'പ്രിയ നേതൃത്വമേ, നിങ്ങള്‍ അണികളില്‍ നിന്ന് എത്രയോ പ്രകാശദൂരം അകലെ; ഇതല്ല ഞങ്ങളുടെ ഇടതു പക്ഷം'

കൊടി വലിച്ചെറിഞ്ഞ് മുതലാളിത്തത്തിന്റെ പടിക്കെട്ടുകളില്‍ മഹാപ്രസ്ഥാനങ്ങള്‍ മുട്ടിലിഴയുമ്പോള്‍ ഓരോ നിശ്ശബ്ദനായ അനുയായിയുടെയും, സഹയാത്രികന്റെയും അനുഭാവിയുടെയും ഉള്ളിലിരുന്ന് അത് പുകയുന്നു
'പ്രിയ നേതൃത്വമേ, നിങ്ങള്‍ അണികളില്‍ നിന്ന് എത്രയോ പ്രകാശദൂരം അകലെ; ഇതല്ല ഞങ്ങളുടെ ഇടതു പക്ഷം'

കൊച്ചി: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതിന് പിന്നാലെ ഇടതുപക്ഷ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരനും ഗാനരചയിതാവുമായ റഫീക് അഹമ്മദ്. ഇതല്ല ഞങ്ങളുടെ എസ്എഫ്‌ഐ എന്ന് യൂണിവേഴസിറ്റി കോളേജിലെ കുട്ടികള്‍ വിളിച്ചു പറഞ്ഞപ്പോള്‍ കേരളത്തിലെ ലക്ഷോപലക്ഷം മനുഷ്യര്‍ അഥവാ അണികള്‍ നിശ്ശബ്ദം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതല്ല ഞങ്ങളുടെ ഇടതു പക്ഷം. ഇതല്ല ഞങ്ങളുടെ പുരോഗമന പ്രസ്ഥാനം, ഇതല്ല ഞങ്ങളുടെ ജനാധിപത്യച്ചേരി. ഇതല്ല. ഇതല്ലയെന്ന് റഫീക് അഹമ്മദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നീതി ആഗ്രഹിക്കുന്ന, സമാധാനം ആഗ്രഹിക്കുന്ന സമത്വം പുലരണമെന്ന് ആഗ്രഹിക്കുന്ന ഓരോ മനസ്സിലും ഈ സങ്കട ശബ്ദം വീര്‍പ്പുമുട്ടുന്നുണ്ട്. നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍, പിടിപ്പുകേടുകള്‍ പെരുകുമ്പോള്‍, പണവും അധികാരവും ധാര്‍ഷ്ട്യവും വിലസുമ്പോള്‍, അസഹിഷ്ണുതയും സ്വജന പക്ഷപാതവും വളരുമ്പോള്‍, കുടിപ്പകയുടെ ഒടുങ്ങാത്ത രക്ത ചിത്രങ്ങള്‍ വീണ്ടും വീണ്ടും വരയ്ക്കപ്പെടുമ്പോള്‍ അശ്ലീല മുദ്രകളോടെ താടയും മണികളുമിളക്കി അഹങ്കാരം ചാനലുകള്‍ക്കു മുന്നില്‍ നിറഞ്ഞാടുമ്പോള്‍, നീതിമാന്മാരായ ഉദ്യോഗസ്ഥര്‍ക്ക് പുറത്തേക്ക് കടക്കേണ്ടി വരുമ്പോള്‍, മുടി മുറിച്ചിട്ട് അവസാനത്തെ പച്ചത്തുരുത്തിനു മുന്നില്‍ പ്രകൃതി നിലവിളിക്കുമ്പോള്‍, ചുവപ്പുനാടയുടെ കുരുക്ക് കൂടുതല്‍ മുറുകുമ്പോള്‍, പ്രാചീനരായ നിയമ പാലകരുടെ ഉരുള്‍ത്തടികള്‍ക്കു കീഴില്‍ മനുഷ്യജീവികള്‍ ഞെരിയുമ്പോള്‍, കൊടി വലിച്ചെറിഞ്ഞ് മുതലാളിത്തത്തിന്റെ പടിക്കെട്ടുകളില്‍ മഹാപ്രസ്ഥാനങ്ങള്‍ മുട്ടിലിഴയുമ്പോള്‍ ഓരോ നിശ്ശബ്ദനായ അനുയായിയുടെയും, സഹയാത്രികന്റെയും അനുഭാവിയുടെയും ഉള്ളിലിരുന്ന് അത് പുകയുന്നു.ഇതല്ല .. ഇതല്ല ..പ്രിയ നേതൃത്വമേ, നിങ്ങള്‍ സാധാരണക്കാരായ അണികളില്‍ നിന്ന് എത്രയോ പ്രകാശദൂരം അകലെയാണെന്ന് റഫീക് അഹമ്മദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു


