പിണറായി സ്വയം വിളിക്കേണ്ട പേരാണ് ഡാഷ്; 'തെരുവുഗുണ്ട'യുടെ പ്രയോഗമെന്ന് കെ സുധാകരന്‍

ഒരു തെരുവ് ഗുണ്ടയില്‍ നിന്നാണ് ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകുന്നത്. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും കെ സുധാകരന്‍
പിണറായി സ്വയം വിളിക്കേണ്ട പേരാണ് ഡാഷ്; 'തെരുവുഗുണ്ട'യുടെ പ്രയോഗമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ നടത്തിയ ഡാഷ് പരാമര്‍ശത്തില്‍ മറുപടിയുമായി കെ സുധാകരന്‍ എംപി. പിണറായി വിജയന്‍ സ്വയം വിളിക്കേണ്ട പേരാണ് 'ഡാഷ്' എന്ന് സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. ഒരു തെരുവ് ഗുണ്ടയില്‍ നിന്നാണ് ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകുന്നത്. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും കെ.സുധാകരന്‍ ആരോപിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്ന നേതാക്കളെ വിമര്‍ശിച്ച് വെള്ളിയാഴ്ച പിണറായി വിജയന്‍ പ്രസംഗിച്ചിരുന്നു. അതിനിടയിലാണ് പിണറായി 'ഡാഷ്' പ്രയോഗം നടത്തിയത്.

മുഖ്യമന്ത്രിയുടെ ഡാഷ് പ്രയോഗത്തിനെതിരെ കെ മുരളീധരന്‍ എംപിയും രംഗത്തെത്തിയിരുന്നു. പശ്ചിമബംഗാളില്‍ സിപിഎം ഇപ്പോള്‍ നരേന്ദ്രമോദിക്ക് ജയ് വിളിക്കുകയാണ്. ഉപദേശം നിര്‍ത്തി പിണറായി വിജയന്‍ സ്വയം നന്നാകണമെന്നും മുരളീധരന്‍ പറഞ്ഞു

കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് മുന്‍പേ പറഞ്ഞതാണ്. എപ്പോഴാണ് അവര്‍ ബിജെപിയിലേക്ക് പോകുക എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഇപ്പോള്‍ അതാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയന്‍ തിരവനന്തപുരത്ത് പറഞ്ഞു. 'ബിജെപി ഒഴുക്കുന്ന പണത്തിന് കൈയ്യും കണക്കുമില്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടി പോകുന്ന ആട്ടിന്‍കുട്ടിയെ പോലെ പോകാന്‍ കുറേ…ശരിയായ വാക്കുണ്ട്. അത് ഞാന്‍ പറയുന്നില്ല. നിങ്ങള്‍ അവിടെ ഒരു ഡാഷ് ഇട്ടാല്‍ മതി. അങ്ങനെയുള്ള ആളുകളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായി ഇരിക്കുന്നത്' പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുല്‍ ഗാന്ധിയെയും പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചു. വിജയിക്കുമ്പോള്‍ മാത്രമാണോ നേതൃത്വം വേണ്ടത് എന്ന് പിണറായി ചോദിച്ചു. പ്രതിസന്ധികളുണ്ടാകുമ്പോഴും സംഘടനയെ നയിക്കാന്‍ കഴിയണം. കോണ്‍ഗ്രസ് ഏറ്റവും അപഹാസ്യമായ നിലയില്‍ എത്തി നില്‍ക്കുകയാണ്. ബിജെപിക്ക് നേതാക്കളെയും അണികളെയും സംഭാവന ചെയ്യുന്നവരായി കോണ്‍ഗ്രസ് മാറിയെന്നും പിണറായി കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com