ആ ബോർഡ് രാഹുലിനെ താറടിക്കാൻ ; പേര് വെച്ചത് അനുമതി പോലും വാങ്ങാതെ ; ആരോപണവുമായി കോൺ​ഗ്രസ്, വിവാദം

രാഹുല്‍ ഗാന്ധിയുടെ മുക്കത്തെ ഓഫീസില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുമെന്ന ഒരു അറിയിപ്പും നല്‍കിയിരുന്നില്ല
ആ ബോർഡ് രാഹുലിനെ താറടിക്കാൻ ; പേര് വെച്ചത് അനുമതി പോലും വാങ്ങാതെ ; ആരോപണവുമായി കോൺ​ഗ്രസ്, വിവാദം

കോഴിക്കോട്: അഗസ്ത്യന്‍മൂഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനത്തില്‍ വയനാട് എംപി രാഹുൽ​ഗാന്ധിയെ മുഖ്യാതിഥിയാക്കി ഫ്ലക്സ് ബോർഡ് വെച്ചതിനെതിരെ കോൺ​ഗ്രസ് രം​ഗത്ത്. രാഹുല്‍ ഗാന്ധിയുടെ അനുമതി വാങ്ങാതെയാണ് റോഡ് നവീകരണ ഉദ്ഘാടനത്തിന് മുഖ്യാതിഥിയാക്കി രാഹുലിന്റെ പേര് വെച്ചതെന്ന് കോഴിക്കോട് ഡിസിസി ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെ പോലും അറിയിക്കാതെയായിരുന്നു അദ്ദേഹം പങ്കെടുക്കുമെന്ന് പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് ബോര്‍ഡ് വെച്ചത്. 

രാഹുല്‍ ഗാന്ധിയുടെ മുക്കത്തെ ഓഫീസില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുമെന്ന ഒരു അറിയിപ്പും നല്‍കിയിരുന്നില്ല. മാത്രമല്ല പരിപാടി നടക്കുന്ന ജൂലായ് 13 ന് പാര്‍ലമെന്റ് ഉള്ളതിനാല്‍ രാഹുല്‍ ഗാന്ധിക്ക് എത്താന്‍ സാധിക്കില്ലെന്ന് സംഘാടകര്‍ക്ക് അറിയാമായിരുന്നു. പ്രദേശിക പരിപാടിക്ക് ക്ഷണിച്ചിട്ട് എത്താത്ത എംപിയാണ് രാഹുൽ എന്ന് വരുത്തിതീർക്കാൻ സർക്കാർ നടത്തുന്ന ശ്രമത്തിന്റെ ഭാ​ഗമാണ് ഇത്തരത്തിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡ് വെച്ചതെന്നും ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖ് ആരോപിച്ചു. 

മാത്രമല്ല റോഡ് ഭൂരിഭാഗവും ഉൾപ്പെടുന്ന കോഴിക്കോട് മണ്ഡലത്തിലെ എം.പി എം.കെ രാഘവനെ ഉൾപ്പെടുത്താതെ വയനാട് എംപിയായ രാഹുല്‍ ഗാന്ധിയുടെ പേര് വെച്ച് നോട്ടീസ് അടിച്ചത് അദ്ദേഹത്തെ അപമാനിക്കാനാണെന്നും കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. എന്നാൽ രാഹുല്‍ ഗാന്ധിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെന്നാണ്  സംഘാടകര്‍ പറയുന്നത്.  സംഭവം വിവാദമായതോടെ ഇപ്പോള്‍ കോഴിക്കോട് എം പി എം കെ രാഘവനെ കൂടി മുഖ്യാതിഥിയാക്കി പുതിയ ക്ഷണക്കത്ത്‌  ഇറക്കിയിട്ടുണ്ട്.

14 കോടി രൂപ ചെലവിലാണ് അഗസ്ത്യന്‍മൂഴി-കുന്ദമംഗലം റോഡ് നവീകരിക്കുന്നത്. ഇതില്‍ ഉദ്​ഘാടനം ശനിയാഴ്ച നടക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടകനായും, രാഹുല്‍ഗാന്ധി എം പി മുഖ്യാതിഥിയായും, തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസ് അധ്യക്ഷനായും, പി.ടി എ റഹീം എംഎല്‍എ മുഖ്യ പ്രഭാഷകനുമായാണ് പരിപാടി നിശ്ചയിച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും തിരുവമ്പാടി എംഎല്‍എയും ചേര്‍ന്നാണ് പരിപാടിക്ക് ആസൂത്രണം നല്‍കിയതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

അതിനിടെ ശനിയാഴ്ച നടക്കുന്ന റോഡ് ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച് രാഹുൽ ഗാന്ധി ജോർജ് എം തോമസ് എംഎൽഎയ്ക്ക് കത്തയച്ചു. അഗസ്ത്യൻമുനി- കുന്ദമംഗലം റോഡിന്‍റെയും നവീകരിച്ച വയനാട് ചുരത്തിന്‍റെയും ഉദ്ഘാടനത്തിന് എംഎൽഎ വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധിയെ ക്ഷണിച്ചിരുന്നു. ​ഇതിനാണ്  അസൗകര്യം  അറിയിച്ച് രാഹുൽ ഗാന്ധിയുടെ സന്ദേശം ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com