എന്‍ഡോസള്‍ഫാന്‍ ദുരിതം കെട്ടുകഥ; കൈകൊണ്ടു തളിച്ച ആളുകള്‍ പോലും കാസര്‍ക്കോട്ടുണ്ട്, അവര്‍ക്കാര്‍ക്കും അസുഖമില്ലെന്നു കലക്ടര്‍

എന്‍ഡോസള്‍ഫാന്‍ ദുരിതം കെട്ടുകഥ; കൈകൊണ്ടു തളിച്ച ആളുകള്‍ പോലും കാസര്‍ക്കോട്ടുണ്ട്, അവര്‍ക്കാര്‍ക്കും അസുഖമില്ലെന്നു കലക്ടര്‍
അസുഖ ബാധിതനായ കുട്ടി മാതാവിനൊപ്പം (ഫയല്‍), കലക്ടര്‍ ഡോ. സജിത് ബാബു
അസുഖ ബാധിതനായ കുട്ടി മാതാവിനൊപ്പം (ഫയല്‍), കലക്ടര്‍ ഡോ. സജിത് ബാബു

കൊച്ചി: എന്‍ഡോസള്‍ഫാന്‍ കൈകൊണ്ടു തളിച്ച ആളുകള്‍  പോലും കാസര്‍കോട്ട് ഉണ്ടെന്നും അവര്‍ക്കാര്‍ക്കും അസുഖം വന്നിട്ടില്ലെന്നും ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ആരും ശാസ്ത്രത്തെക്കുറിച്ചു സംസാരിക്കുന്നില്ലെന്നും ആളുകള്‍ കെട്ടുകഥകള്‍ കേട്ട് തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും സജിത് ബാബു പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തെക്കുറിച്ചു സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കലക്ടറുടെ പ്രതികരണം.

''ഞാന്‍ അഗ്രിക്കള്‍ച്ചറല്‍ സയന്റിസ്റ്റ് കൂടിയാണ്. അഗ്രിക്കള്‍ച്ചറില്‍ ഡോക്ടറേറ്റ് കഴിഞ്ഞ് ആറര കൊല്ലം കാര്‍ഷിക ശാസ്ത്രം പഠിപ്പിച്ച ഞാന്‍ ഇതുവരെ പഠിച്ചതും പഠിപ്പിച്ചതും തെറ്റാണെന്ന് പറയണോ, അതോ അംബികാസുതന്‍ മാങ്ങാടിനെപ്പോലെയുള്ള സാഹിത്യകാരന്മാര്‍ പറയുന്നത് വിശ്വസിക്കണോ?- സജിത് ബാബു ചോദിക്കുന്നു.

നമ്മുടെ ഭരണഘടന പറയുന്നതുതന്നെ ശാസ്ത്രം വളര്‍ത്താനല്ലേ?. അല്ലാതെ സാഹിത്യം വളര്‍ത്താനല്ല. സത്യം മാത്രമേ ജയിക്കാന്‍ പാടുള്ളൂ. ഇവിടെ ലിസ്റ്റുണ്ടാക്കിയ ഡോക്ടര്‍മാരെല്ലാം എന്തു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അതുണ്ടാക്കിയത്? ഞാന്‍ പല ഡോക്ടര്‍മാരോടും സംസാരിച്ചിട്ടുണ്ട്. അവരാരും പൊതുസമൂഹത്തിനു മുന്നില്‍ വന്ന് എന്‍ഡോസള്‍ഫാന്‍കൊണ്ടാണ് അസുഖം ഉണ്ടായത് എന്നു പറയില്ല. 

ഇവിടെ ആരും ശാസ്ത്രത്തെക്കുറിച്ചു സംസാരിക്കുന്നില്ല. ശീലാബതിയെക്കുറിച്ചൊക്കെയുള്ള മംഗളത്തിലൊക്കെ വരുന്ന കഥപോലുള്ളവ കേട്ട് ആളുകള്‍ ആകെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഇവര്‍ പറയുന്ന ഇതേ വിഷം കൈകൊണ്ടു തളിച്ച ആളുകള്‍ ഇവിടെ ഇപ്പോഴുമുണ്ട്. അവര്‍ക്കെന്തുകൊണ്ടാണ് അസുഖം വരാത്തത്? നോവലുകളൊന്നും വായിച്ചു തീരുമാനമെടുക്കാന്‍ പറ്റില്ലല്ലോ. ശാസ്ത്രമാണ് മുന്നോട്ട് പോകേണ്ടത്. ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട് സര്‍ക്കാരിന്റെ അഭിപ്രായമാണ് ഔദ്യോഗികമായി എന്റെ അഭിപ്രായം. പക്ഷേ, ഞാന്‍ ശാസ്ത്രീയതയില്‍ ഉറച്ചുനില്‍ക്കുന്നു- സജിത് ബാബു പറഞ്ഞു.

എന്‍ഡോസള്‍ഫാനെ വിഷമുക്തമാക്കുന്നത് എന്തിന്? റിപ്പോര്‍ട്ട് സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com