ജയിക്കുമ്പോള്‍ മാത്രം മതിയോ നേതൃത്വം?; രാജിവെച്ച രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ച് പിണറായി 

പ്രതിസന്ധികളുണ്ടാകുമ്പോഴും സംഘടനയെ നയിക്കാന്‍ കഴിയേണ്ടേ എന്ന് തെരഞ്ഞെടുപ്പ് തോല്‍വിയുടെ നിരാശയില്‍ അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് നിലപാട് എടുത്ത രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ച് പിണറായി ചോദിച്ചു
ജയിക്കുമ്പോള്‍ മാത്രം മതിയോ നേതൃത്വം?; രാജിവെച്ച രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ച് പിണറായി 

തിരുവനന്തപുരം:  ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ ഗാന്ധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജയിക്കുമ്പോള്‍ മാത്രമാണോ നേതൃത്വം വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. 

പ്രതിസന്ധികളുണ്ടാകുമ്പോഴും സംഘടനയെ നയിക്കാന്‍ കഴിയേണ്ടേ എന്ന് തെരഞ്ഞെടുപ്പ് തോല്‍വിയുടെ നിരാശയില്‍ അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് നിലപാട് എടുത്ത രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ച് പിണറായി ചോദിച്ചു.  കോണ്‍ഗ്രസ് ഇന്ന് ഏറ്റവും അപഹാസ്യമായ നിലയില്‍ എത്തിനില്‍ക്കുകയാണ്. ബിജെപിക്ക് നേതാക്കളെയും അണികളെയും സംഭാവന ചെയ്യുന്നവരായി കോണ്‍ഗ്രസ് മാറിയെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ല. ബിജെപിയിലേക്ക് ആരൊക്കേ പോകുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥ. ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. അവരുടെ പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ പായുന്നു. അതല്ലേ വസ്തുതയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന നിലപാട് രാഹുല്‍ ഗാന്ധി എടുത്തത്.  മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കുകയാണെന്ന് ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി പങ്കുവെച്ച രാജിക്കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പലപ്പോഴും താന്‍ ഒറ്റയ്ക്കായിരുന്നുവെന്നും മുതിര്‍ന്ന നേതാക്കളെ പരോക്ഷമായി കുറ്റപ്പെടുത്താനും രാഹുല്‍ മറന്നില്ല.അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുളള നേതൃത്വത്തിന്റെ ആവശ്യം മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും കഴിഞ്ഞദിവസം തളളിയിരുന്നു. നായകന്‍ ഇല്ലാതെ കടുത്ത പ്രതിസന്ധിയിലുടെയാണ് കോണ്‍ഗ്രസ് കടന്നുപോകുന്നതെന്ന് കര്‍ണാടകയിലെയും ഗോവയിലെയും സംഭവവികാസങ്ങള്‍ തെളിയിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com