എബിവിപിയുടെ കൊടിമരം പ്രിൻസിപ്പൽ മാറ്റി; ബ്രണ്ണൻ കോളജിൽ സംഘർഷാവസ്ഥ

തലശ്ശേരി ബ്രണ്ണൻ കോളജിൽ എബിവിപി സ്ഥാപിച്ച കൊടിമരം പ്രിൻസിപ്പൽ എടുത്തു മാറ്റിയതിനെ തുടർന്ന് സംഘർഷാവസ്ഥ
എബിവിപിയുടെ കൊടിമരം പ്രിൻസിപ്പൽ മാറ്റി; ബ്രണ്ണൻ കോളജിൽ സംഘർഷാവസ്ഥ

കണ്ണൂർ: തലശ്ശേരി ബ്രണ്ണൻ കോളജിൽ എബിവിപി സ്ഥാപിച്ച കൊടിമരം പ്രിൻസിപ്പൽ എടുത്തു മാറ്റിയതിനെ തുടർന്ന് സംഘർഷാവസ്ഥ. സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി പ്രിൻസിപ്പലിന്റെ വീട്ടിലേക്ക് സംഘപരിവാർ സംഘടനകൾ മാർച്ച് നടത്തി.  

ബുധനാഴ്ച വിശാൽ അനുസ്മരണത്തിന് എബിവിപി കോളജിൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങിന് ശേഷം കൊടിമരം മാറ്റാൻ പൊലീസും പ്രിൻസിപ്പലും ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികൾ തയ്യാറായില്ല. 

തുടർന്ന് പ്രിൻസിപ്പലിന്റെ ചുമതലയുള്ള പ്രൊഫ. കെ ഫൽ​ഗുനൻ കൊടിമരം പിഴുതു മാറ്റി. കോളജിന് പുറത്തുണ്ടായിരുന്ന പൊലീസിന് കൈമാറി. പരിപാടിക്ക് ശേഷം മാറ്റാമെന്ന ഉറപ്പിൻമേൽ പൊലീസുമായി ആലോചിച്ചാണ് കൊടിമരം സ്ഥാപിക്കാൻ അനുവാദം നൽകിയതെന്ന് അധികൃതർ അറിയിച്ചു. അനുവാദം വാങ്ങിയാണ് കൊടിമരം സ്ഥാപിച്ചതെന്ന് എബിവിപി പ്രവർത്തകർ പറഞ്ഞു. എസ്എഫ്ഐയുടെ കൊടിമരത്തിന് സമീപമായിരുന്നു എബിവിപി കൊടിമരം സ്ഥാപിച്ചത്. 

ക്യാംപസില്‍ എസ് എഫ് ഐയ്ക്കാണ് ഭൂരിപക്ഷമുള്ളത്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനത്തിന് അത് ഒരു വെല്ലുവിളി തന്നെയാണ്. എസ്എഫ്ഐ സ്ഥാപിച്ച കൊടിമരത്തിന് സമീപം കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എബിവിപി പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ക്യാമ്പസില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കി. പക്ഷേ അനുമതി നല്‍കുമ്പോള്‍ തന്നെ അരമണിക്കൂറിനുള്ളില്‍ കൊടിമരം മാറ്റണമെന്ന നിബന്ധന താന്‍ വച്ചിരുന്നു. നേതാക്കള്‍ അത് സമ്മതിച്ചതുമാണ്. എന്നാല്‍ കൊടിമരം സ്ഥാപിച്ചതിന് പിന്നാലെ നേതാക്കള്‍ നിലപാട് മാറ്റി. ഇത് ക്യാമ്പസില്‍ ഒരു ഏറ്റുമുട്ടലുണ്ടാക്കുമെന്ന ഘട്ടത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് പ്രിൻസിപ്പൽ പറയുന്നു. 

ക്യാംപസില്‍ പഠനാന്തരീക്ഷം നശിക്കാന്‍ പാടില്ല. അതുകൊണ്ട് വിദ്യാര്‍ഥി സംഘടനകളുമായി ഒരു സമാധാന ചര്‍ച്ച വിളിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കണ്ണൂരാണ് ഒരു കനല്‍ വീണാല്‍ മതി അത് ഈ ക്യാമ്പസില്‍ നിന്ന് ആവരുതെന്ന ആഗ്രഹമാണ് നടപടിയിലേക്ക് നയിച്ചതെന്നും പ്രിന്‍സിപ്പൽ വ്യക്തമാക്കി. 

പ്രിൻസിപ്പലിന്റെ വീട്ടിലേക്ക് സംഘപരിവാർ സംഘടനകൾ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. റോഡിൽ കുത്തിയിരുന്ന പ്രവർത്തരോട് ബിജെപി നിർവാഹക സമിതി അം​ഗം പികെ കൃഷ്ണദാസ് സംസാരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com