ചവറുകൂനയില്‍ ഒളിപ്പിച്ച നിലയില്‍ ; അഖിലിനെ കുത്തിയ കത്തി കണ്ടെത്തി

യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കൊണ്ടുവന്ന് നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെടുത്തത്
ചവറുകൂനയില്‍ ഒളിപ്പിച്ച നിലയില്‍ ; അഖിലിനെ കുത്തിയ കത്തി കണ്ടെത്തി

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കൊണ്ടുവന്ന് നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെടുത്തത്. ചവറുകൂനയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്താണ് കത്തി ചവറുകൂനയില്‍ നിന്നും പുറത്തെടുത്തത്. 

രാവിലെയാണ് ഇരുവരെയും യൂണിവേഴ്‌സിറ്റി കോളേജില്‍ തെളിവെടുപ്പിനെത്തിച്ചത്. കത്തി കണ്ടെടുത്തതിന് പിന്നാലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇരുപ്രതികളെയും കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ആക്രമണത്തിന്റെ മൂന്നാം ദിവസമാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിലാകുന്നത്. 
കേസിലെ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പൊലീസ് പിടികൂടിയത്. ബാക്കി പത്ത് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറയുന്നു. 

എസ്എഫ്‌ഐ അംഗങ്ങളുടെ ധാര്‍ഷ്ട്യം ചോദ്യം ചെയ്തതിലുളള വൈരാഗ്യമാണ് അഖിലിനെ ആക്രമിക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ അഖിലിനെ തടഞ്ഞ് നിര്‍ത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയും ചെയ്തുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം, യൂണിവേഴ്‌സിറ്റി കോളേജിനും പിഎസ്‌സിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വീണ്ടും ഗവര്‍ണറെ കാണും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com