​തെറിവിളിയിൽ തുടക്കം ; ‘നമുക്ക് അടിച്ചുതന്നെ തീർക്കാ’മെന്ന് ഫോൺ കട്ടാക്കി നസീം, എസ്എഫ്ഐ പ്രവർത്തകന്റെ വെളിപ്പെടുത്തൽ

ക്ലാസിൽ പോയിരിക്കെടാ’ എന്നു പറഞ്ഞായിരുന്നു തെറിവിളി. തിരിച്ചു പ്രതികരിച്ചതോടെ അടിയായി
​തെറിവിളിയിൽ തുടക്കം ; ‘നമുക്ക് അടിച്ചുതന്നെ തീർക്കാ’മെന്ന് ഫോൺ കട്ടാക്കി നസീം, എസ്എഫ്ഐ പ്രവർത്തകന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിൽ അഖിൽ എന്ന വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കേസിലെ രണ്ടാംപ്രതിയുമായ എ എൻ നസീമിനെതിരെ പുതിയ വെളിപ്പെടുത്തൽ. സംഘർഷത്തിനു തൊട്ടുമുൻപ് നസീം ഫോണിൽ ‘ചിലരോടു’ സംസാരിച്ചിരുന്നുവെന്നു സംഭവസ്ഥലത്തുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകനും മൂന്നാംവർഷ ചരിത്രവിദ്യാർഥിയുമായ സി ആദർശ് വെളിപ്പെടുത്തി. തുടർന്ന് ഫോൺ കട്ടാക്കിയ നസീം നമുക്ക് അടിച്ചു തന്നെ തീർക്കാമെന്ന് പറഞ്ഞതായും ആദർശ് പറയുന്നു.

യൂണിറ്റ് കമ്മിറ്റി ഓഫിസിനു മുന്നിലെ മരച്ചുവട്ടിലിരുന്ന മൂന്നാംവർഷ അറബിക് വിദ്യാർഥിയും എസ്എഫ്ഐക്കാരനുമായ ഉമൈറിനെയും സുഹൃത്തുക്കളെയും യൂണിറ്റ് കമ്മിറ്റിയിലെ ചില അംഗങ്ങൾ രാവിലെ ചീത്ത വിളിച്ചതോടെയാണു സംഭവങ്ങളുടെ തുടക്കം.  ‘ക്ലാസിൽ പോയിരിക്കെടാ’ എന്നു പറഞ്ഞായിരുന്നു തെറിവിളി. തിരിച്ചു പ്രതികരിച്ചതോടെ അടിയായി. ഉമൈറിനെ നേരത്തെയും അടിച്ചിട്ടുണ്ട്. രണ്ടാമതും അടി കിട്ടിയതോടെ ഇങ്ങനെ വിട്ടാൽ പറ്റില്ലെന്നു തോന്നി. ഞങ്ങൾ പത്തിരുപതുപേർ നേരെ യൂണിറ്റ് റൂമിലേക്കു പോയി. കോളജ് കന്റീനിൽ തലേദിവസം നടന്ന സംഭവങ്ങളുമായും ഞങ്ങളുടെ പ്രതിഷേധത്തിനു ബന്ധമുണ്ടായിരുന്നു.

കാന്റീനിൽ ആൺകുട്ടികളും പെൺകുട്ടികളുമെല്ലാം ചേർന്നു പാട്ടുപാടുന്നതു പതിവാണ്. എന്നാൽ അന്നു പാട്ടുപാടിയപ്പോൾ സാറ എന്ന എസ്എഫ്ഐ യൂണിറ്റ് അംഗമായ പെൺകുട്ടി ‘നിർത്തെടാ’ എന്നു പറഞ്ഞു ചൂടായി. ആരും ഗൗനിക്കാഞ്ഞതോടെ യൂണിറ്റിൽ പോയി പരാതി പറഞ്ഞു. തുടർന്ന് അഖിൽ, സഞ്ജു, മോത്തി എന്നിവരെ യൂണിറ്റ് റൂമിലേക്ക് വിളിപ്പിച്ചു. നസീമും ശിവരഞ്ജിത്തും ഒഴികെ, പ്രതികളായ മിക്കവരും അവിടെയുണ്ടായിരുന്നു. വിചാരണയ്ക്ക് ശേഷം നിറകണ്ണുകളോടെയാണ് ഇവർ പുറത്തിറങ്ങിയത്. പിറ്റേന്നു രാവിലെയാണ് ഉമൈറിനെ അടിച്ചത്.  യൂണിറ്റിലെ ഉത്തരവാദപ്പെട്ടവരോടു പരാതി പറയാനാണ് യൂണിറ്റ് ഓഫിസിനു മുന്നിലെത്തിയത്.

യൂണിറ്റിലെ നേതാക്കൾ വിളിച്ചത് അനുസരിച്ച് നസീമും ശിവരഞ്ജിത്തും ബൈക്കിലെത്തി. ഞങ്ങളുടെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. നസീം നാലഞ്ചു കോളുകൾ ചെയ്തു. ഒടുവിൽ കോൾ കട്ട് ചെയ്ത് ‘എന്നാപ്പിന്നെ നമുക്ക് അടിച്ചുതന്നെ തീർക്കാമെടാ’ എന്നു പറഞ്ഞു. ഇതിനിടയിൽ വടിയും തടിയും കല്ലുമെല്ലാം അവർ എടുത്തിട്ടുണ്ടായിരുന്നു. കണ്ണടച്ചുതുറക്കും മുൻപ് സംസ്കൃത കോളജിൽ നിന്നും പുറത്തുനിന്നുമടക്കം ആൾക്കാർ പറന്നെത്തി. ഞങ്ങൾക്കെല്ലാം അടികിട്ടി.

നസീമിന്റെയും ശിവരഞ്ജിത്തിന്റെയും കയ്യിൽ കത്തിയുണ്ടായിരുന്നു. ഇതിനിടയിൽ ശിവരഞ്ജിത് ‘കുത്തുമെടാ’എന്നു പറഞ്ഞ് കത്തിനീട്ടി. പെട്ടെന്നു പിറകിൽനിന്ന് അഖിലിന്റെ ശബ്ദം കേട്ടു. തിരിഞ്ഞുനോക്കുമ്പോൾ അഖിലിന്റെ ഷർട്ടിൽ മൊത്തം ചോര. വീഴാൻ പോയപ്പോൾ ഞങ്ങളെല്ലാം തോളിലെടുത്തു പുറത്തു പൊലീസ് വാനിലെത്തിച്ചു. ഒന്നാംപ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത് അഖിലിനെ കുത്തിവീഴ്ത്തും മുൻപ് തന്റെ നേർക്കും കത്തിവീശിയതായി ആദർശ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com