'കാവിക്കോട്ട തകര്‍ത്തു'; കൊടിമരം നാട്ടി രണ്ടുവര്‍ഷമാകുമ്പോള്‍ എംജി കോളജിലെ എസ്എഫ്‌ഐ യൂണിറ്റിന്റെ അവസ്ഥ എന്താണ്?

കാലങ്ങളായി 'കാവിക്കോട്ടയായി'രുന്ന എംജി കോളജില്‍ തങ്ങള്‍ക്ക് ശക്തമായ വേരോട്ടമുണ്ടായെന്നും എബിവിപിയുടെ സര്‍വ്വാധിപത്യം അവസാനിച്ചുവെന്നും പറയുന്നു എസ്എഫ്‌ഐ. 
'കാവിക്കോട്ട തകര്‍ത്തു'; കൊടിമരം നാട്ടി രണ്ടുവര്‍ഷമാകുമ്പോള്‍ എംജി കോളജിലെ എസ്എഫ്‌ഐ യൂണിറ്റിന്റെ അവസ്ഥ എന്താണ്?

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ സംഘര്‍ഷത്തിന് പിന്നാലെ കേരളത്തിലെ കലാലയ രാഷ്ട്രീയം വീണ്ടും ചര്‍ച്ചാ വിഷയമാകുകയാണ്. വിദ്യാര്‍ത്ഥി സംഘടനകളുടെ 'കോട്ടകളായി' മാറിയ പല കലാലയങ്ങളിലും ഏകസംഘടനാവാദം ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഈ അവസരത്തില്‍ തിരുവനന്തപുരം എംജി കോളജിലെ എബിവിപി കോട്ട തകര്‍ത്തെറിഞ്ഞു എന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്എഫ്‌ഐ. 2017 ജൂലൈയില്‍ യൂണിറ്റ് രൂപീകരിച്ച് രണ്ടുവര്‍ഷം തികയുമ്പോള്‍, കാലങ്ങളായി 'കാവിക്കോട്ടയായി'രുന്ന എംജി കോളജില്‍ തങ്ങള്‍ക്ക് ശക്തമായ വേരോട്ടമുണ്ടായെന്നും എബിവിപിയുടെ സര്‍വ്വാധിപത്യം അവസാനിച്ചുവെന്നും പറയുന്നു എസ്എഫ്‌ഐ. 

2017ലാണ് എസ്എഫ്‌ഐ കോളജില്‍ യൂണിറ്റ് രൂപീകരിക്കുന്നത്. അന്ന് ഏഴോ എട്ടോപേര്‍ മാത്രമുണ്ടായിരുന്ന സംഘടനയില്‍ ഇന്ന് 440ഓളം വിദ്യാര്‍ത്ഥികള്‍ അംഗമാണെന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അഭിജിത്ത് സമകാലിക മലയാളത്തോടു പറഞ്ഞു. 

ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് തങ്ങള്‍ ക്യാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചതെന്നും വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍മൂലം നിര്‍ത്തിവച്ച കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പുനരാരംഭിച്ചാല്‍ കാവിക്കോട്ട തകര്‍ത്ത് വെള്ളക്കൊടി പാറിക്കുമെന്നും പറയുന്നു അഭിജിത്ത്. 

90കളില്‍ എബിവിപിയുടെ സമ്പൂര്‍ണ ആധിപത്യത്തിലേക്ക് വഴിമാറിയ എംജി കോളജില്‍ 2017ല്‍ നിലവില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റായ വര്‍ഷയുടെ നേതൃത്വത്തിലാണ് എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിക്കുന്നത്. അന്ന് സംഘപരിവാറിന്റെ ഭീഷണിയും അക്രമങ്ങളും ഒരുപാടുണ്ടായെന്നും കോളജിനുള്ളിലെ വിദ്യാര്‍ത്ഥികളുടെ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് എസ്എഫ്‌ഐയ്ക്ക് യൂണിറ്റ് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചതെന്നും വര്‍ഷ പറഞ്ഞു. 

'യൂണിറ്റ് രൂപീകരിച്ച സമയത്ത് കൂടെയുണ്ടായിരുന്ന സഖാക്കള്‍ക്ക് നിറയെ മര്‍ദനമേറ്റു. എന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചില്ല. മാനസ്സികമായി ഒരുപാട് ഭീഷണയേല്‍ക്കേണ്ടിവന്നു. വീട് തെരഞ്ഞുവന്ന് അക്രമിക്കാന്‍ ശ്രമിച്ച സംഭവമൊക്കെ ഉണ്ടായിട്ടുണ്ട്.' 

'കൊടിമരം നാട്ടിയ ദിവസം വലിയ ആക്രമണങ്ങളാണുണ്ടായത്. പിഴുതുകളഞ്ഞ കൊടിമരത്തിന് പകരം ഞങ്ങള്‍ പത്തുകൊടിമരം നാട്ടി. പിന്നീട് പൊലീസാണ് ഇരുസംഘടനകളുടെയും കൊടിമരങ്ങള്‍ എടുത്തുകളഞ്ഞത്. എന്നാല്‍ സംഘപരിവാര്‍ പ്രചാരണം നടത്തിയത് എബിവിപി എസ്എഫ്‌ഐയുടെ കൊടിമരങ്ങള്‍ എടുത്തുകളഞ്ഞു എന്നാണ്. 

