ലുങ്കിയുടുത്തു ഭക്ഷണം കഴിക്കാനെത്തി; തടഞ്ഞ് ഹോട്ടൽ അധികൃതർ; ആളുകൾ കൂട്ടമായി ലുങ്കിയുടുത്തെത്തി; പ്രതിഷേധം

ലുങ്കി ഉടുത്ത് വന്നയാളെ ഹോട്ടലില്‍ കയറ്റിയില്ലെന്ന് ആരോപി‌ച്ചായിരുന്നു പ്രതിഷേധ മാർച്ച്
ലുങ്കിയുടുത്തു ഭക്ഷണം കഴിക്കാനെത്തി; തടഞ്ഞ് ഹോട്ടൽ അധികൃതർ; ആളുകൾ കൂട്ടമായി ലുങ്കിയുടുത്തെത്തി; പ്രതിഷേധം

കോഴിക്കോട്: പതിറ്റാണ്ടുകളുടെ പഴക്കമുള്ള കോഴിക്കോട് സീ ക്വീന്‍ ഹോട്ടലിന് മുന്നില്‍ ഇന്നലെ രാവിലെ വ്യത്യസ്തമായൊരു സമരം അരങ്ങേറി. ലുങ്കി മാര്‍ച്ച്‌. ലുങ്കി ഉടുത്ത് വന്നയാളെ ഹോട്ടലില്‍ കയറ്റിയില്ലെന്ന് ആരോപി‌ച്ചായിരുന്നു പ്രതിഷേധ മാർച്ച്. ഏതാനും പേര്‍ ലുങ്കി ഉടുത്ത് പ്ലക്കാര്‍ഡും ബാനറുമായി മാര്‍ച്ച്‌ നടത്തുകയായിരുന്നു. 

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സമരത്തിന് ആധാരമായ സംഭവമുണ്ടായത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കരീമിനെയും സംഘത്തെയും ലുങ്കി ഉടുത്തതിന്റെ പേരില്‍ തടഞ്ഞു വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് ആരോപണം. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക വ്യക്തിയുടെ മൗലികാവകാശമാണെന്നും അതില്‍ ഇടപെട്ടാല്‍ പ്രതിഷേധിക്കുമെന്നും കരീം മാധ്യമങ്ങളോട് പറഞ്ഞു.

ലുങ്കി ഉടുത്ത് വന്നാല്‍ ഹോട്ടലില്‍ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞപ്പോള്‍ അത് എഴുതി നല്‍കണമെന്ന് കരീം ആവശ്യപ്പെട്ടു. ഹോട്ടല്‍ മാനേജര്‍ ഇപ്രകാരം എഴുതി നല്‍കി. ഈ സമയത്ത് ഏതാനും ജീവനക്കാര്‍ തന്നെ ഭീഷണിപ്പെടുത്തി. അപ്പോഴാണ് രണ്ട് പേര്‍ ട്രൗസര്‍ ധരിച്ച്‌ ഹോട്ടലിലേക്ക് പോയത്. ട്രൗസര്‍ ധരിച്ച്‌ ഹോട്ടലില്‍ കയറാമോയെന്ന ചോദ്യത്തിന് അനുകൂലമായി മറുപടി കിട്ടിയപ്പോള്‍ താന്‍ ലുങ്കി അഴിച്ച്‌ കൗണ്ടറില്‍ ഏല്പിച്ചതായും കരീം പറഞ്ഞു. തടഞ്ഞു വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന കരീമിന്റെ പരാതിയില്‍ ഒരു ഹോട്ടല്‍ ജീവനക്കാരന്റെ പേരില്‍ പൊലീസ് കേസെടുത്തു.

എന്നാൽ സംഭവത്തെക്കുറിച്ച് മാനേജ്മെന്റിന്റെ വിശദീകരണം മറ്റൊന്നാണ്. ഹോട്ടലില്‍ മൂന്ന് ഭക്ഷണശാലകള്‍ ഉണ്ട്. ഇതില്‍ കുടുംബ ഭക്ഷണശാലയില്‍ മാത്രമേ ലുങ്കിക്ക് നിയന്ത്രണമുള്ളൂ. കരീം ലുങ്കി ഉടുത്ത് കുടുംബ ഭക്ഷണശാലയില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ വിവരം പറഞ്ഞു. കുപിതനായ കരീം പരസ്യമായി ലുങ്കി അഴിക്കാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com