അഖിലിനെ കുത്തിയത് കൊല്ലാനുദ്ദേശിച്ച് തന്നെ ; ജാമ്യം നല്‍കിയാല്‍ കോളേജില്‍ കലാപമുണ്ടാക്കും ; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. യൂണിയന്‍ ഓഫീസ് ക്ലാസ് റൂമാക്കി മാറ്റുമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍
അഖിലിനെ കുത്തിയത് കൊല്ലാനുദ്ദേശിച്ച് തന്നെ ; ജാമ്യം നല്‍കിയാല്‍ കോളേജില്‍ കലാപമുണ്ടാക്കും ; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്


തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നു പ്രതികള്‍ കുത്തിയതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുത്. കേസില്‍ കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. മാത്രമല്ല, കേസിലെ നിര്‍ണായക തെളിവായ കത്തി കണ്ടെടുക്കേണ്ടതുണ്ട്. 

ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്. പ്രതികള്‍ യൂണിവേഴ്‌സിറ്റി കോളേജിലെത്തി വീണ്ടും അക്രമം അഴിച്ചുവിടാനും സാധ്യതയുണ്ടെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എസ്എഫ്‌ഐ യൂണിറ്റിനെ ധിക്കരിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് നേരത്തെ പിടിച്ച ആദില്‍, അദ്വൈത്, ആരോമല്‍ എന്നിവരെ 29 വരെ കോടതി റിമാന്‍ഡ് ചെയ്തു. 

കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. പെട്ടെന്നുണ്ടായ പ്രകോപനമാണ് കത്തിക്കുത്തിന് കാരണമായതെന്നാണ് പ്രതികള്‍ ഇരുവരും പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. അഖിലിനെ കൊലപ്പെടുത്തുക ലക്ഷ്യമിട്ടാണ് പ്രതികള്‍ എത്തിയതെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 

അതേസമയം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. യൂണിയന്‍ ഓഫീസ് ക്ലാസ് റൂമാക്കി മാറ്റുമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇത് ക്ലാസ് റൂമാക്കി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്ന് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ നാളെ തന്നെ കോളേജ് തുറക്കും. പൊലീസിന്റെ സംരക്ഷണം വേണമെങ്കില്‍ അതും തേടുമെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കോളേജിലെ യൂണിയന്‍ പ്രവര്‍ത്തനം ഇനി അധ്യാപകരുടെ നിയന്ത്രണത്തില്‍ മതിയെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. 

അതിനിടെ വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ സീല്‍ വ്യാജമാണെന്ന് ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ അറിയിച്ചു. സീല്‍ തന്റേതല്ലെന്നും, ഓഫീസില്‍ നിന്നും സീല്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. സീല്‍ വ്യാജമാണെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറും വ്യക്തമാക്കി. ശിവരഞ്ജിത്തിന്റെ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പരിഗണിച്ച് സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റും പൊലീസ് പരിശോധിച്ചുവരികയാണ്. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പൊലീസ് പിഎസ്‌സിയ്ക്ക് കത്തയച്ചു. 
 

സ്പോര്‍ട്സ് ക്വാട്ടയിലാണ് ശിവരഞ്ജിത്ത് റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്. ഈയിനത്തില്‍ 13.58 മാര്‍ക്കാണ്  ശിവരഞ്ജിത്തിന് നല്‍കിയിരിക്കുന്നത്. അതേസമയം  ശിവരഞ്ജിത്ത് ഒന്നാമതെത്തിയതിനെ ന്യായീകരിച്ച് പൊലീസ് അസോസിയേഷന്‍ രം​ഗത്തെത്തി. ഗ്രേസ് മാര്‍ക്കോടെ  ഒന്നാംറാങ്ക് നേടിയതില്‍ അല്‍ഭുതമില്ലെന്നാണ്  പൊലീസ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി ബിജുവിന്റെ വാദം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com