'ചെറിയാന്‍, അന്നു പാളയത്ത് സിഐടിയു പ്രവര്‍ത്തനം തുടങ്ങിയിട്ടുപോലുമില്ലല്ലോ?'  മര്‍ദനമേറ്റ 'കഥ'യ്ക്കു തിരുത്ത്; കുറിപ്പ് 

'ചെറിയാന്‍, അന്നു പാളയത്ത് സിഐടിയു പ്രവര്‍ത്തനം തുടങ്ങിയിട്ടുപോലുമില്ലല്ലോ?'  മര്‍ദനമേറ്റ 'കഥ'യ്ക്കു തിരുത്ത്; കുറിപ്പ് 
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രങ്ങള്‍
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രങ്ങള്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനകാലത്ത് യൂണിയന്‍ തെരഞ്ഞെടുപ്പു കഴിഞ്ഞയുടനെ സിഐടിയുക്കാരില്‍നിന്നു  മര്‍ദനമേറ്റെന്ന, മുന്‍ കെഎസ്‌യു നേതാവ് ചെറിയാന്‍ ഫിലിപ്പിന്റെ വാദം തള്ളി അന്നത്തെ എസ്എഫ്‌ഐ നേതാവും മാധ്യമപ്രവര്‍ത്തകനുമായ ജി ശക്തിധരന്‍. ചെറിയാന്‍ ഫിലിപ്പിനു മര്‍ദനമേറ്റെന്നു പറയുന്ന 1972ല്‍ പാളയം ചന്തയില്‍ സിഐടിയു പ്രവര്‍ത്തനം തുടങ്ങിയിട്ടു പോലുമില്ലെന്ന് ശക്തിധരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സിഐടിയുക്കാരില്‍നിന്നു മര്‍ദനമേറ്റെന്ന്, ഇപ്പോള്‍ ഇടതു സഹയാത്രികനായ  ചെറിയാന്‍ വാദമുന്നയിച്ചത്.

എസ്എഫ്‌ഐ ആക്രമണത്തിന്റെ ഇരയാണു താനെന്ന ചെറിയാന്റെ വാദം ശുദ്ധ അസംബന്ധമാണെന്ന് ശക്തിധരന്‍ കുറിപ്പില്‍ പറയുന്നു. ആ ഘട്ടത്തില്‍ സി ഐ ടി യു ചുമട്ടുതൊഴിലാളി സംഘടന പാളയത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. തെരെഞ്ഞെടുപ്പ് ദിവസം ആ കോളജിലെ വിദ്യാര്‍ഥി ആണെന്ന തിരിച്ചറിയല്‍ കാര്‍ഡ് പൊലീസിനെ കാണിച്ചാലേ ആര്‍ക്കും കോളജില്‍ പ്രവേശിക്കാന്‍ പറ്റൂ. വോട്ടെണ്ണല്‍ നടന്ന രണ്ടാം നിലയിലെ പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ടുമെന്റില്‍ ആ ദിവസം ഒരുതരത്തിലുള്ള വാക്കേറ്റമോ സംഘര്‍ഷമോ ഉണ്ടായിരുന്നില്ലെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ചെറിയാനെ  ഇത്തരത്തില്‍ രണ്ടാം നിലയില്‍ നിന്ന് നിലത്തു എടുത്തെറിഞ്ഞു എന്നൊരു വാര്‍ത്ത ഏതെങ്കിലും മാധ്യമം അന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നും ശക്തിധരന്‍ ചോദിക്കുന്നു.

ജി ശക്തിധരന്റെ കുറിപ്പ്: 

' ഒരു രൂപ നോട്ടുകൊടുത്താല്‍ 
ഭാര്‍ഗവി 'അമ്മ കൂടെപ്പോരും'

' ഒരു രൂപ നോട്ടുകൊടുത്താല്‍ ഭാര്‍ഗവി 'അമ്മ കൂടെപ്പോരും' എന്ന പഴയൊരു പാട്ട് തലസ്ഥാനത്തെ എഴുപതുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പരിചിതമായിരുന്നു. 1973 ഒക്ടോബര്‍ 5 ലെ ഒരു പത്രവാര്‍ത്തയാണ് ഇതിന്റെ പശ്ചാത്തലം. ലോട്ടറി ടിക്കറ്റ് എന്ന സിനിമയിലെ ഹൃദയഹാരിയായ പാട്ടിന്റെ പാരഡി ആയിരുന്നു ഇത്. 
