അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് യാഥാര്‍ത്ഥ്യമായി, മൂന്നു വിഭാഗത്തിലും സംവരണം

കെഎഎസില്‍ മൂന്നുവിഭാഗത്തിലുമുളള നിയമനങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു
അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് യാഥാര്‍ത്ഥ്യമായി, മൂന്നു വിഭാഗത്തിലും സംവരണം

തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ സംസ്ഥാനത്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് യാഥാര്‍ത്ഥ്യമായി. കെഎഎസില്‍ മൂന്നു വിഭാഗത്തിലുമുളള നിയമനങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഇത് പരിഹരിച്ച് മൂന്നുവിഭാഗത്തിലും സംവരണം ഏര്‍പ്പെടുത്താന്‍ അനുവദിക്കുന്ന പ്രത്യേക ചട്ടങ്ങള്‍ക്ക്  മന്ത്രിസഭ അംഗീകാരം നല്‍കി.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ മൂന്നു വിഭാഗത്തിലുമുളള നിയമനങ്ങള്‍ക്കും സംവരണം വേണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും ആവശ്യം ഉന്നയിച്ചതോടെയാണ് ഇത് തര്‍ക്കവിഷയമായി മാറിയത്. പരീക്ഷ എഴുതി നേരിട്ട് നിയമനം ലഭിക്കുന്നവര്‍ക്ക് മാത്രം സംവരണം മതിയെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍  നിന്നുളള നിയമനത്തിനും സംവരണം ഏര്‍പ്പെടുത്തണമെന്നത് ഉള്‍പ്പെടെയുളള ആവശ്യങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും ഉന്നയിച്ചത്. ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. എജിയുടെ നിര്‍്‌ദേശപ്രകാരമാണ് മന്ത്രിസഭയുടെ തീരുമാനം.

3 വിഭാഗത്തിലും സംവരണം നടപ്പാക്കിയുള്ള സ്‌പെഷല്‍ റൂളിനു പിഎസ്‌സി യോഗം നേരത്തെ അംഗീകാരം നല്‍കിയിരുന്നു. കെഎഎസ് പരീക്ഷയുടെ സ്‌കീം, പിഎസ്‌സിയുമായി ആലോചിച്ചു സര്‍ക്കാര്‍ തീരുമാനിക്കുമെന്നതു മാറ്റി. പകരം സര്‍ക്കാരുമായി ആലോചിച്ചു പിഎസ്‌സി തീരുമാനിക്കും എന്നാക്കി.

കെഎഎസിലേക്കു നേരിട്ടുള്ള നിയമനത്തിനു പ്രായപരിധി 21 - 32. സര്‍വീസിലുള്ള ജീവനക്കാരില്‍ നിന്നുള്ള നിയമനത്തിന് 21 - 40. ഗസറ്റഡ് ഓഫിസര്‍മാരില്‍ നിന്നുള്ള നിയമനത്തിന്റെ പരമാവധി പ്രായപരിധി 50 വയസ്സായിരിക്കും.ഏതെങ്കിലും വിഭാഗക്കാര്‍ക്ക് 50 വയസ്സില്‍ ഇളവ് ലഭിക്കില്ല.

കൊമേഴ്‌സ്യല്‍ ടാക്‌സസ് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍, പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഡിഇഒയുടെ ടിഎ, പിആര്‍ഒ, ജോയിന്റ് ഡയറക്ടര്‍ സ്റ്റാറ്റിസ്റ്റിക്‌സ്, അസിസ്റ്റന്റ് ഡയറക്ടര്‍ സ്റ്റാറ്റിസ്റ്റിക്‌സ്, തൊഴില്‍ വകുപ്പില്‍ പബ്ലിസിറ്റി ഓഫിസര്‍, വ്യവസായ വാണിജ്യ വകുപ്പില്‍ അസി.ഡയറക്ടര്‍ തുടങ്ങിയ തസ്തികകള്‍ സ്‌പെഷല്‍ റൂളില്‍ ഒഴിവാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com