'ഇരുപത് ദിവസമായി വീട്ടില്‍ വെള്ളം കിട്ടാതെ'; മന്ത്രി ഇടപെട്ടു; എല്ലാം ശരിയാകുമെന്ന് പ്രതീക്ഷയെന്ന് എംടി വാസുദേവന്‍ നായര്‍

രണ്ടുമാസത്തെ വെള്ളക്കരമായി 900 രൂപ അടച്ചു. എന്നാല്‍ വെള്ളം മുടങ്ങുന്നു. ഇത് പതിവായപ്പോഴാണ് പൊതുചടങ്ങില്‍ പ്രതികരിച്ചത്.
'ഇരുപത് ദിവസമായി വീട്ടില്‍ വെള്ളം കിട്ടാതെ'; മന്ത്രി ഇടപെട്ടു; എല്ലാം ശരിയാകുമെന്ന് പ്രതീക്ഷയെന്ന് എംടി വാസുദേവന്‍ നായര്‍

കോഴിക്കോട്: എംടിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെ വീട്ടിലെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം. തിങ്കളാഴ്ച രാവിലെ എംടി വാസുദേവന്‍നായരുടെ വീട്ടിലെത്തിയ ജല അതേറിറ്റി ഉദ്യോഗസ്ഥര്‍ പൈപ്പിന്റെ ചോര്‍ച്ച പരിഹരിച്ച് വീട്ടിലേക്ക് വെള്ളമുറപ്പാക്കി.

കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയിലെത്തിയ ഉദ്യോഗസ്ഥര്‍ പൈപ്പുകള്‍ പരിശോധിച്ച് വീടിന്റെ താഴത്തെ നിലയിലുള്ള സംഭരണിയില്‍ വെള്ളം കൃത്യമായി വരുന്നുണ്ടെന്നുറപ്പാക്കി. എംടിയെ കാര്യങ്ങളും ധരിപ്പിച്ചു. ഇരുപത് ദിവസമായി വീട്ടില്‍ വെള്ളം കിട്ടാത്തത് കഴിഞ്ഞ ദിവസം എംടി പൊതുവേദിയില്‍ പറഞ്ഞിരുന്നു. മന്ത്രി തോമസ് ഐസക്കും മേയറുമുള്ള ചടങ്ങിലായിരുന്നു പരാമര്‍ശം. ഇത് വാര്‍ത്തയാതോടെയാണ് ജല അതോറിറ്റി അധികൃതര്‍ എംടിയുടെ വീട്ടിലെത്തിയത്.

ഉദ്യോഗസ്ഥ ഇടപെടലില്‍ എംടി സന്തോഷം പ്രകടിപ്പിച്ചു. താന്‍ തിങ്കളാഴ്ചയും രണ്ടുമാസത്തെ വെള്ളക്കരമായി 900 രൂപ അടച്ചു. എന്നാല്‍ വെള്ളം മുടങ്ങുന്നു. ഇത് പതിവായപ്പോഴാണ് പൊതുചടങ്ങില്‍ പ്രതികരിച്ചത്. തന്റെ കാര്യമല്ല പറഞ്ഞത്. നഗരവാസികളുടെ അവസ്ഥ ഇതാണ്. അതാണ് സൂചിപ്പിച്ചതെന്നും എംടി പറഞ്ഞു. പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞ് മന്ത്രി തോമസ് ഐസക് വിളിച്ചിരുന്നു, മന്ത്രി പ്രത്യേകതാത്പര്യമെടുത്തതില്‍ സന്തോഷമുണ്ട്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയുണ്ടെന്ന് എംടി പറഞ്ഞു.

എംടിയുടെ 86ാം പിറന്നാള്‍ ദിനം തിങ്കളാഴ്ച സാധാരണദിനം പോലെ കടന്നുപോയി. ആഘോഷമോ പ്രത്യേക പരിപാടികളോ ഒന്നുമുണ്ടായിരുന്നില്ല. ജല അതോറിറ്റിക്കാരെത്തിയല്ലാതെ ചുരുക്കം സന്ദര്‍ശകരേ ജന്മദിനത്തില്‍ എഴുത്തുകാരനെ കാണാന്‍ വീട്ടിലെത്തിയുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com