യൂണിറ്റ് സെക്രട്ടറി പിടിച്ചുവച്ചു, പ്രസിഡന്റ് കുത്തിയെന്ന് അഖിലിന്റെ മൊഴി; കോളജിലെ എസ്എഫ്‌ഐ കൊടികളും ബോര്‍ഡുകളും നീക്കം ചെയ്തു

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തിനിടെ തന്നെ കുത്തിയത് എസ്എഫ്‌ഐ മുന്‍ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്ന് കുത്തേറ്റ അഖിലിന്റെ മൊഴി.
യൂണിറ്റ് സെക്രട്ടറി പിടിച്ചുവച്ചു, പ്രസിഡന്റ് കുത്തിയെന്ന് അഖിലിന്റെ മൊഴി; കോളജിലെ എസ്എഫ്‌ഐ കൊടികളും ബോര്‍ഡുകളും നീക്കം ചെയ്തു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തിനിടെ തന്നെ കുത്തിയത് എസ്എഫ്‌ഐ മുന്‍ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്ന് കുത്തേറ്റ അഖിലിന്റെ മൊഴി. യൂണിറ്റ് മുന്‍ സെക്രട്ടറി നസീം തന്നെ പിടിച്ചുവച്ചുവെന്നും അഖില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി. 

കോളജില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ നിര്‍ദേശം അനുസരിക്കാത്തവര്‍ ഉണ്ടായിരുന്നു. ഇതില്‍ യൂണിറ്റ് കമ്മിറ്റിയിലുള്ളവര്‍ക്ക് വിരോധം ഉണ്ടായിരുന്നു. പാട്ട് പാടരുതെന്നും ക്ലാസില്‍ പോകണമെന്നും ഇവര്‍ പറഞ്ഞു. ഇത് അനുസരിക്കാത്തതാണ് സംഘര്‍ഷത്തിന് കാരണമെന്നും അഖില്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.   

ദൃക്‌സാക്ഷി മൊഴികള്‍ പ്രകാരം പ്രതികള്‍ കൊല്ലാനുറച്ച് തന്നെ എത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഖിലിന്റെ സുഹൃത്തിനെ കൊല്ലാനായിരുന്നു ആദ്യം ശ്രമിച്ചത്. പിന്നീട് അഖില്‍ ഓടിയപ്പോള്‍ അഖിലിനെ പിടിച്ചുനിര്‍ത്തി കുത്തുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

കോളജിലുണ്ടായിരുന്ന എസ്എഫ്‌ഐയുടെ കൊടികളും ബാനറുകളും നീക്കം ചെയ്തു. കോളജ് കൗണ്‍സില്‍ തീരുമാനപ്രകാരമാണ് നീക്കം ചെയ്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോളജ് കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കോളജിന്റെ പ്രവേശന കവാടത്തിന് മുന്നിലെ എസഎഫ്‌ഐയുടെ കൊടിതോണങ്ങളും ബോര്‍ഡുകളും എടുത്തു മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com