ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഇറങ്ങിപ്പോയി; മനോവിഷമത്തില്‍ മകനെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th July 2019 08:02 AM |
Last Updated: 12th July 2019 08:02 AM | A+A A- |
അയര്‍ക്കുന്നം; ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഇറങ്ങിപ്പോയതില്‍ മനംനൊന്ത് മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. അയര്‍ക്കുന്നം അമയന്നൂര്‍ പൂതി അയ്യന്‍കുന്നേല്‍ പഠിപ്പുരയ്ക്കല്‍ രാജേഷ് (43) മകന്‍ രൂപേഷ് (11) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലില്‍ വിഷം ചേര്‍ത്താണ് ജീവനൊടുക്കിയത്.
മൂന്ന് മാസം മുന്‍പാണ് രാജേഷിന്റെ ഭാര്യ വീട്ടില്‍ നിന്ന് പിണങ്ങിപ്പോകുന്നത്. ഇപ്പോള്‍ ഇവര്‍ മറ്റൊരാള്‍ക്കൊപ്പമാണ് താമസിക്കുന്നത്. ഇതേത്തുടര്‍ന്ന് വിഷമത്തിലായിരുന്നു രാജേഷ്. ബുധനാഴ്ച രാത്രി പാലില്‍ വിഷം കലക്കി മകന്‍ രൂപേഷിന് നല്‍കിയ ശേഷം രാജേഷും വിഷം കലക്കിയ പാല്‍ കുടിക്കുകയായിരുന്നു. മൂത്ത മകന്‍ ഹരീഷ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല.
രാത്രിയില്‍ വീട്ടില്‍ എത്തിയ ഹരീഷ് വിളിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. ഉറങ്ങിപ്പോയിട്ടുണ്ടാകും എന്ന് കരുതി ഹരീഷ് വരാന്തയില്‍ കിടന്നുറങ്ങി. വ്യാഴാഴ്ച രാവിലെ ആയിട്ടും കതക് തുറക്കാതായതോടെയാണ് അയല്‍വാസികളെ വിളിച്ചുകൊണ്ട് വരികയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ ഇരുവരേയും കണ്ടെത്തിയത്. വിഷം കലര്‍ത്തിയ പാല്‍ ഗ്ലാസുകളും കണ്ടെടുത്തു. ഹാളിലും കിടപ്പുമുറിയിലുമായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് രൂപേഷ്. പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുകയാണ് ഹരീഷ്.