നെടുങ്കണ്ടം കസ്റ്റഡി കൊല : മുൻ എസ്പിയെ ഉടൻ ചോദ്യം ചെയ്തേക്കും ; പ്രതികളെ മർദിച്ച വനിതാപൊലീസുകാരും കുടുങ്ങും

ശാലിനിയെയും, മഞ്ജുവിനെയും ഉപദ്രവിച്ച വനിതാ പൊലീസുകാർക്കെതിരെയും ക്രൈംബ്രാഞ്ച് കേസ് എടുത്തേക്കും
നെടുങ്കണ്ടം കസ്റ്റഡി കൊല : മുൻ എസ്പിയെ ഉടൻ ചോദ്യം ചെയ്തേക്കും ; പ്രതികളെ മർദിച്ച വനിതാപൊലീസുകാരും കുടുങ്ങും

ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉന്നത ഉദ്യോ​ഗസ്ഥരിലേക്ക്. ഇടുക്കി മുൻ എസ് പി കെ ബി വേണു​ഗോപാലിനെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്‌തേക്കും. എസ്പിയുടെ അറിവോടെയാണ്  രാജ്കുമാറിനെ  കസ്റ്റഡിയിൽ സൂക്ഷിച്ചതെന്നു പ്രതികൾ  അന്വേഷണ സംഘത്തോട് ആവർത്തിച്ചു.  രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം ഈ വിവരം സ്റ്റേഷൻ രേഖകളിൽ  രേഖപ്പെടുത്തരുതെന്ന് ഉന്നത ഉദ്യോഗസ്ഥൻ നിർദേശിച്ചതായും കേസിലെ ഒന്നാംപ്രതിയായ മുൻ എസ്ഐ സാബു മൊഴി നൽകിയെന്നാണ് സൂചന. ഇതോടെ മുൻ എസ്പിയെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചതായാണ് സൂചന. 

കസ്റ്റഡിയിലുള്ള ഒന്നാം പ്രതിയായ നെടുങ്കണ്ടം മുൻ എസ് ഐ സാബുവുമൊത്ത് അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലുൾപ്പടെ എത്തിച്ചുള്ള തെളിവെടുപ്പിന് ശേഷം ക്രൈംബ്രാഞ്ച് ക്യാംപിൽ പ്രതിയെ കൂടുതൽ ചോദ്യം  ചെയ്യുകയാണ്. അനധികൃത കസ്റ്റഡിയിൽ സൂക്ഷിക്കാൻ നിർദേശിച്ചവർ ആരൊക്കെ, ക്രൂര മർദനത്തിന് കാരണം, മർദന രീതികൾ തുടങ്ങിയവയിൽ വ്യക്തത വരുത്തുക ലക്ഷ്യം വെച്ചാണ് തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്തുന്നത്.  മുൻ എസ് ഐ കെ.എ സാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. 

കൊല്ലപ്പെട്ട രാജ്‌കുമാറിനെയും, ഹരിത ഫിനാൻസ് തട്ടിപ്പ് കേസിലെ രണ്ടും മൂന്നും പ്രതികളായ ശാലിനിയെയും, മഞ്ജുവിനെയും ഉപദ്രവിച്ച വനിതാ പൊലീസുകാർക്കെതിരെയും ക്രൈംബ്രാഞ്ച് കേസ് എടുത്തേക്കും.  ശാലിനിയുടെ ശരീരത്തിൽ കാന്താരി മുളക് തേച്ച് മർദിച്ചതിനാണ് പൊലീസുകാരിയെ പ്രതിയാക്കുന്നതെന്നാണ് സൂചന. ‌പൊലീസുകാരി ​ഗീതുവാണ് തന്റെ ശരീരത്തിൽ കാന്താരി മുളക് അരച്ചുപുരട്ടിയതെന്ന് ചിട്ടിതട്ടിപ്പുകേസിലെ കൂട്ടുപ്രതിയായ ശാലിനി വെളിപ്പെടുത്തിയിരുന്നു.  ഗീതു, റസിയ, കമ്പംമേട്ട് സ്‌റ്റേഷനിലെ ബിന്ദു എന്നീ പൊലീസുകാരികള്‍ മര്‍ദിച്ചുവെന്നും ശാലിനി പറഞ്ഞിരുന്നു. കസ്റ്റഡി മരണ കേസിൽ ഇതു വരെ നെടുങ്കണ്ടം മുൻ എസ്ഐ  ഉൾപ്പെടെ നാലു പേരാണ് അറസ്റ്റിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com