പണമല്ല, സമയമാണ് പ്രധാനം; ട്രെയിനുകളില്‍ നിന്ന് ബസുകളിലേക്ക് കൂട്ടത്തോടെ മാറ്റം, തിരുവനന്തപുരം ഡിവിഷനില്‍ യാത്രക്കാര്‍ കുറയുന്നതായി റെയില്‍വെ

തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ സെക്കന്‍ഡ് ക്ലാസ് യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതായി റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗത്തിന്റെ സര്‍വേ റിപ്പോര്‍ട്ട്
പണമല്ല, സമയമാണ് പ്രധാനം; ട്രെയിനുകളില്‍ നിന്ന് ബസുകളിലേക്ക് കൂട്ടത്തോടെ മാറ്റം, തിരുവനന്തപുരം ഡിവിഷനില്‍ യാത്രക്കാര്‍ കുറയുന്നതായി റെയില്‍വെ

കൊച്ചി: തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ സെക്കന്‍ഡ് ക്ലാസ് യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതായി റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗത്തിന്റെ സര്‍വേ റിപ്പോര്‍ട്ട്. യാത്രക്കാരുടെ എണ്ണത്തില്‍ 12 ശതമാനമാണ് കുറവ്. 5,000 യാത്രക്കാരില്‍ നിന്നാണു വിവരങ്ങള്‍ ശേഖരിച്ചത്. ട്രെയിനുകള്‍ കൃത്യസമയം പാലിക്കാത്തതും സമയ ക്രമത്തിലെ പ്രശ്‌നങ്ങളുമാണു പ്രധാന കാരണങ്ങളെന്നാണു കണ്ടെത്തല്‍. ബസുകളിലേക്കാണ് യാത്രക്കാര്‍ മാറിയത്.

ബയോ മെട്രിക് പഞ്ചിങ് സംവിധാനം മിക്ക ഓഫിസുകളിലും വന്നതോടെ വൈകി ഓഫിസിലെത്താന്‍ കഴിയാത്തതിനാല്‍ ട്രെയിന്‍ ഉപേക്ഷിച്ചവരും ധാരാളം. കെഎസ്ആര്‍ടിസി വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് അരമണിക്കൂര്‍ ഇടവേളയില്‍ എസി ബസുകളോടിച്ചതും റെയില്‍വേയ്ക്കു ക്ഷീണമായി.

കൃത്യസമയം പാലിക്കുക, സമയക്രമം ശാസ്ത്രീയമായി പുനഃക്രമീകരിക്കുക എന്നീ നിര്‍ദേശങ്ങളാണ് യാത്രക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. ട്രെയിന്‍ ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും പണമല്ല, സമയമാണു പ്രധാനമെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. രാവിലെയും വൈകിട്ടും തിരക്കേറിയ പ്രധാന എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകളിലാണ് വിവിധ കോളജുകളിലെ എന്‍എസ്എസ് യൂണിറ്റുകളുടെ സഹായത്തോടെ സര്‍വേ നടത്തിയത്.

തിരുവനന്തപുരത്തു നിന്നു വൈകിട്ട് പുറപ്പെടുന്ന ട്രെയിനുകളൊന്നും കൃത്യസമയം പാലിക്കുന്നില്ല. ആദ്യം പോകേണ്ട വണ്ടി അവസാനവും അവസാനം പോകേണ്ടവ ആദ്യവും പ്ലാറ്റ്‌ഫോമില്‍ പിടിക്കുന്ന സ്ഥിതിയാണു പലപ്പോഴും. വൈകി വരുന്ന ട്രെയിനുകള്‍ കടത്തിവിടാനായി സമയത്ത് ഓടുന്ന ട്രെയിനുകള്‍ കൂടി വൈകിക്കുന്നു. കൂടുതല്‍ സ്‌റ്റോപ്പുകളുളള ട്രെയിനുകള്‍ക്കു പിന്നില്‍ സ്‌റ്റോപ്പ് കുറഞ്ഞ ട്രെയിനുകളിട്ട് ഇഴയിക്കുന്ന ക്രൂരതയുമുണ്ട്.

കൊമേഴ്‌സ്യല്‍ വിഭാഗത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വൈകാതെ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്കു കൈമാറും. പാലരുവി എക്‌സ്പ്രസില്‍ കോച്ചുകളുടെ എണ്ണം കൂട്ടുക, എറണാകുളം- ബെംഗളൂരു ഇന്റര്‍ സിറ്റി കോട്ടയത്തേക്കു നീട്ടുക, വേണാട് രാവിലെ 10നു മുന്‍പ് എറണാകുളത്ത് എത്തിക്കുക, വൈകിട്ട് ഏഴു മണിയോടെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കു പുതിയ ട്രെയിന്‍ അനുവദിക്കുക, വഞ്ചിനാട് എക്‌സ്പ്രസിന്റെ യാത്രാസമയം കുറയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളും യാത്രക്കാര്‍ നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com