്ഷിത ജീവിതവും അടിസ്ഥാന സൗകര്യങ്ങളും വേണം. ഒറ്റയ്ക്കു ജീവിക്കുന്ന തന്നെപ്പോലുള്ളവര്‍ അതാണ് ആഗ്രഹിക്കുന്നത്. താങ്ങായി ചാരിനിന്ന മതിലായിരുന്നു തന്റെ ജോലി. അതു പാര്‍ട്ടി തീരുമാനമെന്ന ജെസിബി വച്ച് ഇടിച്ചുനിരത്തി. മുഖ്യമന്ത്രിയെ താനും മകനും മുന്‍പു രണ്ടുതവണ കണ്ടപ്പോഴും അങ്ങേയറ്റം സ്‌നേഹവാത്സല്യമായിരുന്നു. സമയമെടുത്തു പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും സുരക്ഷിതത്വബോധം നല്‍കുകയും ചെയ്തു. പക്ഷേ 'എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും' എന്ന പരസ്യവാചകം ഊണിലും ഉറക്കത്തിലും ഇപ്പോള്‍ തങ്ങളെ ഭയപ്പെടുത്തുന്നു. ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോയ ഒരു സ്ത്രീയെയും മകനെയും ജീവിക്കാന്‍ അനുവദിക്കില്ലെന്നു പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയെന്ന നിലയിലും സിപിഎം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും അതു തിരുത്തണമെന്ന് ആശ കത്തില്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com