പുനപ്പരിശോധനാ ഹര്‍ജികള്‍ തള്ളി, മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കണം

ഉത്തരവു പുനപ്പരിശോധിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്
പുനപ്പരിശോധനാ ഹര്‍ജികള്‍ തള്ളി, മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കണം

ന്യൂഡല്‍ഹി: കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കണം എന്ന ഉത്തരവിനെതിരെ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതി തള്ളി. ഉത്തരവു പുനപ്പരിശോധിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. ചേംബറിലാണ് ബെഞ്ച് ഹര്‍ജി പരിഗണിച്ചത്.  

ഫ്‌ലാറ്റ് ഉടമകളായ ആല്‍ഫാ വെന്റുഷേര്‍സ് െ്രെപവറ്റ് ലിമിറ്റഡ്, ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് & ഡെവലപ്പേഴ്‌സ് ലിമിറ്റഡ്, ജെയിന്‍ ഹൌസിങ് & കണ്‍സ്ട്രക്ഷന്‍, കെ വി ജോസ് എന്നിവരാണ് ഫ്‌ലാറ്റ് പൊളിക്കാനുള്ള ഉത്തരവിനെതിരെ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയത്. മുന്‍ ഉത്തരവ് പുനപ്പരിശോധിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ എന്നിവര്‍ അടങ്ങിയ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. 

ഫ്‌ലാറ്റ് പൊളിച്ചു മാറ്റാനുള്ള ഉത്തരവിന് അവധിക്കാല ബെഞ്ചില്‍നിന്നു സ്‌റ്റേ വാങ്ങിയതിനെ നേരത്തെ ജസ്റ്റിസ് അരുണ്‍ മിശ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹര്‍ജിക്കാര്‍ കോടതിയെ കളിപ്പിക്കാന്‍ ശ്രമിച്ചെന്ന് കോടതി കുറ്റപ്പെടുത്തി. 

ഫ്‌ലാറ്റ് ഉടമകള്‍ തന്റെ ഉത്തരവ് മറികടക്കാന്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചു. ഇനി ഇത് ആവര്‍ത്തിച്ചാല്‍ അഭിഭാഷകര്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. 

മരട് നഗരസഭയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ചുനീക്കാനാണ് സുപ്രിംകോടതി ഉത്തരവ്. ഒരുമാസത്തിനകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ അവധിക്കാല ബെഞ്ച് സ്‌റ്റേ അനുവദിക്കുകയായിരുന്നു. 

ഹോളി ഫെയ്ത്ത് അപ്പാര്‍ട്ട്‌മെന്റ്, കായലോരം, ജെയ്ന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്‌ലാറ്റുകള്‍ പൊളിക്കാനാണ് കോടതി ഉത്തരവിട്ടത്. അപ്പാര്‍ട്ടുമെന്റുകളുടെ നിര്‍മ്മാണം തീരദേശ പരിപാലന നിയമം ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി തീരദേശ പരിപാലന അതോറിട്ടിയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com