'ആത്മരതിക്കു വേണ്ടി പറയുന്നതല്ല, എന്നെ ഞാനാക്കിയത് എസ്എഫ്ഐയും യൂണിവേഴ്സിറ്റി കോളേജും' 

എസ്എഫ്ഐയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിലും യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഗമായതിലും അഭിമാനമെന്ന് ഡോ. പി എസ് ശ്രീകല
'ആത്മരതിക്കു വേണ്ടി പറയുന്നതല്ല, എന്നെ ഞാനാക്കിയത് എസ്എഫ്ഐയും യൂണിവേഴ്സിറ്റി കോളേജും' 

സ്എഫ്ഐയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിലും യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഗമായതിലും അഭിമാനമെന്ന് സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല. തന്നെ ഒരു സാംസ്‌കാരിക പ്രവർത്തകയാക്കിയതിലും പൊതു സദസ്സുകളിൽ  പ്രാസംഗികയാകാനും എട്ടോളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും സാക്ഷരതാമിഷൻ ഡയറക്ടറാവാനും ഉള്ള ശേഷി വളർത്തിയതിലും എസ്എഫ്ഐക്കും യൂണിവേഴ്സിറ്റി കോളേജിനും തന്നെയാണ് മുഖ്യപങ്കെന്നും അവർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീകലയുടെ അഭിപ്രായപ്രകടനം. 

സംഘടനയെയും കോളേജിനേയും എകെജിസിടി പ്രവർത്തകരായ അധ്യാപകരെയും സാമൂഹ്യ വിരുദ്ധരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് തന്റെ കുറിപ്പെന്ന് ശ്രീകല പറയുന്നു. പച്ചമനുഷ്യരുടെ അനുഭവനേരിനെ ധാർമ്മികത തീണ്ടാത്ത മാധ്യമ നുണകൾ കൊണ്ട് മായ്ക്കാനാവില്ലല്ലോ, ശ്രീകല കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എസ് എഫ് ഐ യിൽ പ്രവർത്തിക്കാൻ കഴിഞ്ഞതും യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഗമായതും അന്നും ഇന്നും അഭിമാനം.

വിദ്യാർത്ഥിയായും അധ്യാപികയായും യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഗമാവാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ എസ് എഫ് ഐയിൽ പ്രവർത്തിക്കാനും അവസരമുണ്ടായിട്ടുണ്ട്.

ഗവ. വിമൻസ് കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായും ജനറൽ സെക്രട്ടറിയായും ചെയർപേഴ്‌സണായും പ്രവർത്തിക്കാൻ കഴിഞ്ഞത് എസ് എഫ് ഐ പാനലിൽ മത്സരിച്ചു വിജയിച്ചതുകൊണ്ടാണ്. അക്കാലത്താണ് ബി എ പരീക്ഷയിൽ രണ്ടാം റാങ്ക് നേടുന്നത്.

1997 ൽ യൂണിവേഴ്സിറ്റി കോളേജിന് ലഭിച്ച ഒന്നാം റാങ്കുകളിൽ ഒന്ന് എന്റേതായിരുന്നു. അതിനെന്നെ പ്രാപ്തയാക്കിയത് പഠനം പ്രധാനമാണെന്ന് എന്നെ ബോധ്യപ്പെടുത്തിയ എസ് എഫ് ഐ യും യൂണിവേഴ്സിറ്റി കോളേജ് എന്ന കലാലയവുമാണ്. എം എ പഠനം പൂർത്തിയാവുന്നതിന് മുമ്പുതന്നെ യു ജി സി നെറ്റ് യോഗ്യതയും ജെ ആർ എഫും നേടിയതിന് പിന്നിൽ യൂണിവേഴ്സിറ്റി കോളേജിലെ മികച്ച അക്കാദമിക അന്തരീക്ഷത്തിന് വലിയ പങ്കുണ്ട്. പിൽക്കാലത്ത് ഒരു എളിയ സാംസ്‌കാരിക പ്രവർത്തകയാവാനും പൊതു സദസ്സുകളിൽ ചെറിയ തോതിലെങ്കിലും പ്രാസംഗികയാകാനും എട്ടോളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും ഇന്ന് സാക്ഷരതാമിഷൻ ഡയറക്ടറാവാനും ഉള്ള ശേഷി വളർത്തിയതിലും എസ് എഫ് ഐക്കും യൂണിവേഴ്സിറ്റി കോളേജിനും തന്നെയാണ് മുഖ്യപങ്ക്.

