'വലിയ വായിലുള്ള തള്ള് മാത്രം പോര'; പൊലീസില്‍ ആര്‍എസ്എസ് ചാരന്‍മാര്‍ ഉണ്ടെന്നറിഞ്ഞിട്ട് എന്ത് നടപടിയെടുത്തു; മുഖ്യമന്ത്രിക്കെതിരെ വിടി ബല്‍റാം

നിര്‍ണ്ണായക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ആര്‍എസ്എസ് ചാരന്മാരായ ഉദ്യോഗസ്ഥര്‍ പോലീസ് സേനയില്‍ ഉണ്ടെന്ന് താങ്കള്‍ക്ക് തന്നെ മനസ്സിലായിട്ടും മുഖ്യമന്ത്രി എന്ന നിലയില്‍ എന്ത് നടപടി എടുത്തു 
'വലിയ വായിലുള്ള തള്ള് മാത്രം പോര'; പൊലീസില്‍ ആര്‍എസ്എസ് ചാരന്‍മാര്‍ ഉണ്ടെന്നറിഞ്ഞിട്ട് എന്ത് നടപടിയെടുത്തു; മുഖ്യമന്ത്രിക്കെതിരെ വിടി ബല്‍റാം

കൊച്ചി:   ശബരിമലയില്‍ പൊലീസ് ആര്‍എസ്എസിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത് സര്‍ക്കാരിനെ ഒറ്റുകൊടുത്തെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം രംഗത്ത്. വലിയ വായിലുള്ള തള്ള് മാത്രം പോര മുഖ്യമന്ത്രീ,
ഈപ്പറയുന്ന പോലീസ് താങ്കളുടെ നിയന്ത്രണത്തിലുള്ളതാണെന്ന് ഓര്‍മ്മയിലുണ്ടോ,താങ്കളുടെ പോലീസ് ആര്‍എസ്എസിന് വിവരങ്ങള്‍ ഒറ്റിക്കൊടുക്കുന്ന ഏജന്റുമാരാണെന്ന അവസ്ഥ സൂചിപ്പിക്കുന്നത് ആരുടെ കഴിവുകേടാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുന്നുണ്ടോയെന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നിര്‍ണ്ണായക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ആര്‍എസ്എസ് ചാരന്മാരായ ഉദ്യോഗസ്ഥര്‍ പോലീസ് സേനയില്‍ ഉണ്ടെന്ന് താങ്കള്‍ക്ക് തന്നെ മനസ്സിലായിട്ടും അതിലേതെങ്കിലും ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ. ആദ്യം അത് പറയൂവെന്ന് ബല്‍റാം കുറിപ്പില്‍ പറയുന്നു


ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു പൊലീസിനെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ശബരിമലയില്‍ പൊലീസ് ആര്‍എസ്എസിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത് സര്‍ക്കാരിനെ ഒറ്റുകൊടുത്തു. മണ്ഡലകാലത്തെ ക്രമസമാധാന പാലനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ ഡിവൈ.എസ്പിമാര്‍ വരെയുള്ളവരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

നീതി സംഘം വന്നപ്പോള്‍ നാറാണത്തുഭ്രാന്തനെ പോലെയായിരുന്നു പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞുമാറി അവധിയില്‍ പോയി. പല ഉദ്യോഗസ്ഥരും അവരുടെ താല്‍പര്യപ്രകാരമാണ് പ്രവര്‍ത്തിച്ചത്. യുവതികള്‍ വരുന്നത് കൃത്യമായി ആര്‍എസ്എസ് നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കി. കൊണ്ടു പോയതും നീയേ ചാപ്പ ,കൊല്ലിച്ചതും നീയേ ചാപ്പ എന്ന സമീപനമായിരുന്നു പൊലീസിന്റെത്.

ആര്‍.എസ്.എസ് നേതാവിന് പൊലീസ് മൈക്ക് പിടിച്ചുകൊടുത്തു. പൊലീസ് ആസ്ഥാനത്ത് നിന്ന് പോലും വിവരങ്ങള്‍ ചോരുകയാണ്. ഫയല്‍ ആഭ്യന്തര വകുപ്പിലെത്തുന്നതിന് മുന്‍പ് തന്നെ അതിന്റെ പകര്‍പ്പ് പലര്‍ക്കും ലഭിക്കുന്നു. പ്രതികളെ കസ്റ്റഡിയില്‍ മര്‍ദിക്കാന്‍ പൊലീസിന് അവകാശമില്ല. കാര്യങ്ങള്‍ മനസിലാക്കി പെരുമാറുകയാണ് പൊലീസ് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വലിയ വായിലുള്ള തള്ള് മാത്രം പോര മുഖ്യമന്ത്രീ,
ഈപ്പറയുന്ന പോലീസ് താങ്കളുടെ നിയന്ത്രണത്തിലുള്ളതാണെന്ന് ഓര്‍മ്മയിലുണ്ടോ?
താങ്കളുടെ പോലീസ് ആര്‍എസ്എസിന് വിവരങ്ങള്‍ ഒറ്റിക്കൊടുക്കുന്ന ഏജന്റുമാരാണെന്ന അവസ്ഥ സൂചിപ്പിക്കുന്നത് ആരുടെ കഴിവുകേടാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുന്നുണ്ടോ?
നിര്‍ണ്ണായക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ആര്‍എസ്എസ് ചാരന്മാരായ ഉദ്യോഗസ്ഥര്‍ പോലീസ് സേനയില്‍ ഉണ്ടെന്ന് താങ്കള്‍ക്ക് തന്നെ മനസ്സിലായിട്ടും അതിലേതെങ്കിലും ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? ആദ്യം അത് പറയൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com