നായ ഓരിയിടുന്നത് എന്തുകൊണ്ട്? ആ ചോദ്യത്തിന് ഉത്തരമുണ്ട്; അതിന് മാത്രമല്ല, ഇത്തരം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഈ നമ്പറിൽ വിളിച്ചാൽ കിട്ടും!

വിവരാവകാശ പ്രകാരമുള്ള ചോദ്യമുയർന്നപ്പോഴാണു വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രീയ നിഗമനങ്ങൾ ക്രോഡീകരിച്ചതെന്ന് പീച്ചി കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ‍ഡോ. ടിവി സജീവ് പറഞ്ഞു
നായ ഓരിയിടുന്നത് എന്തുകൊണ്ട്? ആ ചോദ്യത്തിന് ഉത്തരമുണ്ട്; അതിന് മാത്രമല്ല, ഇത്തരം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഈ നമ്പറിൽ വിളിച്ചാൽ കിട്ടും!

കൊച്ചി: അയൽപക്കത്തെ നായ ഓരിയിടുന്നതിന്റെ കാരണം തേടി, പന്തളം സ്വദേശി എൻകെ അശോകൻ 2014ൽ മൃഗ സംരക്ഷണ വകുപ്പിനു നൽകിയ വിവരാവകാശ അപേക്ഷ കഴിഞ്ഞ ദിവസം വിവരാവകാശ കമ്മീഷണർ വിൻസൻ എം പോൾ തീർപ്പാക്കിയിരുന്നു. വകുപ്പിന്റെ കൈയിലില്ലാത്ത വിവരങ്ങൾ നൽകാൻ കഴിയില്ലെന്നായിരുന്നു കമ്മിഷണറുടെ തീർപ്പ്. നിയമം ദുരുപയോ​ഗം ചെയ്യരുതെന്ന താക്കീതും അപേക്ഷകന് കമ്മീഷണർ നൽകിയിരുന്നു. 

എന്നാൽ, എന്തുകൊണ്ടാണ് നായ ഓരിയിടുന്നത് എന്ന ചോദ്യത്തിന് ഉത്തരമുണ്ട്. ‘പല കാരണങ്ങളുണ്ടാകാം. ഒറ്റപ്പെടുമ്പോഴും താൻ എവിടെയാണുള്ളതെന്നു മറ്റു നായ്ക്കളെ അറിയിക്കാനും നായ ഓരിയിടും. ചെന്നായ്ക്കളിൽ നിന്നു ലഭിച്ച സ്വഭാവമാണിത്. കുരയ്ക്കുന്നതു പോലെയല്ല, ഓരിയിടുമ്പോൾ കൂടുതൽ ദൂരം ശബ്ദമെത്തും. അസുഖം വന്നാൽ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനും ഓരിയിടും. ആൾ അടുത്തു ചെന്നാലുടൻ നിർത്തുകയും ചെയ്യും. ആംബുലൻസ്, ഫയർ എൻജിൻ എന്നിവയുടെ സുരക്ഷാ അലാം കേട്ടാലും നായ ഓരിയിടും.’

ഇനിയും ഇത്തരത്തിലുള്ള സംശയങ്ങളുണ്ടെങ്കിൽ നേരെ ഫോണെടുക്കുക, ഈ 04872 690222 നമ്പറിൽ വിളിക്കുക. പീച്ചിയിലെ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ മറുപടി നൽകും. അവരുടെ ‘ഫസ്റ്റ് ക്വസ്റ്റ്യൻ’ ഫോൺ ഇൻ പരിപാടിയിലേക്കു വിളിക്കാനുള്ള നമ്പറാണിത്. ഇത്തരത്തിൽ വിവരാവകാശ പ്രകാരമുള്ള ചോദ്യമുയർന്നപ്പോഴാണു വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രീയ നിഗമനങ്ങൾ ക്രോഡീകരിച്ചതെന്ന് പീച്ചി കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ‍ഡോ. ടിവി സജീവ് പറഞ്ഞു.

‘രസകരമായ ഒട്ടേറെ ചോദ്യങ്ങളാണു പരിപാടിയിൽ ലഭിക്കുന്നത്. എന്തുകൊണ്ടാണു ഭൂമി സൂര്യനിൽ പോയി വീഴാത്തത്, എന്റെ കറിവേപ്പ് ചെടിയുടെ ഇലകൾ പുഴു തിന്നുമ്പോൾ ഞാൻ ചെടിയുടെ പക്ഷത്താണോ പുഴുവിന്റെ പക്ഷത്താണോ നിൽക്കേണ്ടത്? മരങ്ങളുടെ വേര് എത്ര ആഴം വരെ പോകും?, മൃഗങ്ങൾ സ്വപ്നം കാണാറുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ പരിപാടിയിൽ ലഭിക്കുന്നുണ്ടെന്നും സജീവ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com