സംസ്ഥാനത്തെ ഏറ്റവും പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയായ കെ എസ് യു വിന്റെ സംസ്ഥാന പ്രസിഡണ്ട് ബി എ പരീക്ഷയില്‍ വിജയിക്കാന്‍ ചില അധ്യാപകരെ സ്വാധീനിച്ചു ഉത്തരക്കടലാസിലെ യഥാര്‍ത്ഥ മാര്‍ക്ക് തിരുത്തി എന്നായിരുന്നു അന്നത്തെ വാര്‍ത്ത. ധനുവച്ചപുരം എന്‍ എസ് എസ് കോളജിലെ ഹിസ്റ്ററി അധ്യാപികയായിരുന്ന ശ്രീമതി ഭാര്‍ഗവി 'അമ്മ യായിരുന്നു അതില്‍ ഒരാള്‍. പ്രസിദ്ധ മാധ്യമ പ്രവര്‍ത്തകനായ കെ വി എസ് ഇളയത് ഇതുമായി ബന്ധപ്പെട്ട സര്‍വ്വകലാശാലാ രേഖകള്‍ അടക്കം കേരളം ശബ്ദത്തില്‍ കവര്‍ സ്‌റ്റോറിയാക്കി. കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിലും പൊതുസമൂഹത്തിലും ഈ വാര്‍ത്ത കോളിളക്കം സൃഷ്ടിച്ചു.നിയമസഭയിലും പുറത്തും ഇത് കത്തിക്കാളി. ഈ നേതാവ് യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു. പിന്നീട് എം എല്‍ എ യും മന്ത്രിയുമായി. ഇപ്പോള്‍ എസ് എഫ് ഐ യുടെ യൂണിറ്റ് സെക്രട്ടറി പി എസ് സി പരീക്ഷയില്‍ തിരിമറി നടത്തിയ ആരോപണത്തിന്മേല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ കെ എസ് യു സമരഭടന്മാരെ ആശീര്‍വദിച്ചു പ്രസംഗിക്കാന്‍ വന്നപ്പോള്‍ കാട്ടിയ വീര്യം കണ്ടപ്പോളാണ് ഈ ഗതകാല സംഭവത്തിലേക്ക് മനസ്സ് പോയത്. അന്ന് യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ എസ് എഫ് ഐ സ്ഥാപിച്ച ഇതുസംബന്ധിച്ച ഒരു ബോര്‍ഡ് സംരക്ഷിക്കാന്‍ ഏറെ രാവുകള്‍ ഉറങ്ങാതിരുന്നിട്ടുണ്ട്. പാളയത്ത് കടവരാന്തകളിലാണ് ഞങ്ങള്‍ ആ ബോര്‍ഡ് കാക്കാന്‍ രാത്രി കിടന്നിരുന്നത്. അങ്ങിനെയൊരുകാലം.
എന്നാല്‍ അതിലേറെ കൗതുകകരം അക്കാലത്തു കെ എസ് യു വിന്റെ പ്രസിദ്ധീകരണമായ കലാശാല യുടെ ചുമതലക്കാരനായിരുന്ന ശ്രീ ചെറിയാന്‍ ഫിലിപ്പാണ് ഈ നേതാവിന്റെ തുണയ്ക്കു കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ അദ്ദേഹം ഇടതുപക്ഷത്തെ ചാരിയാണ് നില്‍ക്കുന്നതെങ്കിലും എസ് എഫ് ഐ യുടെ ചങ്കില്‍ കഠാര കുത്തികയറ്റുന്നതില്‍ തെല്ലും വിട്ടുവീഴ്ച ഇപ്പോഴും ചെയ്യുന്നില്ല. ഇന്നത്തെ ഒരു പത്രത്തില്‍ അദ്ദേഹം എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ' അവരെന്റെ നട്ടെല്ല് തകര്‍ത്തു, വിവാഹമോഹങ്ങളും' തലസ്ഥാനത്തെ സൈമണ്‍ ബ്രിട്ടോ ആകാനാണോ ചെറിയാന്റെ ശ്രമം എന്നറിയില്ല. 1972 ലെ യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍; കഴിഞ്ഞുടനെ പാഞ്ഞെത്തിയ പാളയം ചന്തയിലെ സി ഐ റ്റി യുക്കാര്‍ കോളജ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന്‌പൊക്കി താഴേക്ക് എറിഞ്ഞുവെന്നാണ് ലേഖനത്തില്‍ പറയുന്നത്.ഇന്നത്തെ സാഹചര്യത്തില്‍ ആരും ഇത് വിശ്വസിച്ചുപോകും. 
