ബിജെപിയിൽ പിടിമുറുക്കി മുരളീധര പക്ഷം ; കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ?

കേരളത്തെപ്പറ്റിയും  നേതാക്കളെപ്പറ്റിയും നല്ല ധാരണയുള്ള  ബി എൽ  സന്തോഷിന്റെ നിലപാടുകൾ നിർണായകമാകും
ബിജെപിയിൽ പിടിമുറുക്കി മുരളീധര പക്ഷം ; കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ?

തിരുവനന്തപുരം : ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയായി ബി എൽ സന്തോഷ് നിയമിതനായത് കേരളത്തിൽ വി മുരളീധര പക്ഷത്തിന് വൻ നേട്ടമായി. സംസ്ഥാന ഭാരവാഹി പുനഃസംഘടനയിൽ കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റാകാനുള്ള സാധ്യത ഏറി. കേരളത്തെപ്പറ്റിയും ഇവിടത്തെ നേതാക്കളെപ്പറ്റിയും നല്ല ധാരണയുള്ളയാളെന്ന നിലയിൽ പാർട്ടിയുടെ സംസ്ഥാന വിഷയങ്ങളിൽ സന്തോഷിന്റെ നിലപാടുകൾ നിർണായകമാകും.

കേരളത്തിലെ ജില്ലാതല നേതാക്കളെപ്പോലും അടുത്ത് പരിചയമുള്ള സന്തോഷിന് പാർട്ടി പുനഃസംഘടനയിലും കൃത്യമായ ധാരണയുണ്ടാകും. ബിജെപി ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറിയായിരുന്ന സന്തോഷ് സംസ്ഥാന പ്രസിഡന്റായി സുരേന്ദ്രനെ കൊണ്ടുവരാൻ നേരത്തെ പരിശ്രമിച്ചിരുന്നു.  കുമ്മനം രാജശേഖരനെ പെട്ടെന്ന് ഗവർണറാക്കിയത് ഇതിനാണെന്ന് പാർട്ടിയിൽ ആക്ഷേപം ഉയരുകയും ചെയ്തു. ഇതിന്റെപേരിൽ തൃശ്ശൂരിൽച്ചേർന്ന ഒരു യോഗത്തിൽ കൃഷ്ണദാസ് പക്ഷവും ആർഎസ്എസ് സംസ്ഥാന നേതൃത്വവും സന്തോഷിനെ നിശിതമായി വിമർശിച്ചിരുന്നു.

മുമ്പ് തങ്ങൾ  കടുത്ത വിമർശനം ഉന്നയിച്ചയാൾ പാർട്ടി സംഘടനാ ജനറൽ സെക്രട്ടറി പദവിയിലെത്തിയത് കൃഷ്ണദാസ് പക്ഷവും സംസ്ഥാന ആർഎസ്എസ് നേതൃത്വവും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇത് ദോഷമാകുമോയെന്ന ആശങ്ക കൃഷ്ണദാസ് പക്ഷത്തിനുണ്ട്. നിലവിലെ പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയെ ഒഴിവാക്കുകയാണെങ്കിൽ അദ്ദേഹത്തിന് മാന്യമായ പദവി പകരം നൽകും. ഗവർണറോ മനുഷ്യാവകാശ കമ്മിഷനംഗമോ പോലുള്ള പദവികൾ നൽകുന്നകാര്യം പരിഗണനയിലുണ്ടെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com