ആ തൂണ്‍ അതല്ല, കാലപ്പഴക്കം കൂടുതല്‍; ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് 

നെട്ടൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തോടൊപ്പം കിട്ടിയ കോണ്‍ക്രീറ്റ് തൂണ്‍ കഷണം കുമ്പളം കായലോരത്തെ തൂണിന്റെ ഭാഗമാണെന്ന സംശയം ശരിയല്ലെന്ന് പൊലീസ്
ആ തൂണ്‍ അതല്ല, കാലപ്പഴക്കം കൂടുതല്‍; ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് 

കൊച്ചി: നെട്ടൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തോടൊപ്പം കിട്ടിയ കോണ്‍ക്രീറ്റ് തൂണ്‍ കഷണം കുമ്പളം കായലോരത്തെ തൂണിന്റെ ഭാഗമാണെന്ന സംശയം ശരിയല്ലെന്ന് പൊലീസ്. ഒറ്റ നോട്ടത്തില്‍ സാമ്യം തോന്നുമെങ്കിലും കുമ്പളം തൂണിന് കാലപ്പഴക്കം കൂടുതലുണ്ടെന്ന് പൊലീസ് പറയുന്നു.

ഒന്നര വര്‍ഷം മുന്‍പ് ചാക്കില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ നെട്ടൂരില്‍ കണ്ടെത്തിയ അജ്ഞാത യുവാവിന്റെ മൃതദേഹം സംബന്ധിച്ച് നിര്‍ണായ വഴിത്തിരിവ് എന്ന നിലയില്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേസില്‍ അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്. മൃതദേഹം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കോണ്‍ക്രീറ്റ് കഷണത്തോട് സാദൃശ്യമുളള കോണ്‍ക്രീറ്റ് തൂണ്‍ കുമ്പളത്ത് കണ്ടെത്തി എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. മസ്ജിദ് റോഡിന് കിഴക്കുഭാഗത്തെ ഒഴിഞ്ഞ പറമ്പിനോട് ചേര്‍ന്ന കായലോരത്തുളള തൂണിന്റെ പൊട്ടിയ ഭാഗത്തിന് ചാക്കില്‍ കണ്ടെത്തിയ കഷണത്തോട് സാദൃശ്യമുണ്ടെന്ന സംശയം ബലപ്പെടുകയായിരുന്നു.

വാര്‍ത്ത പുറത്തുവന്ന ഉടനെ തന്നെ അന്വേഷണത്തിന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. അടുത്തിടെ നടന്ന കൊലപാതകങ്ങളില്‍ മൃതദേഹങ്ങള്‍ ഒളിപ്പിക്കുന്നതിലെ സാദൃശ്യം ശ്രദ്ധിച്ച ഒരു മത്സ്യത്തൊഴിലാളിയാണ് കുമ്പളത്തെ തൂണില്‍ സംശയം പ്രകടിപ്പിച്ചത്.

ഇരുതൂണുകളും കാഴ്ചയിലും വലുപ്പത്തിലും സാമ്യമുളളതാണെങ്കിലും കുമ്പളത്തേതിന് 25 വര്‍ഷമെങ്കിലും പഴക്കം തോന്നിക്കുന്നതായി ഇപ്പോള്‍ അന്വേഷണചുമതലയുളള പനങ്ങാട് സിഐ കെ ശ്യാം പറഞ്ഞു. സമീപത്ത് മറിഞ്ഞുകിടന്ന മറ്റൊരു തൂണും പൊലീസ് പരിശോധിച്ചു.
ഫൊറന്‍സിക് പരിശോധന അടുത്ത ദിവസം ഉണ്ടാകും. മൃതദേഹത്തൊടൊപ്പം കിട്ടിയ തൂണിന്റെ കഷണത്തില്‍ ഗേറ്റ് പൊളിച്ചെടുത്തതിന്റെ ലക്ഷണങ്ങളാണുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com