എസ്എഫ്‌ഐയുടെ ശവദാഹത്തിന് മുതിരേണ്ട; സ്ഥാപനത്തെ കളങ്കപ്പെടുത്തരുതെന്ന് കെ ടി ജലീല്‍ 

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമത്തിന്റെ പേരില്‍ എസ്എഫ്‌ഐയെ താറടിക്കേണ്ടെന്ന് മന്ത്രി കെ ടി ജലീല്‍
എസ്എഫ്‌ഐയുടെ ശവദാഹത്തിന് മുതിരേണ്ട; സ്ഥാപനത്തെ കളങ്കപ്പെടുത്തരുതെന്ന് കെ ടി ജലീല്‍ 

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമത്തിന്റെ പേരില്‍ എസ്എഫ്‌ഐയെ താറടിക്കേണ്ടെന്ന് മന്ത്രി കെ ടി ജലീല്‍. യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. അതിന്റെ പേരില്‍ സ്ഥാപനത്തെ കളങ്കപ്പെടുത്തരുതെന്നും കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോളേജിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എസ്എഫ്‌ഐയുടെ ശവദാഹത്തിന് മുതിരേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ അനാശാസ്യപ്രവണതകള്‍ ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത വിഷയമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. അന്വേഷണത്തില്‍ ഒരു ലാഘവത്വവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്കാണ് നീങ്ങുന്നത്. അതിപ്പോള്‍ത്തന്നെ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യില്‍ ആശയങ്ങളാണ് വേണ്ടത്, ആയുധങ്ങളല്ല എന്നതായിരുന്നു ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വി എസ് അച്യുതാനന്ദന്റെ പ്രതികരണം.ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി ക്യാമ്പസ്സുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്‌നമുണ്ട്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്‍പ്പില്ല എന്നു വേണം കരുതാനെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com