അസുഖമെന്ന് ബിനോയ് കോടിയേരി ; ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിള്‍ നല്‍കിയില്ല

സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിള്‍ നല്‍കണമെന്ന് കഴിഞ്ഞ ആഴ്ച പൊലീസ് ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു
അസുഖമെന്ന് ബിനോയ് കോടിയേരി ; ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിള്‍ നല്‍കിയില്ല


മുംബൈ: ലൈംഗിക പീഡനകേസില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഇന്ന് രക്തസാംപിള്‍ നല്‍കാനാവില്ലെന്ന് ബിനോയ് കോടിയേരി മുംബൈ ഓഷിവാര പൊലീസിനെ അറിയിച്ചു. തനിക്ക് അസുഖമാണെന്നും രക്തസാംപിള്‍ എടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ബിനോയ് കോടിയേരി ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥ പ്രകാരം ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിള്‍ നല്‍കണമെന്ന് കഴിഞ്ഞ ആഴ്ച പൊലീസ് ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. 

രാവിലെ 11.30 ഓടെയാണ് ബിനോയ് ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയത്. അരമണിക്കൂര്‍ സ്‌റ്റേഷനില്‍ കാത്തിരുന്ന ശേഷമാണ് ബിനോയ് കോടിയേരിയെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിപ്പിച്ചത്. രക്തപരിശോധനയ്ക്ക് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുപോകാനായിരുന്നു പൊലീസ് തീരുമാനം. ഇതനുസരിച്ച് ആശുപത്രിയിലേക്ക് പോകാമെന്ന് പൊലീസ് സൂചിപ്പിച്ചപ്പോഴാണ്, അസുഖമാണെന്നും രക്തസാംപിള്‍ എടുക്കുന്നത് മാറ്റണമെന്നും ആവശ്യപ്പെട്ടത്. 

കോടതി ഉത്തരവ് പ്രകാരം അടുത്തയാഴ്ച എത്തുമ്പോള്‍ പരിശോധനയോട് സഹകരിക്കാമെന്നും ബിനോയിയും അഭിഭാഷകനും അറിയിച്ചു. ഇതേത്തുടര്‍ന്ന് രക്തസാംപിള്‍ പരിശോധന അടുത്ത ആഴ്ചയിലേക്ക് മാറ്റാന്‍ പൊലീസ് തീരുമാനിച്ചു. ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതി  ബിനോയ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. 

കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിന് യുവതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഡിഎന്‍എ പരിശോധന നടത്താന്‍ അന്വേഷണ സംഘം തയ്യാറാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിള്‍ നല്‍കണമെന്ന് മുംബൈ കോടതിയും ബിനോയ് കോടിയേരിയോട് നിര്‍ദേശിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com