സത്യമെന്താണെന്ന് അവിടെ ഉണ്ടായിരുന്നവര്‍ക്ക് നന്നായറിയാം. ഒന്നാമത്തെ കാര്യം ആ ഘട്ടത്തില്‍ സി ഐ റ്റി യു ചുമട്ടുതൊഴിലാളി സംഘടന പാളയത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. രണ്ടാമത്, തെരെഞ്ഞെടുപ്പ് ദിവസം ആ കോളജിലെ വിദ്യാര്‍ഥി ആണെന്ന തിരിച്ചറിയല്‍ കാര്‍ഡ് കോളജ് കവാടത്തില്‍ പോലീസിനെ കാണിച്ചാലേ ആര്‍ക്കും കോളജില്‍ പ്രവേശിക്കാന്‍ പറ്റൂ. മൂന്നാമത്, വോട്ടെണ്ണല്‍ നടന്ന രണ്ടാം നിലയിലെ പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ടുമെന്റില്‍ ആ ദിവസം ഒരുതരത്തിലുള്ള വാക്കേറ്റമോ സംഘര്‍ഷമോ ഉണ്ടായിരുന്നില്ല.നാലാമത്, ഫലം പുറത്തുവന്നുടനെ നടന്ന ആഹ്ലാദ പ്രകടനം പാളയം വഴി നഗരം ചുറ്റിയപ്പോള്‍ എം എം ഹസ്സനും ചെറിയാനും മറ്റും ഹാരാര്‍പ്പിതരായി മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു. ആ ഘോഷയാത്രക്ക് പിന്നാലെയായിരുന്നു എസ് എഫ് ഐ പ്രകടനം.അപ്പോഴും സംഘര്‍ഷമേ ഉണ്ടായിരുന്നില്ല. ഒന്നുകൂടി പറഞ്ഞോട്ടെ, തലസ്ഥാനത്തെ മാധ്യമങ്ങളില്‍ രാവിനെപ്പകലാക്കുന്ന വാര്‍ത്ത വരുത്തിക്കാന്‍ സ്വാധീനശക്തിയുണ്ടായിരുന്ന ആളായിരുന്നല്ലോ ചെറിയാന്‍. അദ്ദേഹത്തിനെ ഇത്തരത്തില്‍ രണ്ടാം നിലയില്‍ നിന്ന് നിലത്തു എടുത്തെറിഞ്ഞു എന്നൊരു വാര്‍ത്ത ഏതെങ്കിലും മാധ്യമം അന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ടോ ? എസ് എഫ് ഐ ആക്രമണത്തിന്റെ ഇര എന്ന വാദം ശുദ്ധ അസംബന്ധമാണ്. ചെറിയാന് നട്ടെല്ലിനോ മറ്റേതെങ്കിലും ഗ്രന്ഥികള്‍ക്കോ തകരാര്‍ ഉണ്ടാകാം. അതെനിക്കറിയില്ല. പക്ഷെ അത് എസ എഫ് ഐ യുടെ തലയില്‍ വെച്ചുകെട്ടുകയും എ കെ ജി സെന്ററിലെ തലകളോടൊപ്പം സഞ്ചരിച്ചു ആനുകൂല്യങ്ങള്‍ പറ്റുകയും ചെയ്യുന്നത് ശരിയല്ല. ഈ ലേഖനം ചിലപ്പോള്‍ എ കെ ജി സെന്ററില്‍ ഇരുന്നാകാം അല്ലെങ്കില്‍ കൈരളി ചാനലില്‍ ഇരുന്നാകാം അതുമല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തിന് സമ്മാനിച്ച നവകേരള കര്‍മ്മ പദ്ധതിയുടെ ഓഫീസില്‍ വെച്ചാവും എഴുതിട്ടുണ്ടാകുക. അത്ര വിശാലമാണല്ലോ ഇന്നത്തെ കമ്മ്യുണിസം .
