യുപി സ്‌കൂളിലെ 59 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; തൃത്താലക്കാരനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

കടയില്‍ മിഠായിയും മറ്റും വാങ്ങാനെത്തുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ചൂഷണംചെയ്തുവന്നിരുന്നത്
യുപി സ്‌കൂളിലെ 59 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; തൃത്താലക്കാരനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

പട്ടാമ്പി: തൃത്താലമേഖലയിലെ ഒരു യുപി സ്‌കൂളിലെ 59 വിദ്യാര്‍ഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് സ്‌റ്റേഷനറി കടയുടമ കക്കാട്ടിരി സ്വദേശി പൂലേരി വളപ്പില്‍ കൃഷ്ണനെതിരേ (57) പോക്‌സോ നിയമപ്രകാരം കേസെടുത്തതായി തൃത്താല പൊലീസ് പറഞ്ഞു.

കൃഷ്ണനെ പിടികൂടാനായിട്ടില്ല. ഇയാളുടെ കക്കാട്ടിരിയിലെ വീട്ടിലും പോലീസ് പരിശോധന നടത്തി. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കടയില്‍ മിഠായിയും മറ്റും വാങ്ങാനെത്തുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ചൂഷണംചെയ്തുവന്നിരുന്നത്. വ്യാഴാഴ്ചയാണ് ഒരു കുട്ടിയില്‍നിന്ന് ഇക്കാര്യം പുറത്തറിയുന്നത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ കുട്ടികളും തങ്ങള്‍ക്കുണ്ടായ ദുരനുഭവം അധ്യാപകരോട് പങ്കുവെച്ചു.

തുടര്‍ന്ന്, അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ സംഭവം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാലയത്തിലെത്തി കുട്ടികളില്‍നിന്ന് മൊഴി രേഖപ്പെടുത്തി. ഇത്തരത്തില്‍ പരാതിപറഞ്ഞ 59 പെണ്‍കുട്ടികളില്‍നിന്ന് പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വെള്ളിയാഴ്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചൂഷണത്തിനിരയായ കുട്ടികള്‍ക്ക് കൗണ്‍സലിങ്ങും രക്ഷിതാക്കള്‍ക്കായി നിയമ ബോധവത്കരണ ക്ലാസും നല്‍കി.

രക്ഷിതാക്കളുടെയും ചൈല്‍ഡ് ലൈനിന്റെയും പരാതിയനുസരിച്ച് തൃത്താല പോലീസ് വിദ്യാലയത്തിലെ പത്ത് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. വരുംദിവസങ്ങളില്‍ മറ്റുള്ള കുട്ടികളുടെ മൊഴിയെടുക്കും. വര്‍ഷങ്ങളായി കുട്ടികളെ ഇയാള്‍ ചൂഷണത്തിനിരയാക്കിവന്നിരുന്നതായി വിവരംലഭിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക പറഞ്ഞു. ഇയാളുടെ ഭീഷണിയെത്തുടര്‍ന്ന് കുട്ടികള്‍ കാര്യങ്ങള്‍ പുറത്തുപറയാന്‍ മടിക്കയായിരുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ദുരനുഭവം നേരിട്ടുവന്നിരുന്നതെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com