ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു, അച്ഛന്റെ മരണത്തിന് സാക്ഷിയായി മകള്‍

ശാരീരിക ബുദ്ധിമുട്ട് തോന്നിയതോടെ ജയരാജ് ബസ് ഒതുക്കി നിര്‍ത്തി. ഉടനെ കുഴഞ്ഞു വീഴുകയും ചെയ്തു
ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു, അച്ഛന്റെ മരണത്തിന് സാക്ഷിയായി മകള്‍

നെടുമങ്ങാട്: ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ മൂഴി കുളപ്പള്ളി കിഴക്കുംകര വീട്ടില്‍ കെ.ജയരാജ്(55) ആണ് മരിച്ചത്. ഇതേ ബസിലെ യാത്രക്കാരിയായിരുന്ന മകള്‍ക്ക് അച്ഛന്റെ മരണത്തിന് സാക്ഷിയാവേണ്ടി വന്നു. 

കല്ലറ മുതുവിള പരപ്പില്‍ നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്നു ബസ്. നാല്‍പ്പത് പേരോളമാണ് ഈ സമയം ബസിലുണ്ടായത്. ശാരീരിക ബുദ്ധിമുട്ട് തോന്നിയതോടെ ജയരാജ് ബസ് ഒതുക്കി നിര്‍ത്തി. ഉടനെ കുഴഞ്ഞു വീഴുകയും ചെയ്തു. ജയരാജനെ ഡ്രൈവിങ് സീറ്റില്‍ നിന്ന് മാറ്റിയതിന് ശേഷം ബസിലെ യാത്രക്കാരനും സഹജീവനക്കാരനുമായ ടി.ശിവകുമാര്‍ ബസ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. 

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജയരാജിന്റെ ഇളയ മകള്‍ ഈ സമയം ബസിലുണ്ടായിരുന്നു. മനസാന്നിധ്യം കൊണ്ട് ബസ് ഒതുക്കി നിര്‍ത്തിയതിന് ശേഷമാണ് ജയരാജ് കുഴഞ്ഞു വീണത്. പിഎസ് സി വഴിയാണ് ജയരാജ് കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി എത്തുന്നത്. 11 വര്‍ഷമായി നെടുമങ്ങാട് ഡിപ്പോയിലാണ് സേവനമനുഷ്ഠിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com