പൊലീസിനെ കബളിപ്പിക്കാൻ 'ദൃശ്യം' മോഡൽ ശ്രമം ; അർജുന്റെ ഫോൺ സ്വിച്ച് ഓൺ ; കൊലയാളികളുടെ ​ഗൂഢബുദ്ധിയിൽ വലഞ്ഞു

കൊല്ലപ്പെട്ട അർജുന്റെ മൊബൈൽഫോൺ ദൃശ്യം മോഡലിൽ വാഹനത്തിൽ ഉപേക്ഷിക്കുകയായിരുന്നു
പൊലീസിനെ കബളിപ്പിക്കാൻ 'ദൃശ്യം' മോഡൽ ശ്രമം ; അർജുന്റെ ഫോൺ സ്വിച്ച് ഓൺ ; കൊലയാളികളുടെ ​ഗൂഢബുദ്ധിയിൽ വലഞ്ഞു

കൊച്ചി : കൊച്ചി നെട്ടൂർ കുമ്പളത്ത് യുവാവിനെ കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തിയ സംഭവത്തിൽ പൊലീസിനെ കബളിപ്പിക്കാൻ കൊലയാളികൾ നടത്തിയത് സിനിമ മോഡൽ ശ്രമം. കൊല്ലപ്പെട്ട അർജുന്റെ മൊബൈൽഫോൺ ദൃശ്യം മോഡലിൽ വാഹനത്തിൽ ഉപേക്ഷിക്കുകയായിരുന്നു. അർജുനെ കാണാനില്ലെന്ന് മൂന്നാംതീയതി അർജുന്റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് പൊലീസ് അർജുന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ആദ്യം ആലുവയിലും പിറ്റേദിവസം കോതമം​ഗലത്തും ഫോണിന്റെ ടവർ ലൊക്കേഷൻ കാണിച്ചു. ഇതോടെ അർജുൻ ജീവനോടെ ഉണ്ടെന്ന നി​ഗമനത്തിൽ പൊലീസ് എത്തി. ആദ്യം പൊലീസ് പിടികൂടി ചോദ്യം ചെയ്ത വേളയിൽ പിടിയിലായ പ്രതികൾ, അർജുൻ കഞ്ചാവ് കടത്താൻ പോകാറുണ്ടെന്നും ഇത്തരത്തിൽ പോയതായിരിക്കുമെന്നുമാണ് മൊഴി നൽകിയത്. 

ഇതോടെ അർജുൻ ജീവിച്ചിരിപ്പുണ്ടെന്ന നി​ഗമനത്തിൽ അന്വേഷണം മന്ദീഭവിക്കുകയായിരുന്നു. പിന്നീട് അർജുന്റെ നാട്ടിലുള്ള സുഹൃത്തുക്കൾ സംശയമുള്ള പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംശയം ഉടലെടുത്തത്. അർജുൻ നെട്ടൂർ പാലത്തിന് അടുത്ത് വന്നെങ്കിലും ഉടൻ തന്നെ തിരിച്ചുപോയെന്നായിരുന്നു പ്രതികൾ പറഞ്ഞത്.

ബൈക്കിൽ പെട്രോളില്ലാത്തതുകൊണ്ടാണ് അർജുനെ വിളിച്ചുവരുത്തിയതെന്നും, പിന്നീട് തങ്ങൾ ഭക്ഷണം കഴിക്കാൻ തമ്മനം ഭാ​ഗത്തേക്ക് പോയെന്നും, അർജുൻ വീട്ടിലേക്ക് മടങ്ങിയെന്നും പ്രതികൾ പറഞ്ഞു. പെട്രോളില്ലാത്ത ബൈക്ക് കൊണ്ട് എങ്ങനെ പോയെന്ന ചോദ്യത്തിന് മറുപടിയുമില്ല. പ്രതികളുടെ പരസ്പരവിരുദ്ധമായ മൊഴികളിൽ സംശയം തോന്നി നാട്ടുകാരാണ് ഇവരെ പൊലീസിന് കൈമാറുന്നത്. 

അർജുനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയ സംഭവത്തിൽഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ പ്രായപൂർത്തിയാകാത്ത ഒരാളും ഉൾപ്പെടുന്നു. പിടിയിലായവരിൽ ഒരാൾ നെട്ടൂരുള്ള ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. പ്രതികളിൽ ഒരാൾക്ക് മരിച്ച അർജുനോടുള്ള പകയും കൊലപാതകത്തിന് കാരണമായെന്ന് റിപ്പോർട്ടുണ്ട്. ഇയാളുടെ  സഹോദരൻ അർജുനുമൊത്തു പോകുമ്പോൾ കളമശേരിയിൽ വച്ച് ഒരു വർഷം മുൻപ് ബൈക്കപകടത്തിൽ മരിച്ചിരുന്നു. ഇത് അപകടമരണം അല്ലെന്നും, മരണത്തിൽ അർജുന് പങ്കുണ്ടെന്നുമാണ് ഇയാൾ സംശയിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com