യൂണിവേഴ്‌സിറ്റി കോളജ് ആക്രമണം: ഒരിക്കലും നടക്കാന്‍ പാടില്ലാത്തതെന്ന് മുഖ്യമന്ത്രി; അന്വേഷണത്തില്‍ ലാഘവത്വമില്ല

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
യൂണിവേഴ്‌സിറ്റി കോളജ് ആക്രമണം: ഒരിക്കലും നടക്കാന്‍ പാടില്ലാത്തതെന്ന് മുഖ്യമന്ത്രി; അന്വേഷണത്തില്‍ ലാഘവത്വമില്ല

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ അക്രമത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോളജിലുണ്ടായത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത വിഷയമാണ് എന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ ഒരു ലാഘവത്വവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒരുകാരണവശാലും കലാലയത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നത്. അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്കാണ് നീങ്ങുന്നത്. അതിപ്പോള്‍ത്തന്നെ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാല്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായശിവരഞ്ജിത്തിനെയും നസീമിനെയും റിമാന്‍ഡ് ചെയ്തു. ഈ മാസം 29 വരെയാണ് റിമാന്‍ഡ് കാലാവധി. കൈയ്‌ക്കേറ്റ പരിക്കിന് കിടത്തി ചികിത്സ വേണമെന്ന ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളി. അഭിഭാഷകനുമായി സംസാരിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.

പെട്ടെന്നുണ്ടായ പ്രകോപനമാണ് കത്തിക്കുത്തിന് കാരണമായതെന്നാണ് പ്രതികള്‍ ഇരുവരും പൊലീസിനോട് പറഞ്ഞത്. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളജിലെ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നു പ്രതികള്‍ കുത്തിയതെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്. പ്രതികള്‍ യൂണിവേഴ്‌സിറ്റി കോളജിലെത്തി വീണ്ടും അക്രമം അഴിച്ചുവിടാനും സാധ്യതയുണ്ടെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

എസ്എഫ്‌ഐ യൂണിറ്റിനെ ധിക്കരിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത ആദില്‍, അദ്വൈത്, ആരോമല്‍ എന്നിവരെ 29 വരെ നേരത്തെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com