കെവിന്റെ കൊലപാതകം: ദുരഭിമാനക്കൊലയല്ല; തെളിവില്ല; പ്രതിഭാഗം കോടതിയില്‍

കെവിന്‍ കൊലക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കുന്നതിനു തെളിവില്ലെന്നു പ്രതിഭാഗം
കെവിന്റെ കൊലപാതകം: ദുരഭിമാനക്കൊലയല്ല; തെളിവില്ല; പ്രതിഭാഗം കോടതിയില്‍

കോട്ടയം: കെവിന്‍ കൊലക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കുന്നതിനു തെളിവില്ലെന്നു പ്രതിഭാഗം. ഇന്നലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രതിഭാഗം വാദം ആരംഭിച്ചു.  താഴ്ന്ന ജാതിക്കാരനായ കെവിന്‍ നീനുവിനെ വിവാഹം കഴിച്ചതിനു ചാക്കോയുടെ കുടുംബത്തിനു ദുരഭിമാനമുണ്ടായെന്ന പ്രോസിക്യൂഷന്‍ വാദത്തിനു തെളിവില്ല. 

നീനുവും കെവിനും തമ്മിലുള്ള ബന്ധം അറിഞ്ഞു നീനുവിന്റെ ചാക്കോ കെവിന്റെ പിതാവ് ജോസഫുമായി സംസാരിച്ചു. സംഭാഷണത്തില്‍ ഇരുകുടുംബങ്ങളും തമ്മിലുള്ള ജാതി അന്തരം പറഞ്ഞതായി ജോസഫ് മൊഴി നല്‍കിയിട്ടില്ല. നീനുവിനെ വിട്ടുകിട്ടാനായി കെവിനെയും അനീഷിനെയും തട്ടിയെടുത്തു വിലപേശല്‍ നടത്തിയിട്ടില്ല. നീനുവിന്റെ സഹോദരന്‍ സാനുവും ഗാന്ധിനഗര്‍ മുന്‍ എഎസ്‌ഐ ടി.എം. ബിജുവും നടത്തിയ ഫോണ്‍ സംഭാഷണത്തിനു വില പേശല്‍ സ്വഭാവം ഇല്ല. അനീഷിനെ പ്രതികളാണു കോട്ടയത്തു തിരിച്ചെത്തിച്ചത്. തിരിച്ചു കൊണ്ടുവന്ന ഇരകളെ ഉപയോഗിച്ചു വിലപേശല്‍ നടത്തിയെന്ന പ്രോസിക്യൂഷന്‍ വാദം യുക്തിയില്ലാത്തതാണ്. സംഭവദിവസം അനീഷ് പൊലീസിനു നല്‍കിയ മൊഴിയില്‍ പ്രതികളെക്കുറിച്ചു പറയുന്നില്ല. പിന്നീടു നല്‍കിയ മൊഴിയിലാണ് അനീഷ് പ്രതികളുടെ കാര്യം പറയുന്നത്. 

7 പ്രതികളെ മുഖ്യസാക്ഷി അനീഷിനു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കൃത്യം നടന്ന സ്ഥലം പൊലീസിനു കാണിച്ചുകൊടുത്തോ എന്ന ചോദ്യത്തിന് ഓര്‍മയില്ലെന്നാണ് അനീഷ് മറുപടി നല്‍കിയത്. 

പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടപടിക്രമങ്ങള്‍ പാലിച്ചല്ല നടത്തിയതെന്നും പ്രതിഭാഗം ആരോപിച്ചു. 26–ാം സാക്ഷി ലിജോയുടെ മൊഴി തെളിവായി എടുക്കരുതെന്നു പ്രതിഭാഗം ആവശ്യപ്പെട്ടു.പ്രതികളുടെ പദ്ധതിയെക്കുറിച്ചു ലിജോയ്ക്ക് അറിവുണ്ടായിരുന്നു. കെവിന്റെ പടം സാനുവിന് അയച്ചുകൊടുത്തതു ലിജോയാണ്. ഈ സാഹചര്യത്തില്‍ ലിജോയുടെ മൊഴി സ്വീകരിക്കരുതെന്നും പ്രതിഭാഗം വാദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com