യൂണിവേഴ്‌സിറ്റി കോളജില്‍ പ്രവേശനം കിട്ടി എത്തിയ ആദ്യ ദിവസം തന്നെ ചെറിയാനെ കണ്ട് എസ് എഫ് ഐ യോടൊപ്പം നില്‍ക്കണമെന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ച വിദ്യാര്‍ത്ഥി ഞാനാണ്. കെ എസ് യു ബന്ധമുള്ള യാളാണെന്നു ചെറിയാന്‍ പറഞ്ഞപ്പോള്‍ അതെല്ലാം ഇവിടത്തെ സാഹചര്യത്തില്‍ മാറിക്കൊള്ളുമെന്നു ഞാന്‍ പറഞ്ഞതും സ്‌നേഹത്തോടെയായിരുന്നു. വിജെടി ഹാളിനു നേരെയുള്ള ഗേറ്റ് വഴി ആദ്യദിവസം ചെറിയാന്‍ കോളജില്‍ എത്തുന്നത് ഇന്നും എനിക്കോര്‍മ്മയുണ്ട്. എന്റെ നല്ല സുഹൃത്താണ് ചെറിയാന്‍. പക്ഷെ ഇപ്പോള്‍ ഒരു ഇല്ലാകഥ ഉണ്ടാക്കി എസ് എഫ് ഐ യെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് അനുചിതമാണ്. നന്ദികേടാണ്. സര്‍വകലാശാലയുടെ ഭൂമി അപഹരിച്ചാണ് എ കെജി സെന്റര്‍ കെട്ടിയിരിക്കുന്നതെന്ന വാദവുമായി ഏറെക്കാലം മാധ്യമ ഓഫീസുകള്‍ കയറിനടന്നതും ചെറിയാനാണ്. ആ ഓഫീസ് തന്നെ അദ്ദേഹത്തിന് അഭയമായി. സിപിഎം നേതാക്കള്‍ ഓര്‍ക്കേണ്ട ഒരു കാര്യം ചെറിയാന്‍ ഇടതുപക്ഷത്തേക്ക് വന്നത് കൊണ്ട് ഒരു വോട്ട് പോലും ഇടതുപക്ഷത്തിന് കൂടുതല്‍ കിട്ടിയിട്ടില്ല എന്നതാണ്. 
ഒരാളുടെ അനുഭവ കഥ കൂടി പറഞ്ഞുകൊണ്ട് ഇത് അവസാനിപ്പിക്കാം. കോണ്‍ഗ്രസ്സ് നേതാവ് ജോര്‍ജ് മെഴ്‌സിയര്‍ ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് യൂണിവേഴ്‌സിറ്റി കോളജില്‍ പ്രവേശനം ലഭിച്ച ദിവസം തന്നെ അദ്ദേഹത്തിന് തല്ലുകിട്ടി എന്നായിരുന്നു. ആ കോളജില്‍ കടലോരത്ത് നിന്നുള്ള ഗുണ്ടകളെ കൊണ്ട്‌നിറച്ച നേതാവായിരുന്നു മെഴ്‌സിയര്‍ എന്നത് അക്കാലത്തു കോളജില്‍ പഠിച്ച ആര്‍ക്കുമറിയാം.ഓരോ എസ് എഫ് ഐ കാരനും രണ്ടും മൂന്നും ഗൂണ്ടകളുടെ നിരീക്ഷണത്തിലായിരുന്നു. മെഴ്‌സിയറെ ഒരു പഴയ സംഭവം കൂടി ഓര്‍മ്മിപ്പിക്കേണ്ടിവരുന്നതില്‍ ക്ഷമിക്കുക. കോളജിന്റെ തൊട്ടടുത്തുള്ള കോഫീഹൌസ്സിലേക്ക്‌പോകുന്നവഴിയില്‍ അന്നത്തെ പി എസ് യു നേതാവ് (ഇപ്പോഴത്തെ ബിജെപി നേതാവ്). എം എസ് കുമാറിന്റെ വലത് നെഞ്ചിന് താഴെ കഠാര കയറ്റിയ വിദ്യാര്‍ത്ഥി നേതാവിന്റെ പേര് മറന്നുപോയോ മെഴ്‌സിയര്‍.ഞാന്‍ പറഞ്ഞുതരാം  ജോര്‍ജ്ജ് ഡി മെഴ്‌സിയര്‍. തല്ക്കാലം നിര്‍ത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com