ഇവരും ഇന്ത്യന്‍ പൗരന്‍മാര്‍; ആര്‍എസ്എസ് വേദിയില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജേക്കബ് തോമസ്

ശബരിമല വിഷയത്തില്‍ ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത എന്തുകാര്യമാണ് പൊലീസുകാര്‍ ചോര്‍ത്തി നല്‍കിയതെന്ന് ജേക്കബ് തോമസ്
ഇവരും ഇന്ത്യന്‍ പൗരന്‍മാര്‍; ആര്‍എസ്എസ് വേദിയില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജേക്കബ് തോമസ്

കൊച്ചി: ശബരിമല വിഷയത്തില്‍ ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത എന്തുകാര്യമാണ് പൊലീസുകാര്‍ ചോര്‍ത്തി നല്‍കിയതെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്. ആര്‍എസ്എസുകാരും ഇന്ത്യന്‍ പൗരന്‍മാരാണ്.  പൊലീസുകാര്‍ ശബരിമലയിലെ സമരക്കാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെക്കുറിച്ചായിരുന്നു ജേക്കബ് തോമസിന്റ പ്രതികരണം. കൊച്ചിയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച ഗുരുപൂജയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയും ചടങ്ങിനെത്തിയിരുന്നു.

ആര്‍എസ്എസ് ഐടി സെല്ലാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ആര്‍എസ്എസിനെ പുകഴ്ത്തി ജേക്കബ് തോമസ് സംസാരിക്കുകയും ചെയ്തു. നേരത്തെ ആര്‍എസ്എസ്, ബിജെപി നേതൃത്വവുമായി ജേക്കബ് തോമസ് ബന്ധപ്പെട്ടിരുന്നു. ഡിജിപി ജോക്കബ് തോമസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന സൂചന നല്‍കുന്നതായിരുന്നു ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ജേക്കബ് തോമസ് തയ്യാറെടുത്തിരുന്നു. എന്നാല്‍, ചില സാങ്കേതിക കാരണങ്ങളാല്‍ മത്സരിക്കാന്‍ സാധിക്കാതെ പോയി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചതോടെ താന്‍ രാഷ്ട്രീയത്തിലേക്ക് തന്നെയാണെന്ന് ജോക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അന്ന് 'ട്വന്റി – ട്വന്റി' എന്ന പ്രാദേശിക പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാനായിരുന്നു നീക്കമെങ്കില്‍ ഇന്നിപ്പോള്‍ ജേക്കബ് തോമസ് ബിജെപിയിലേക്ക് ചേക്കേറാനുള്ള സാധ്യതകളാണ് കാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com