'വിരമിച്ചതില്‍ ആശംസകള്‍, ചെയ്തതിനെല്ലാം നന്ദി!'; വിരമിക്കാത്ത അധ്യാപകന് മുഖ്യമന്ത്രിയുടെ കത്ത്

സര്‍വീസില്‍ നിന്നു വിരമിക്കാന്‍ അഞ്ചു വര്‍ഷം ബാക്കിയുള്ള കോളജ് അധ്യാപകന് സര്‍വീസില്‍ നിന്നു വിരമിച്ചതിന് 'ആശംസ'യര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്!
'വിരമിച്ചതില്‍ ആശംസകള്‍, ചെയ്തതിനെല്ലാം നന്ദി!'; വിരമിക്കാത്ത അധ്യാപകന് മുഖ്യമന്ത്രിയുടെ കത്ത്

കൊല്ലം: സര്‍വീസില്‍ നിന്നു വിരമിക്കാന്‍ അഞ്ചു വര്‍ഷം ബാക്കിയുള്ള കോളജ് അധ്യാപകന് സര്‍വീസില്‍ നിന്നു വിരമിച്ചതിന് 'ആശംസ'യര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്! ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അയച്ചതാണോ എന്ന സംശയത്തിലാണ് ശാസ്ത്ര ഗവേഷകന്‍ കൂടിയായ ഡോ. സൈനുദ്ദീന്‍ പട്ടാഴി.

കൊല്ലം എസ്എന്‍ കോളജില്‍ സുവോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറായിരുന്ന ഡോ. സൈനുദ്ദീന്‍ പട്ടാഴി, ഗവ. കോളജ് നിയമനം കിട്ടിയതിനെ തുടര്‍ന്നു കഴിഞ്ഞ ഏപ്രില്‍ 17 നാണു കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസില്‍ സുവോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറായി ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ ഗവ. കോളജ് അധ്യാപക നിയമനത്തിന് അപേക്ഷിച്ചിരുന്ന ഡോ. സൈനുദ്ദീന്‍ പട്ടാഴി, തന്നേക്കാള്‍ കുറഞ്ഞ യോഗ്യതയുള്ളവരെ നിയമിച്ചുവെന്നാരോപിച്ചു സുപ്രീംകോടതി വരെ കേസ് നടത്തിയാണു സര്‍ക്കാര്‍ കോളജ് നിയമനം നേടിയെടുത്തത്. കാര്യവട്ടത്തു നിയമനം ലഭിച്ചതോടെ എസ്എന്‍ കോളജില്‍ നിന്നു വിടുതല്‍ വാങ്ങുകയായിരുന്നു. ഇത് വിരമിച്ചു എന്നു തെറ്റിദ്ധരിച്ചാകാം മുഖ്യമന്ത്രി കത്തെഴുതിയത് എന്നാണു ഡോ. സൈനുദ്ദീന്‍ പട്ടാഴിയുടെ സംശയം. 

' താങ്കള്‍ സര്‍ക്കാര്‍ സേവനത്തില്‍ നിന്നു വിരമിച്ചു എന്നറിഞ്ഞു. ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയട്ടെ. സേവനകാലത്തു നല്ലതും മോശവുമായ കുറെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. നല്ല അനുഭവങ്ങളാകും ഏറെയും എന്നു കരുതാം. പൊതുനന്മ ലക്ഷ്യമാക്കി സ്വീകരിച്ച നിയമപരവും മാനുഷികവുമായ ചില നടപടികളുടെ പേരില്‍ താങ്കള്‍ പഴി കേട്ടിട്ടുണ്ടാകാം. മേലുദ്യോഗസ്ഥരോ ജനങ്ങളില്‍ ആരെങ്കിലുമോ താങ്കളെ കുറ്റപ്പെടുത്തിയിട്ടുണ്ടാകാം, പ്രശംസിച്ചിട്ടുണ്ടാകാം. ഇതൊക്കെ ഒരു ജനാധിപത്യ ഭരണ സംവിധാനത്തിന്റെ ഭാഗമായി കരുതണം...വിരമിക്കല്‍ ഒരിക്കലും ഒരു അവസാനമല്ല, അതൊരു തുടക്കമാണ്. നമുക്കു ചുറ്റും കണ്ണോടിക്കൂ. ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട്...'-കത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com