വീടുകളിലെ സിറ്റൗട്ടിലും മുറ്റത്തും രക്തക്കറ; റോഡിലെ ചവറുകൂനയില്‍ മൊബൈല്‍ ഫോണ്‍; ഭയന്ന് നാട്ടുകാര്‍

രക്തം ചവിട്ടിക്കയറിയ പോലുള്ള പാടുകളായിരുന്നു എങ്ങും
വീടുകളിലെ സിറ്റൗട്ടിലും മുറ്റത്തും രക്തക്കറ; റോഡിലെ ചവറുകൂനയില്‍ മൊബൈല്‍ ഫോണ്‍; ഭയന്ന് നാട്ടുകാര്‍

ആലുവ; കഴിഞ്ഞ ദിവസം വീടിന് മുന്നിലെ രക്തക്കറ കണ്ടാണ് കീഴ്മാട് കീരംകുന്നിലെ പ്രദേശവാസികള്‍ ഉറക്കമുണര്‍ന്നത്‌. വീടിന്റെ സിറ്റൗട്ടിലും മുറ്റത്തും റോഡിലുമാണ് രക്തക്കറ കണ്ടത്. രക്തം ചവിട്ടിക്കയറിയ പോലുള്ള പാടുകളായിരുന്നു എങ്ങും. അതിനിടെ ചവറുകൂനയില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത് നാട്ടുകാരെ കൂടുതല്‍ ആശങ്കയിലാക്കി. 

കീഴ്മാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് കീരംകുന്നിലെ ഏഴ് വീടുകളിലാണ് രക്തക്കറ കണ്ടത്. കൂടാതെ സമീപത്തെ പഴങ്ങാടി റോഡിലും രക്തം കണ്ടെത്തിയിരുന്നു. മൃഗങ്ങളുടെതാണെന്ന നിഗമനത്തില്‍ നാട്ടുകാര്‍ അന്വേഷണം നടത്തിയതോടെയാണ് സമീപത്തെ ചവറുകൂനയില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കിട്ടിയത്. നാട്ടുകാര്‍ അതിലുണ്ടായിരുന്ന ഫോണിലേക്ക് വിളിച്ചപ്പോള്‍ ബംഗാള്‍ സ്വദേശിയുടേതാണെന്ന് അറിയാന്‍ കഴിഞ്ഞു. ബുധനാഴ്ച രാത്രി 28ഓളം മിസ്ഡ് കോളുകള്‍ ഈ നമ്പറിലേക്ക് വന്നതായി കണ്ടതോടെയാണ് ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചത്. 

മൊബൈല്‍ ഫോണിന്റെ ഉടമയുടെ ഭാര്യയായിരുന്നു മറുതലക്കല്‍. ഫോണ്‍ ഭര്‍ത്താവിന്റേതാണെന്നും കാണാതെ പോവുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കി. ഭര്‍ത്താവ് ഇപ്പോള്‍ കേരളത്തില്‍ നിന്ന് തിരികെ ബംഗാളില്‍ എത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞതോടെയാണ് നാട്ടുകാരുടെ ആശങ്ക മാറിയത്. തുടര്‍ന്ന് പൊലീസ് എത്തി രക്തത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് കെമിക്കല്‍ റീഡണല്‍ ലാബിലേക്ക് അയച്ചു. ഏതെങ്കിലും തരത്തിലുള്ള മുറിവേറ്റ നായയുടെ ചോരയാണ് ഇതെന്നാണ് സംശയിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com