ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; കുടുംബം ഹൈക്കോടതിയിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2019 12:35 PM  |  

Last Updated: 14th July 2019 12:35 PM  |   A+A-   |  

balu

 

കൊച്ചി; വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്. ബാലഭാസ്‌കറുടെ അപകടമരണത്തിലെ ദുരൂഹത നീക്കാന്‍ കഴിഞ്ഞില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. 

ബാലഭാസ്‌കറിന്റെയും മകളുടേയും മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമാണെന്നും കുറ്റക്കാരെ കണ്ടെത്താന്‍ ഫലപ്രദമായ അന്വേഷണം വേണമെന്നും ആണ് തുടക്കം മുതല്‍ കുടുംബം ആവശ്യപ്പെടുന്നത്. കേസന്വേഷണത്തിന്  ഹൈക്കോടതി നേരിട്ട് മേല്‍നോട്ടം നല്‍കുന്നതിന്റെ സാധ്യതകള്‍ തേടി കുടുംബം അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. 

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെയാണ് സംശയങ്ങള്‍ കൂടുതല്‍ ബലപ്പെട്ടത്. എന്നാല്‍ ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെയാണ് എന്ന വിലയിരുത്തലിലായിരുന്നു അന്വേഷണ സംഘം. ദൃക്‌സാക്ഷികളേയും പ്രദേശത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. 2018 ഒക്‌ടോബര്‍ രണ്ടിനാണ് കാര്‍  അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിക്കുന്നത്. ഭാര്യ ലക്ഷ്മി ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു.