വയനാട്ടില്‍ ചരക്ക് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു

ചൊവ്വാഴ്ച രാത്രി ഒന്‍പതിന് ദേശീയപാതയിലെ പൊന്‍കുഴിയില്‍ വെച്ചാണ് ആനയെ ലോറിയിടിച്ചത്.
വയനാട്ടില്‍ ചരക്ക് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു

വയനാട്: വയനാട്ടില്‍ ചരക്കു ലോറി ഇടിച്ചു ഗുരുതരമായി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങയിലെ ഉള്‍വനത്തില്‍ വെച്ച് ബുധനാഴ്ച വൈകീട്ടോടെയാണ് ആന ചരിഞ്ഞത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ പിടിയാന വനംവകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി ഒന്‍പതിന് ദേശീയപാതയിലെ പൊന്‍കുഴിയില്‍ വെച്ചാണ് ആനയെ ലോറിയിടിച്ചത്. പരിക്കേറ്റ കാട്ടാന ഒരു കിലോമീറ്റര്‍ അപ്പുറം വനത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. ചുറ്റും കൂടിയ ആനകളെ കുംകി ആനകളുടെ സഹായത്താല്‍ തുരത്തിയ ശേഷമാണ് പരിക്കേറ്റ ആനക്ക് ചികിത്സ ന്‍കിയത്. 

ഗുരുതരമായി പരിക്കേറ്റ കാട്ടാന രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 25 വയസോളം പ്രായം വരുന്ന പിടിയാനയുടെ വലതു തോളെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായിരുന്നു. 

ചികിത്സ നല്‍കിയതിന് ശേഷം ആന തീറ്റയെടുക്കുന്നതായും നിരീക്ഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ പിന്നീട് ആനയുടെ ആരോഗ്യനില വഷളാവുകയും വൈകീട്ടോടെ ചരിയുകയുമായിരുന്നു. ആനയെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന വനംവാച്ചര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. 

കാട്ടാനക്കൂട്ടം ചുറ്റുമുള്ളതിനാല്‍ ആനയുടെ ജഡത്തിനടുത്തേക്കു പോകാന്‍ വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാത്രി കോഴിക്കോട് മൈസൂര്‍ ദേശീയപാതയിലെ പൊന്‍കുഴിക്കു സമീപത്തു വച്ചാണ് ആനയെ ലോറി ഇടിച്ചത്. ലോറി ഡ്രൈവറെ അപ്പോള്‍ തന്നെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വന്യമൃഗവേട്ടയ്ക്കാണ് കേസെടുത്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com