സുരേന്ദ്രന്‍ കോടതിച്ചെലവ് നല്‍കേണ്ട; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ നല്‍കിയ അപേക്ഷയിന്മേലാണ് കോടതി നടപടി
സുരേന്ദ്രന്‍ കോടതിച്ചെലവ് നല്‍കേണ്ട; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ നല്‍കിയ അപേക്ഷയിന്മേലാണ് കോടതി നടപടി. കേസ് പിന്‍വലിക്കുന്നെങ്കില്‍ കോടതിച്ചെലവ് ചുമത്തണമെന്ന ആവശ്യം എതിര്‍കക്ഷി പിന്‍വലിച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതി കേസില്‍ നടപടികള്‍ അവസാനിപ്പിച്ചത്.

കേസ് പിന്‍വലിക്കുന്നെങ്കില്‍ കോടതിച്ചെലവ് ചുമത്തണമെന്ന് എതിര്‍കക്ഷി വാദം ഉന്നയിച്ചാല്‍ കേസുമായി മുന്നോട്ടുപോകുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ കഴിഞ്ഞതവണ വാദത്തിനിടെ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കുന്നെങ്കില്‍ കോടതിച്ചെലവ് ചുമത്താന്‍ നിയമവ്യവസ്ഥ ഉണ്ടെന്നായിരുന്നു അന്ന് എതിര്‍കക്ഷി വാദിച്ചത്. എന്നാല്‍, സാക്ഷികളെ കണ്ടെത്താന്‍ പറ്റാത്തതുകൊണ്ടാണ് കേസ് പിന്‍വലിക്കുന്നതെന്നും ചെലവ് ഈടാക്കിയാണ് അത് അനുവദിക്കുന്നതെങ്കില്‍ കേസ് തുടരുമെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു. 

തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.  മുസ്ലിം ലീഗിലെ പിബി അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നായിരുന്നു സുരേന്ദ്രന്റെ അപേക്ഷയിലെ ആവശ്യം. പി ബി റസാഖിന്റെ നിര്യാണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സുരേന്ദ്രന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com