കനത്തമഴ: ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍, വ്യാപക കൃഷിനാശം 

കൊന്നതടിയിലാണ് ഉരുള്‍പൊട്ടല്‍ സംഭവിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി: കനത്തമഴ തുടരുന്ന ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍. കൊന്നതടിയിലാണ് ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. വ്യാപകമായ കൃഷിനാശം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റു നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല.

ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന ഇടുക്കിയില്‍ കനത്തമഴ തുടരുകയാണ്.  മഴ കനത്തതോടെ കല്ലാര്‍കുട്ടി, പാംബ്ല, ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍ തുറന്നു.കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി. 10 ക്യുമെക്‌സ് വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത്. പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 15 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ഭൂതത്താന്‍കെട്ട് ഡാമിന്റെ ഒമ്പതുഷട്ടറുകള്‍ തുറന്നു. 

നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവര്‍ എന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കില്‍ അതാതു വില്ലേജുകളില്‍ ക്യാംപുകള്‍ തുടങ്ങാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തേണ്ടതാണെന്നു ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

23 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും കാറ്റും ശക്തമാവുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com