*ഇതല്ല ഞങ്ങളുടെ എസ് എഫ് ഐ*

കേരളം അടുത്ത കാലത്ത് കേട്ട ഏറ്റവും വ്യാകുലമായ സങ്കട ശബ്ദമാണത്. സ്വപ്ന നഷ്ടത്തിന്റെ അലമുറയാണത്. ആ ശബ്ദത്തിന് അത്ര പുറകിലല്ലാതെ നാന്‍ പെറ്റ മകനേ എന്ന ഹൃദയം തകര്‍ക്കുന്ന നിലവിളിയുണ്ട്. പിറകിലേക്ക് അങ്ങനെയുള്ള ഒരുപാടൊരുപാട് നിലവിളികളുടെ ഒടുങ്ങാത്ത അനുരണനങ്ങളുണ്ട്. ഇതല്ല ഞങ്ങളുടെ എസ്.എഫ്.ഐ എന്ന് യൂണിവേഴസിറ്റി കോളേജിലെ കുട്ടികള്‍ വിളിച്ചു പറഞ്ഞപ്പോള്‍ കേരളത്തിലെ ലക്ഷോപലക്ഷം മനുഷ്യര്‍ അഥവാ അണികള്‍ നിശ്ശബ്ദം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതല്ല ഞങ്ങളുടെ ഇടതു പക്ഷം. ഇതല്ല ഞങ്ങളുടെ പുരോഗമന പ്രസ്ഥാനം, ഇതല്ല ഞങ്ങളുടെ ജനാധിപത്യച്ചേരി .. ഇതല്ല. ഇതല്ല.

നീതി ആഗ്രഹിക്കുന്ന, സമാധാനം ആഗ്രഹിക്കുന്ന സമത്വം പുലരണമെന്ന് ആഗ്രഹിക്കുന്ന ഓരോ മനസ്സിലും ഈ സങ്കട ശബ്ദം വീര്‍പ്പുമുട്ടുന്നുണ്ട്. നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍, പിടിപ്പുകേടുകള്‍ പെരുകുമ്പോള്‍, പണവും അധികാരവും ധാര്‍ഷ്ട്യവും വിലസുമ്പോള്‍, അസഹിഷ്ണുതയും സ്വജന പക്ഷപാതവും വളരുമ്പോള്‍, കുടിപ്പകയുടെ ഒടുങ്ങാത്ത രക്ത ചിത്രങ്ങള്‍ വീണ്ടും വീണ്ടും വരയ്ക്കപ്പെടുമ്പോള്‍ അശ്ലീല മുദ്രകളോടെ താടയും മണികളുമിളക്കി അഹങ്കാരം ചാനലുകള്‍ക്കു മുന്നില്‍ നിറഞ്ഞാടുമ്പോള്‍, നീതിമാന്മാരായ ഉദ്യോഗസ്ഥര്‍ക്ക് പുറത്തേക്ക് കടക്കേണ്ടി വരുമ്പോള്‍, മുടി മുറിച്ചിട്ട് അവസാനത്തെ പച്ചത്തുരുത്തിനു മുന്നില്‍ പ്രകൃതി നിലവിളിക്കുമ്പോള്‍, ചുവപ്പുനാടയുടെ കുരുക്ക് കൂടുതല്‍ മുറുകുമ്പോള്‍, പ്രാചീനരായ നിയമ പാലകരുടെ ഉരുള്‍ത്തടികള്‍ക്കു കീഴില്‍ മനുഷ്യജീവികള്‍ ഞെരിയുമ്പോള്‍, കൊടി വലിച്ചെറിഞ്ഞ് മുതലാളിത്തത്തിന്റെ പടിക്കെട്ടുകളില്‍ മഹാപ്രസ്ഥാനങ്ങള്‍ മുട്ടിലിഴയുമ്പോള്‍ ഓരോ നിശ്ശബ്ദനായ അനുയായിയുടെയും, സഹയാത്രികന്റെയും അനുഭാവിയുടെയും ഉള്ളിലിരുന്ന് അത് പുകയുന്നു.
ഇതല്ല .. ഇതല്ല ..

പ്രിയ നേതൃത്വമേ, നിങ്ങള്‍ സാധാരണക്കാരായ അണികളില്‍ നിന്ന് എത്രയോ പ്രകാശദൂരം അകലെയാണ്.

നിങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നത് നീതിബോധമുള്ള സാധാരണക്കാരന്റെ സ്വപ്നങ്ങളുടെ മണ്ണിലാണ്. അത് ഒലിച്ചുപോവുകയാണ്. ഓര്‍ക്കണം, മനസ്സു വെയ്ക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com