'അമിത് ഷാ നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയി, ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങള്‍ സംസാരിച്ചത്'

എന്തും വിലക്കെടുക്കാമെന്ന അധികാര ധാര്‍ഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ജര്‍ണക്ക് അഭിവാദ്യങ്ങള്‍
'അമിത് ഷാ നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയി, ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങള്‍ സംസാരിച്ചത്'

പാലക്കാട് : നിവേദനം നല്‍കാനെത്തിയപ്പോള്‍ ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ച കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് തക്ക മറുപടി നല്‍കിയ സിപിഎം രാജ്യസഭാംഗത്തെ അഭിനന്ദിച്ച് എം ബി രാജേഷ്. പ്രത്യയശാസത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാര്‍ഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ജര്‍ണക്ക് അഭിവാദ്യങ്ങള്‍ എന്ന് രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാംഗം ജര്‍ണ ദാസിനെയാണ് അമിത് ഷാ പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി അവസാനിച്ചു. എന്തിനവിടെ തുടരുന്നു. ബിജെപിയില്‍ ചേരൂ എന്നാണ് അമിത് ഷാ ആവശ്യപ്പെട്ടത്. 

ബിജെപി അധ്യക്ഷനെ കാണാനല്ല, കേന്ദ്രആഭ്യന്തരമന്ത്രിയെ കാണാനാണ് താന്‍ വന്നതെന്നായിരുന്നു ജര്‍ണയുടെ മറുപടി. താനൊരാള്‍ മാത്രമായി അവശേഷിച്ചാലും ബിജെപിക്കും സംഘപരിവാറിനുമെതിരെ ആശയപരമായി പൊരുതുമെന്നും അമിത് ഷായോട് പറഞ്ഞതായി ജര്‍ണ ദാസ് വെളിപ്പെടുത്തിയിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

അമിത് ഷാ നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങള്‍ സംസാരിച്ചത്. ഝര്‍ണാദാസ് അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വര്‍ഷമായിട്ടറിയാം. അന്നും അവര്‍ രാജ്യസഭയില്‍ ത്രിപുരയില്‍ നിന്നുള്ള ഏക എം പിയാണ്. ത്രിപുരയില്‍ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളില്‍ അവരുടെ വീടാക്രമിച്ച തീവ്രവാദികള്‍ കണ്‍മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവന്‍ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവര്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. അവരെയാണ് ഒരു നിവേദനം നല്‍കാന്‍ ചെന്നപ്പോള്‍ അമിത് ഷാ ബി.ജെ.പി.യില്‍ ചേരാന്‍ ക്ഷണിച്ചത്.' ഞാന്‍ കാണാന്‍ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയേയാണ് ബി.ജെ.പി. അദ്ധ്യക്ഷനെയല്ല ' എന്ന് മുഖമടച്ച മറുപടി കൊടുത്ത ഝ ര്‍ ണ ഇത്രയും കൂടി കൂറുമാറാന്‍ പറഞ്ഞ അമിത് ഷാ യോട് പറഞ്ഞിട്ടാണ് വന്നത്. ' ഒരു മാര്‍ക്‌സിസ്റ്റ് ഒറ്റക്കാണെങ്കിലും നിങ്ങളുടെ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതും '. ഇതിനാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധത എന്നു പറയുക. നിലപാട് എന്നും. അതില്ലാത്തതുകൊണ്ടാണ് കര്‍ണാടകയിലേയും ഗോവയിലേയുമൊക്കെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ അമിത് ഷാ ഒരു വിരല്‍ ഞൊടിച്ചപ്പോള്‍ പിന്നാലെ പോയത്. അത് തിരിച്ചറിയുന്നതിനാലാണ് രാഹുല്‍ രാജിവെച്ച് പോയതും.

പ്രത്യയശാസത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാര്‍ഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝര്‍ണക്ക് അഭിവാദ്യങ്ങള്‍.
ലാല്‍സലാം ഝര്‍ണാദാസ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com