അയൽക്കാരന്റെ നായ ഓരിയിടുന്നത് എന്തുകൊണ്ട്? വിചിത്ര ചോ​ദ്യവുമായി എത്തിയ അപേക്ഷകന് വിവരാവകാശ കമ്മീഷണറുടെ താക്കീത്

അയൽവീട്ടിലെ നായ ഓരിയിടുന്നത് എന്തുകൊണ്ടെന്ന വിചിത്ര ചോദ്യവുമായി വിവരാവകാശ കമ്മീഷനെ സമീപിച്ച അപേക്ഷകന് മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം പോളിന്റെ താക്കീത്
അയൽക്കാരന്റെ നായ ഓരിയിടുന്നത് എന്തുകൊണ്ട്? വിചിത്ര ചോ​ദ്യവുമായി എത്തിയ അപേക്ഷകന് വിവരാവകാശ കമ്മീഷണറുടെ താക്കീത്

പത്തനംതിട്ട: അയൽവീട്ടിലെ നായ ഓരിയിടുന്നത് എന്തുകൊണ്ടെന്ന വിചിത്ര ചോദ്യവുമായി വിവരാവകാശ കമ്മീഷനെ സമീപിച്ച അപേക്ഷകന് മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം പോളിന്റെ താക്കീത്. പന്തളം മുടിയൂർക്കോണം സ്വദേശി അശോകനോട് വിവരാവകാശ നിയമം ദുർവിനിയോ​ഗം ചെയ്യരുതെന്ന് കമ്മീഷണർ മുന്നറിയിപ്പ് നൽകി. 

2014ൽ അയൽക്കാരന്റെ നായ ഓരിയിടുന്നത് സംബന്ധിച്ചാണ് വിവരാവകാശ നിയമപ്രകാരം വിചിത്രമായ ചോദ്യവുമായി മൃ​ഗ സംരക്ഷണ വകുപ്പിനെ അശോകൻ സമീപിച്ചത്. ഉത്തരം ലഭ്യമല്ലെന്ന് മ‌ൃ​ഗ സംരക്ഷണ വകുപ്പ് ആദ്യമേ തന്നെ അറിയിച്ചിരുന്നു. തുടർന്നാണ് അശോകൻ മുഖ്യ വിവരാവകാശ കമ്മീഷണർക്ക് പരാതി നൽകിയത്. 

പത്തനംതിട്ട കലക്ടറേറ്റിൽ നടന്ന വീഡിയോ കോൺഫറൻസിലൂടെയാണ് മറ്റ് പരാതികളോടൊപ്പം അശോകന്റെ ആവലാതിയും കമ്മീഷണർ ചോവ്വാഴ്ച പരി​ഗണിച്ചത്. വീഡിയോ കോൺഫറൻസ് മുറിയിൽ പരാതിക്കാരനും മൃ​ഗ സംരക്ഷണ വകുപ്പ് വെറ്ററിനറി സർജൻ ഡോ. ബിജു മാത്യു, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ബിഎസ് ബിനു എന്നിവരും ഹാജരായിരുന്നു. 

വിവരാവകാശ നിയമത്തെപ്പറ്റി ധാരണയില്ലാതെയുള്ള അപേക്ഷ മൃ​ഗ സംരക്ഷണ വകുപ്പ് ഉദ്യോ​ഗസ്ഥരുടേയും തന്റെയും സമയം പാഴാക്കുന്നതാണെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞു. അറിയാനുള്ള അവകാശം കൊണ്ടാണ് അപേക്ഷ നൽകിയതെന്ന് അശോകൻ വിശദീകരിച്ചു. എന്നാൽ പൊതു അധികാരിയിൽ ഉള്ള രേഖയും രജിസ്റ്ററും അടിസ്ഥാനമാക്കിയേ മറുപടി തരാൻ സാധിക്കൂ എന്ന് കമ്മീഷണർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com