9 ദിവസം,24 ഇടപാടുകള്‍; എടിഎം, ഓണ്‍ലൈന്‍ തട്ടിപ്പ്: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കവര്‍ന്നത് നാല് ലക്ഷം രൂപ

കടപ്പാക്കട സ്വദേശിയായ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് എടിഎം, ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 4,80,000 രൂപ കവര്‍ന്നു
9 ദിവസം,24 ഇടപാടുകള്‍; എടിഎം, ഓണ്‍ലൈന്‍ തട്ടിപ്പ്: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കവര്‍ന്നത് നാല് ലക്ഷം രൂപ

കൊല്ലം: കടപ്പാക്കട സ്വദേശിയായ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് എടിഎം, ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 4,80,000 രൂപ കവര്‍ന്നു. കടപ്പാക്കട ഭാവന നഗര്‍ 76ല്‍ ലീന സത്താറിന്റെ കൊല്ലം എസ്ബിഐ മെയിന്‍ ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. ചികിത്സാ ആവശ്യത്തിനായി ഡല്‍ഹിയിലായിരുന്ന ലീന മേയ് 27ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്. 29ന് കൊല്ലത്തെ ബാങ്ക് ശാഖയില്‍ നേരിട്ടെത്തി പരാതി നല്‍കി. പണം നഷ്ടപ്പെട്ട് ഏറെ ദിവസങ്ങള്‍ കഴിഞ്ഞ് പരാതി നല്‍കിയതിനാല്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന നിലപാടിലാണ് ബാങ്ക് അധികൃതര്‍.

രാജസ്ഥാന്‍, ബീഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ എടിഎമ്മുകളില്‍ നിന്ന് വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പകുതിയോളം തുക പിന്‍വലിച്ചത്. ഓരോ തവണ പണം എടുത്തപ്പോഴും സന്ദേശം ലീനയുടെ മൊബൈല്‍ ഫോണില്‍ ലഭിച്ചിരുന്നു. പക്ഷേ, ചികിത്സാ ആവശ്യങ്ങള്‍ക്കായി ആശുപത്രിയിലായിരുന്നതിനാല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇതിനാല്‍ പണം നഷ്ടമാകുന്നതിന്റെ വിവരങ്ങള്‍ അറിഞ്ഞില്ല.

ജൂണ്‍ 7ന് കൊല്ലം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് ബോദ്ധ്യപ്പെട്ടതോടെ അന്വേഷണം സംസ്ഥാന ഹൈടെക് സെല്ലിന് കൈമാറി. നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാന്‍ ബാങ്കിംഗ് ഓബുഡ്‌സ്മാനെ സമീപിച്ചിരിക്കുകയാണ് പരാതിക്കാരി.

മേയ് 14 മുതല്‍ 22 വരെ 24 ഇടപാടുകളിലൂടെയാണ് പണം കവര്‍ന്നത്. 11 തവണ എടിഎമ്മുകളിലൂടെ പണം എടുക്കുകയും 13 തവണ ഓണ്‍ലൈന്‍ വഴി മൂന്ന് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയുമായിരുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള വിവിധ എടിഎമ്മുകളില്‍ നിന്ന് 4000, 8000, 20000, 40000 രൂപ ക്രമത്തിലാണ് പണം പിന്‍വലിച്ചത്. 

പണം പിന്‍വലിച്ച എടിഎം കൗണ്ടറുകളിലെ സുരക്ഷാ കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്. ലീനയുടെ അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്ത അക്കൗണ്ടുകളുടെ ഉടമകളുടെ വിവരങ്ങളും ശേഖരിച്ചു. തട്ടിപ്പിനായി ഉപയോഗിച്ച അക്കൗണ്ടുകള്‍ തുടങ്ങാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഉപയോഗിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഉത്തര്‍പ്രദേശ്, ബീഹാര്‍ പൊലീസ് സേനകളുടെ സഹായവും തേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com