രാഹുല്‍ ഗാന്ധി വീട്ടില്‍ കയറി കെട്ടിപ്പിടിച്ചത് പാരയായി; സിപിഎം അനുഭാവിക്ക് പ്രളയ ധനസഹായം നിഷേധിക്കുന്നതായി പരാതി

സിപിഎം അനുഭാവിയാണെങ്കിലും രാഹുല്‍ ഗാന്ധി വീട്ടില്‍ എത്തിയത് പ്രാദേശിക സിപിഎം നേതാക്കളുടെ അനിഷ്ടത്തിന്‌ കാരണമായിരിക്കുകയാണ്
രാഹുല്‍ ഗാന്ധി വീട്ടില്‍ കയറി കെട്ടിപ്പിടിച്ചത് പാരയായി; സിപിഎം അനുഭാവിക്ക് പ്രളയ ധനസഹായം നിഷേധിക്കുന്നതായി പരാതി

ആറന്‍മുള; പ്രളയത്തില്‍ കുടുങ്ങിയ നൂറോളം പേരെ രക്ഷപ്പെടുത്തിയ ആറന്‍മുള സ്വദേശി രഘുനാഥനെ രാഹുല്‍ ഗാന്ധി വീട്ടില്‍ എത്തി അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് രഘുനാഥനു തന്നെ പാരയായി മാറിയിരിക്കുകയാണ്. സിപിഎം അനുഭാവിയാണെങ്കിലും രാഹുല്‍ ഗാന്ധി വീട്ടില്‍ എത്തിയത് പ്രാദേശിക സിപിഎം നേതാക്കളുടെ അനിഷ്ടത്തിന്‌ കാരണമായിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് തനിക്ക് ധനസഹായം നിഷേധിക്കുകയാണ് എന്നാണ് രഘുനാഥന്‍ പറയുന്നത്. 

ആറന്‍മുള എഴീക്കാട് കോളനി ബ്ലോക്ക് 78 ബിയിലാണ് രഘുനാഥന്‍ താമസിക്കുന്നത്.പ്രളയത്തില്‍ രഘുനാഥന്റെ വീടിനും ബലക്ഷയമുണ്ടായി. അടിത്തറ മണ്ണിലേക്ക് ഇരുന്ന് വീട് ചരിഞ്ഞിരിക്കുകയാണ്. ഇത് ശരിയാക്കാനായി ധനസഹായത്തിന് മൂന്ന് തവണ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. വീട് ഒരു വശത്തേക്ക് താഴുകയും ഭിത്തി പിളരുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി തന്റെ വീട്ടില്‍ വന്നു എന്ന ഒറ്റ കാരണം കൊണ്ട് സഹായ ധനം നിഷേധിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 

കഴിഞ്ഞ ഓഗസ്റ്റ് 28 നാണ് ആറന്‍മുളയില്‍ എത്തിയ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ് രഘുനാഥന്റെ പ്രളയകാല രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുന്നത്. കോളനി റോഡിലൂടെ നടക്കുകയായിരുന്നു രാഹുല്‍ ഗാന്ധി ഇത് കേട്ടതോടെ രഘുനാഥന്റെ വീട്ടിലേക്ക് ഓടിക്കയറി കെട്ടിപ്പിടിക്കുകയായിരുന്നു. ഇതിന്റെ സന്തോഷം ഇപ്പോഴും രഘുനാഥനെ വിട്ടുപോയിട്ടില്ല. എന്നാല്‍ സിപിഎം അനുഭാവിയായ താന്‍ കോണ്‍ഗ്രസായെന്ന് ഒരു വിഭാഗം സിപിഎം നേതാക്കള്‍ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ബലക്ഷയം ഉണ്ടായ വീട്ടില്‍ രഘുനാഥന്റെ ഭാര്യ രേണുകയും മക്കളായ ശശികലയും രാഹുലും ഭീതിയോടെയാണ് കഴിയുന്നത്. അറ്റകുറ്റപ്പണിക്ക് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനായി രഘുനാഥന്‍ പഞ്ചായത്തിനും ജില്ലാ കളക്ടര്‍ക്കും മൂന്ന് തവണ അപേക്ഷ നല്‍കിയിട്ടുംഒന്നും കിട്ടിയില്ല. പഞ്ചായത്തില്‍ നിന്ന് ശുപാര്‍ശ ചെന്നില്ലെന്നായിരുന്നു കളക്ടറുടെ മറുപടി. രാഹുല്‍ ഗാന്ധിയോട് വീട്ടില്‍ കയറണ്ട എന്ന് തനിക്ക് പറയാന്‍ പറ്റുമോ എന്നാണ് രഘുനാഥന്‍ ചോദിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com