കക്കൂസ് മാലിന്യം ലിറ്ററിന് ഒരു രൂപ; ഇനി വീട്ടിലെത്തി ശേഖരിക്കും 

ലിറ്ററിന് ഒരു രൂപ നിരക്കിലാണ് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കക്കൂസ് മാലിന്യം പ്ലാന്റില്‍ എത്തിക്കുന്നത്
കക്കൂസ് മാലിന്യം ലിറ്ററിന് ഒരു രൂപ; ഇനി വീട്ടിലെത്തി ശേഖരിക്കും 

കല്‍പ്പറ്റ: കക്കൂസ് മാലിന്യം ഇനി വീട്ടില്‍ വന്ന് ശേഖരിച്ച് പണം നല്‍കും. കല്‍പ്പറ്റ നഗരസഭയാണ് സംസ്ഥാനത്ത് ആദ്യമായി ശുചിമുറി മാലിന്യ സംസ്‌കരണത്തിന് പ്ലാന്റ് സജ്ജമാക്കുന്നത്. യൂനിസെഫ് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി രണ്ട് മാസത്തിനകം പൂര്‍ത്തിയാകും.  ഐക്യരാഷ്ട്രസഭാ പ്രതിനിധി സംഘം പ്ലാന്റ് സന്ദര്‍ശിച്ചു.

പ്രതിദിനം പതിനായിരം  ലിറ്റര്‍ കക്കൂസ് മാലിന്യം പ്ലാന്റില്‍ സംസ്‌കരിക്കാനാവും. കക്കൂസ് മാലിന്യം വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കാന്‍ പ്രത്യേകവാഹനം സജ്ജമാക്കിയതാതായി കല്‍പ്പറ്റ നഗരസഭ അധ്യക്ഷ പറഞ്ഞു. ലിറ്ററിന് ഒരു രൂപ നിരക്കിലാണ് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കക്കൂസ് മാലിന്യം പ്ലാന്റില്‍ എത്തിക്കുന്നത്. ഇതിലൂടെ 26 ലക്ഷം രൂപയും 15,000 കിലോ ഗ്രാം വളവും ഉത്പാദിപ്പിക്കുന്നതിലൂടെ രണ്ട് ലക്ഷം രൂപയും പ്രതിവര്‍ഷം നഗരസഭയ്ക്ക് ലഭിക്കും.

ശുചിമുറി മാലിന്യം സുരക്ഷിതമായും പരിസ്ഥിതിക്ക് യോജിച്ച വിധത്തിലും സംസ്‌കരിച്ചാല്‍ മാത്രമെ സംസ്ഥാനം പൂര്‍ണമായും വെളിയിട വിസര്‍ജ്ജന വിമുക്തമാകുമെന്ന് സംഘത്തിലുണ്ടായിരുന്ന യുഎന്‍ കേരള കോര്‍ഡിനേറ്റര്‍ ജോബ് സഖറിയ പറഞ്ഞു.

മണ്ണിരകളെ ഉപയോഗിച്ച് കക്കൂസ് മാലിന്യം കമ്പോസ്റ്റാക്കി മാറ്റുന്ന നൂതനവും  പരിസ്ഥിതി സൗഹര്‍ദപരവുമായ ടൈഗര്‍ ബയോ ഫില്‍റ്റര്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് എഫ്എസ്ടിപി പ്ലാന്റിന്റെ പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ കക്കൂസ് മാലിന്യം പ്രത്യേകടാങ്കില്‍ വിഘടിപ്പിക്കും. അടുത്തഘട്ടത്തില്‍ ഖര ജലഘടകങ്ങള്‍ വേര്‍തിരിക്കും. മണ്ണിരകളെ ഉപയോഗിച്ച് ഖരപദാര്‍ത്ഥത്തെ വളമാക്കി മാറ്റും. സംസ്‌കരിച്ച് പുറത്തുവിടന്ന ജലം കുടിക്കാനൊഴികെയുള്ള ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനാവും. കുറഞ്ഞ ഊര്‍ജ്ജ ഉപയോഗം, മാലിന്യം വേഗത്തില്‍ സംസ്‌കരിക്കല്‍ ദുര്‍ഗന്ധം ഒഴിവാക്കല്‍ കൊതുകും ഈച്ചയും പെരുകുന്നത് തടയല്‍ എന്നിവയാണ് ബയോഫില്‍റ്റര്‍ സാങ്കേതിക വിദ്യകൊണ്ട് പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ ഗുണങ്ങള്‍.

നവകേരള നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് 78 കക്കൂസ് മാലിന്യ സംസ്‌കരണപ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഇതില്‍ 34 എണ്ണം നഗരപ്രദേശങ്ങളിലും 44 എണ്ണം ഗ്രാമീണ മേഖലയിലുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com