യൂണിവേഴ്സിറ്റി കോളേജിൽ തന്നെ അധ്യാപികയായി നിയമിതയായി. അവിടെ നിന്നുകൊണ്ട് യു ജി സി യുടെ മേജർ റിസർച്ച് പ്രോജക്ട് നു യോഗ്യത നേടി. തുടർന്ന് യു ജി സി യുടെ തന്നെ പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോഷിപ്പ് ആയ റിസർച്ച് അവാർഡ് നേടിയതും യൂണിവേഴ്സിറ്റി കോളേജ് അധ്യാപികയായിരിക്കവേ തന്നെ. എ കെ ജി സി ടി എന്ന അധ്യാപക സംഘടനയുടെ സജീവ പ്രവർത്തകയും സംസ്ഥാനകമ്മിറ്റി അംഗവും സംസ്ഥാന ട്രഷററും ആയിരിക്കവെയാണ് ഇതെല്ലാം ലഭിച്ചത്.

ഇത്രയും കാര്യങ്ങൾ ആത്മരതിക്കു വേണ്ടി പറയുന്നതല്ല. ഇപ്പോൾ എസ് എഫ് ഐയെയും യൂണിവേഴ്സിറ്റി കോളേജിനേയും അവിടത്തെ എ കെ ജി സി ടി പ്രവർത്തകരായ അധ്യാപകരെയും സാമൂഹ്യ വിരുദ്ധരാണെന്ന് വരുത്തിത്തീർക്കാൻ ചില മാധ്യമങ്ങൾ കല്ലുവച്ച നുണകൾ പ്രചരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന വേദനയും പ്രതിഷേധവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി പറഞ്ഞതാണ്.

ഇതെന്റെ മാത്രം അനുഭവമല്ല. ഞാനൊരു സ്കൂൾ വിദ്യാർത്ഥിയായിരിക്കവേയാണ് അക്കാലത്ത് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്‌സണായിരുന്ന എൻ സുകന്യ ബി എ ഇക്കണോമിക്‌സിൽ ഒന്നാം റാങ്ക് നേടുന്നത്. അത്തരത്തിൽ നിരവധിപേരെ മിടുക്കരായി വളർത്തിയെടുത്ത ഒരു വിദ്യാർത്ഥി സംഘടനയെ അടച്ചാക്ഷേപിക്കുന്നതിലെ ഗൂഢ ഉദ്ദേശ്യം മനസ്സിലാക്കുന്നു.

എന്റെ മകൾ എസ് എഫ് ഐ യിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. അവൾ അങ്ങനെ തീരുമാനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. എസ് എഫ് ഐ പ്രവർത്തകയായിരിക്കവേ തന്നെ അവൾ ഇന്ത്യയെ പ്രതിനിധീകരിച്ച് പത്തു കുട്ടികളിൽ ഒരാളായി ബംഗ്ലാദേശിൽ SOUTH ASIAN ECONOMICS STUDENTS MEET ൽ പങ്കെടുത്തിരുന്നു. ഇപ്പോൾ യു ജി സി നെറ്റ് യോഗ്യത നേടിയിട്ടുണ്ട്. ഞാൻ ഇതെഴുതുന്ന ഈ രാത്രിയിലും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ പുതുതായി പ്രവേശിക്കാനെത്തിയ കുട്ടികൾക്ക് ഹോസ്റ്റൽ അഡ്മിഷൻ ശരിയാക്കുവാനും അവരുടെ രക്ഷിതാക്കൾക്ക് താമസസൗകര്യം ഒരുക്കുവാനും മറ്റും എസ് എഫ് ഐ പ്രവർത്തകരോടൊപ്പം ഓടി നടക്കുകയാണ് ആ പെൺകുട്ടി.

സ്വന്തം അനുഭവങ്ങൾക്കപ്പുറം ഒരുപാട് വിശദീകരിക്കാനുണ്ട്; എസ് എഫ് ഐ എന്ന സംഘടനയെക്കുറിച്ച്, യൂണിവേഴ്സിറ്റി കോളേജ് എന്ന കലാലയത്തെക്കുറിച്ച്. വിസ്താരഭയത്താൽ അതിനു മുതിരുന്നില്ല. 
പച്ചമനുഷ്യരുടെ അനുഭവനേരിനെ ധാർമ്മികത തീണ്ടാത്ത മാധ്യമ നുണകൾ കൊണ്ട് മായ്ക്കാനാവില്ലല്ലോ.

മുല്ലനേഴി മാഷിന്റെ വരികൾ ഓർക്കുന്നു :

"കത്തുന്ന ജീവിതസത്യം കൊളുത്തി 
കുത്തനെ നിൻവഴി പോകെടാ മോനേ"

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com