രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ; കുടുംബത്തിന് 16 ലക്ഷം സഹായധനം നല്‍കാനും മന്ത്രിസഭാ തീരുമാനം

രാജ്കുമാറിന്റെ വീട്ടിലെ നാല് കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം വീതം നല്‍കാനാണ് തീരുമാനം
രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ; കുടുംബത്തിന് 16 ലക്ഷം സഹായധനം നല്‍കാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം : നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിന് വിധേയനായി കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. രാജ്കുമാറിന്‍രെ കുടുംബത്തിന് 16 ലക്ഷം രൂപ ആശ്വാസ സഹായം നല്‍കാനും തീരുമാനിച്ചു. ഇന്നു ചേര്‍ന്ന സംസ്ഥാനമന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. 

രാജ്കുമാറിന്റെ വീട്ടിലുള്ള അമ്മ, ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് നാലുലക്ഷം വീതം നല്‍കാനാണ് തീരുമാനം. വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ സ്വീകരിച്ച മാനദണ്ഡമാണ് രാജ്കുമാറിന്റെ കാര്യത്തിലും സര്‍ക്കാര്‍ പരിഗണിച്ചത്. രാജ്കുമാറിന്റെ ഭാര്യയ്ക്ക് ഏതുവകുപ്പില്‍ ജോലി നല്‍കണം എന്നത് പിന്നീട് തീരുമാനിക്കും. രാജ്കുമാറിനെ കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമുറകള്‍ക്ക് വിധേയമാക്കിയത് ഒരുതരത്തിലും ന്യായീകരിക്കാനാകാത്തതാണെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

ഹരിത ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ജൂണ്‍ 12 നാണ് രാജ്കുമാറിനെയും കൂട്ടിപ്രതികളായ ശാലിനി, മഞ്ജു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന 16-ാം തീയതി വരെ രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ച് പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. 

ഇടുക്കി എസ് പിയായിരുന്ന കെ ബി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണ് രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചതെന്ന് കേസില്‍ അറസ്റ്റിലായ നെടുങ്കണ്ടം  മുന്‍ എസ് ഐ സാബു ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്. ഇക്കാര്യം ഇന്നലെ ഇയാള്‍ കോടതിയിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ക്രൈംബ്രാഞ്ച് ഇതുവരെ മുന്‍എസ്പിയെ ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ല. 

ജൂണ്‍ 12ന് വൈകീട്ട് അഞ്ച് മുതല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന 15വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ വച്ച് അതിക്രൂമായി മര്‍ദ്ദിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സ്റ്റേഷന്‍ രേഖകളിലടക്കം കൃത്രിമം കാണിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. സ്റ്റേഷന്‍ രേഖകള്‍ അടക്കം പിടിച്ചെടുത്താണ് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കിയത്. 

രാജ്കുമാറിന്റെ രണ്ട് കാലിലും കാല്‍ പാദത്തിലും അതിക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. തട്ടിയെടുത്തുവെന്ന് പറയുന്ന പണം കണ്ടെത്താനാണ് പൊലീസ് അതിക്രൂരമായി രാജ്കുമാറിനെ മര്‍ദ്ദിച്ചത്. കേസിലെ നാലാം പ്രതിയും പൊലീസ് ഡ്രൈവറുമായ സജീവ് ആന്റണി വണ്ടിപ്പെരിയാറില്‍ വെച്ചാണ് രാജ്കുമാറിനെ മര്‍ദ്ദിക്കുന്നത്. ആ സമയത്ത് എസ്ഐ സാബു ഒപ്പമുണ്ടായിരുന്നിട്ടും മര്‍ദ്ദനം തടയാന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികള്‍ രാജ്കുമാറിനെ സ്റ്റേഷനിലെത്തിച്ച് കാലിലും കാല്‍വെള്ളയ്ക്കും അടിക്കുന്ന സാഹചര്യമുണ്ടായി. കാല്‍ പുറകിലേക്ക് വലിച്ച് വച്ച് ക്രൂരമായി മര്‍ദ്ദിച്ചു. 

അവശ നിലയിലായിട്ടും രാജ്കുമാറിന് മതിയായ ചികിത്സാ സൗകര്യം നല്‍കിയില്ല. അവശ്യ സമയത്ത് ചികിത്സ ലഭ്യമാക്കാതിരുന്നതിനെ തുടര്‍ന്നാണ് ന്യുമോണിയ ബാധിതനായി രാജ്കുമാര്‍ മരിക്കാനിടയായതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിക്കൊണ്ട് പ്രതികളായ പൊലീസുകാര്‍ക്കെതിരെ കേസെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com