കാസര്‍കോട് നിന്ന് തിരുവനന്തപുരത്തെത്തിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി

ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് അവഗണിച്ച് കുഞ്ഞിനെ ഇത്രയും ദൂരം ആംബുലന്‍സില്‍ കൊണ്ട് വന്ന സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറുടെ വിമര്‍ശനം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഹൃദയവാല്‍വിന്റെ തകരാറുമായി ബന്ധപ്പെട്ട് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടു വന്ന നവജാതശിശുവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അതേസമയം കുഞ്ഞിനെ ഇത്രയും ദൂരം റോഡ് മാര്‍ഗ്ഗം കൊണ്ടുവന്നത് മുന്നറിയിപ്പ് അവഗണിച്ചാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ വിമര്‍ശിച്ചു. 

കുഞ്ഞിന്റെ ആരോഗ്യനില അടുത്ത 48 മണിക്കൂര്‍ തൃപ്തികരമായി തുടരണമെന്നും ഇതിന് ശേഷം മാത്രമേ ഹൃദ്യം പദ്ധതിയില്‍ വേണ്ട ചികിത്സ ലഭ്യമാക്കാന്‍ സാധിക്കൂവെന്നും കുട്ടിയുടെ ബന്ധുക്കളെ നേരത്തേ അറിയിച്ചിരുന്നതായി ഹൃദ്യം സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ ശ്രീഹരി പറഞ്ഞു. അമൃതയിലെ ശിശു നെഞ്ചുരോഗ വിദഗ്ധന്‍ ഡോക്ടര്‍ ബ്രിജേഷ് കുഞ്ഞിന്റെ ബന്ധുക്കളോട് ഇക്കാര്യം സംസാരിച്ചിരുന്നതായും ഡോക്ടര്‍ ശ്രീഹരി പറഞ്ഞു. 

എന്നാല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം കേരള എന്ന സംഘടന ഇടപെട്ട് കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. കുഞ്ഞ് ചികിത്സയിലിരുന്ന മംഗലാപുരത്തെ ആശുപത്രിയിലെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയില്‍ എത്തിച്ചതെന്നാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ഭാരവാഹികള്‍ പറഞ്ഞത്.

ഹൃദ്യം പദ്ധതിയില്‍ സര്‍ക്കാര്‍ ചികിത്സ ഒരുക്കാന്‍ തയ്യാറായിട്ടും, ഡോക്ടര്‍മാരുടെ കര്‍ശന മുന്നറിയിപ്പ് അവഗണിച്ച് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം ശ്രീചിത്രയില്‍ എത്തിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പത് മണിക്കാണ് ഉദുമ സ്വദേശി നാസര്‍ മുനീറ ദമ്പതികളുടെ രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് തിരിച്ചത്.

ഹൃദ്യം പദ്ധതിയില്‍ ചികിത്സ ഉറപ്പാക്കിയിട്ടും ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് അവഗണിച്ച് കുഞ്ഞിനെ ഇത്രയും ദൂരം ആംബുലന്‍സില്‍ കൊണ്ട് വന്ന സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറുടെ വിമര്‍ശനം.
 
'കുട്ടിക്ക് ഹൃദ്യം പദ്ധതി വഴി ചികിത്സ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടും ഒരു കൂട്ടര്‍ കുഞ്ഞിനെ ആംബുലന്‍സില്‍ കയറ്റി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി ലഭിക്കുന്ന പദ്ധതിയായ ഹൃദ്യം, വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. പദ്ധതിയില്‍ ചികിത്സ ലഭിക്കാന്‍ തിരുവനന്തപുരം വരെ സഞ്ചരിക്കേണ്ട കാര്യവുമില്ല. കോഴിക്കോടും എറണാകുളത്തും കോട്ടയം തിരുവല്ലയിലും ചികിത്സ ലഭ്യമാണ്. 

ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഹൃദ്യത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഹൃദ്യം ടീമിന്റെ നിര്‍ദേശ പ്രകാരം മാത്രമേ കുട്ടികളെ കൊണ്ടു പോകാന്‍ പാടുള്ളൂ. ഇത് ലംഘിച്ച് അവര്‍ നിശ്ചയിക്കുന്ന ആശുപത്രിയിലേക്ക് കൊണ്ടു പോകരുത്. സഹായിക്കുന്നത് നല്ല കാര്യമാണ്. പക്ഷെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് അവഗണിച്ച് സഹായിക്കാനെന്ന പേരില്‍ കുട്ടികളെ കൊണ്ടു പോകുന്നവര്‍ക്കായിരിക്കും പിന്നീടുള്ള ഉത്തരവാദിത്വം,' മന്ത്രി വ്യക്തമാക്കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com