യൂണിറ്റ് രൂപീകരിച്ചതിന് ശേഷം എസ്എഫ്‌ഐ നടത്തിയ എല്ലാ ക്യാമ്പയിനുകളിലും വലിയ വിദ്യാര്‍ത്ഥി പങ്കാളിത്തമാണുണ്ടായത്. ക്യാമ്പസില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും ക്യാമ്പയിന്‍ നടത്താന്‍ അനുവാദമില്ല. പുറത്തുവച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അഭിമന്യു അനുസ്മരണത്തിലും അവകാശപത്രിക സമര്‍പ്പണത്തിലും എംജി കോളജില്‍ നിന്ന് വലിയ വിദ്യാര്‍ത്ഥി പങ്കാളിത്തമുണ്ടായി'- വര്‍ഷ പറയുന്നു. 

'ഒരു മുസ്‌ലിം കുട്ടി മഫ്തയിട്ട് പഠിക്കാന്‍ വന്നപ്പോള്‍ അന്ന് ആര്‍എസ്എസിന്റെ പ്രധാന നേതാവിയിരുന്ന വ്യക്തി ഭീഷണിപ്പെടുത്തി. ഇത് ഹിന്ദുക്കളുടെ കോളജാണ്, എംജി കോളജാണ്. ഈ വസ്ത്രങ്ങള്‍ അണിഞ്ഞ് ഇവിടെവന്നാല്‍ കയ്യുകാലും തല്ലിയൊടിക്കുമെന്ന് പറഞ്ഞു. അന്ന് അതിനെതിരെ ക്യാമ്പസിനകത്ത് വലിയ വിദ്യാര്‍ത്ഥി പ്രതിഷേധമുണ്ടായി. അത് ചെന്നവസാനിച്ചത് എസ്എഫ്‌ഐ യൂണിറ്റ് രൂപീകരണത്തിലാണ്'.- ഇപ്പോഴത്തെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അഭിജിത്ത് പറയുന്നു. 

യൂണിറ്റ് രൂപീകരിച്ച ശേഷം എസ്എഫ്‌ഐ നടത്തിയ പ്രകടനം
 

'ഈ വര്‍ഷം എസ്എഫ്‌ഐ 436 മെമ്പര്‍ഷിപ്പാണ് തികച്ചത്. എസ്എഫ്‌ഐ യൂണിറ്റിന്റെ പരിപാടി എന്ന നിലയില്‍ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പൊതിച്ചോറ് വിതരണം നടത്തുന്നുണ്ട്. അവകാശപത്രിക സമര്‍പ്പണത്തിന് കോളജില്‍ നിന്ന് 77 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു. കാലം മാറുന്നതിന് അനുസരിച്ച് എംജി കോളജും മാറി. മുമ്പ് ക്യാമ്പസിനകത്ത് നടന്നിരന്ന ആര്‍എസ്എസ് ശാഖകളൊന്നും നടക്കുന്നില്ല. കാവിക്കോട്ടയുടെ ഒരു അടയാളംപോലുമില്ല. 2011ല്‍ ഒരു മുസ്‌ലിം വിദ്യാര്‍ത്ഥി അഡ്മിഷന്‍ എടുക്കാന്‍ വന്നപ്പോള്‍ അടിച്ചോടിച്ച ചരിത്രം എംജി കോളജിനുണ്ടായിരുന്നു. അത് ഞങ്ങള്‍ അറിയുന്നത് എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിച്ച വേളയില്‍ ആ കുട്ടിയുടെ ഉമ്മ വന്നുപറയുമ്പോഴാണ്'.

'മുമ്പ് ബോംബ് എറിയലും അധ്യാപകരെ ഭീഷണിപ്പെടുത്തലുമൊക്കെ നടന്ന കോളജാണ്. ഇപ്പോള്‍ ഒന്നുമില്ല. ഒരുവര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് എബിവിപി ഒരു പരിപാടി നടത്തിയത്. വെറും 22പേരാണ് പരിപാടിക്ക് പങ്കെടുത്തത്. ഇതില്‍ നിന്ന് മനസ്സിലാക്കാമല്ലോ എത്രത്തോളം അവര്‍ തളര്‍ന്നെന്നും ഞങ്ങള്‍ വളര്‍ന്നെന്നും. എബിവിപിയുടെ കമ്മിറ്റി കൂടാനുള്ള സംവിധാനം പോലും ആ സംഘടനയ്ക്കില്ല. നിലവില്‍ 21 അംഗ കമ്മിറ്റിയാണ് എബിവിപിക്കുള്ളത്. അതില്‍ത്തന്നെ അവരുടെ ഒരു പരിപാടിക്ക് വന്നത് 22പേരാണ്. അവരുടെ കമ്മിറ്റിയില്‍ സെക്രട്ടറി മാത്രമാണുള്ളത്. പ്രസിഡന്റില്ല. ഇതാണ് എബിവിപിയുടെ അവസ്ഥ. 

ഞങ്ങള്‍ക്കെതിരെ വ്യാപക ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. എന്നെയുള്‍പ്പെടെ തട്ടിക്കൊണ്ടുപോയി ആര്‍എസ്എസ് ശാഖയില്‍വെച്ച് മര്‍ദിച്ചിട്ടുണ്ട്. ഞങ്ങള്‍ പൊരുതി നേടിയതാണ്. എബിവിപിയാണ് തെരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തിയാല്‍ തോല്‍ക്കുമെന്ന് അവര്‍ക്കറിയാം. എംജി കോളജിനെ ഒരിക്കലും എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി കോളജാക്കില്ല. മറ്റു സംഘടനകള്‍ക്കും ഇവിടെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എല്ലാ സംഘടകളും ഇവിടെ പ്രവര്‍ത്തിക്കാന്‍ വരണമെന്നാണ് ഞങ്ങളുടെ ഗ്രഹം'.- അഭിജിത്ത് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com