അവർ വീണ്ടും രക്ഷകരായി; രാത്രിയിൽ അപകടത്തിൽപ്പെട്ട ഡോക്‌ടറേയും കുടുംബത്തേയും ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ

രണ്ടാഴ്ച മുൻപ് കോട്ടയം കോടിമതയിൽ അപകടത്തിൽപെട്ടു റോഡിൽ കിടന്ന ഓട്ടോറിക്ഷ ഡ്രൈവറെ രക്ഷിച്ച കെഎസ്ആർടിസി മിന്നൽ സർവീസിലെ ജീവനക്കാർ വീണ്ടും രക്ഷകരായി
അവർ വീണ്ടും രക്ഷകരായി; രാത്രിയിൽ അപകടത്തിൽപ്പെട്ട ഡോക്‌ടറേയും കുടുംബത്തേയും ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ

കട്ടപ്പന: രണ്ടാഴ്ച മുൻപ് കോട്ടയം കോടിമതയിൽ അപകടത്തിൽപെട്ടു റോഡിൽ കിടന്ന ഓട്ടോറിക്ഷ ഡ്രൈവറെ രക്ഷിച്ച കെഎസ്ആർടിസി മിന്നൽ സർവീസിലെ ജീവനക്കാർ വീണ്ടും രക്ഷകരായി. രാത്രിയിൽ കാറപകടത്തിൽ പരുക്കേറ്റ ഡോക്‌ടർക്കും കുടുംബത്തിനും മുൻപിലാണ് അതേ ജീവനക്കാർ വീണ്ടും രക്ഷകരായി എത്തിയത്. 

വാഗമൺ പൈൻവാലി സ്വദേശിയായ കെജെ മാത്യുവും ഏലപ്പാറ നാലാം മൈൽ സ്വദേശിയായ അനൂപ് സ്‌കറിയയുമാണ് ഡ്രൈവർ കം കണ്ടക്ടർമാരായി ബസിൽ ഉണ്ടായിരുന്നത്. കട്ടപ്പന ഡിപ്പോയിൽ നിന്നുള്ള മിന്നൽ സർവീസ് തിരുവനന്തപുരത്തു നിന്ന് രാത്രി 11.55നാണു പുറപ്പെട്ടത്. 1.45ന് അടൂർ കൂരമ്പാലയിൽ എത്തിയപ്പോഴാണ് മരത്തിലേക്ക് ഇടിച്ചു കയറിയ നിലയിൽ അപകടത്തിൽപെട്ടു കിടക്കുന്ന കാർ ശ്രദ്ധയിൽപ്പെട്ടത്. ഏതാനും ആളുകൾ വാഹനത്തിനു ചുറ്റും കൂടി നിന്നിരുന്നു. അപകട സ്ഥലത്തേക്കു വെളിച്ചം എത്തുന്ന രീതിയിൽ ഏതാനും ദൂരത്തിൽ ബസ് നിർത്തിയ ശേഷം ഇരുവരും സ്ഥലത്തേക്ക് എത്തുകയായിരുന്നു.

വാഹനത്തിൽ പരുക്കേറ്റു കിടന്ന ഡോക്ടറെയും ഭാര്യയെയും മകളെയും രക്ഷിച്ചു പുറത്തിറക്കി. ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ മറ്റു വാഹനങ്ങൾ ലഭിക്കാതെ വന്നതോടെ ബസിൽ കയറ്റി പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായിരുന്നു നിർദേശം. അതോടെ പരുക്കേറ്റവരെ വീണ്ടും ബസിൽ കയറ്റി യാത്ര തുടർന്നു.  ബസ് പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോയി. ബസിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ പിന്തുണയും ജീവനക്കാർക്കു ലഭിച്ചു.

അടൂർ ഹോളിക്രോസ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലെ ഡോക്ടർ ഫൈസൽ മുഹമ്മദും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈയ്ക്കു പോയ ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഇവരുടെ വാഹനം അപകടത്തിൽപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com